Kerala
രാഷ്ട്രീയകക്ഷി മതങ്ങളില്‍ കടന്നുകൂടി മുട്ടയിട്ട് രാഷ്ട്രീയം വിരിയിക്കരുത്; ലീഗ് നിലപാടിനെതിരെ കെ എന്‍ എ ഖാദര്‍
മതവും രാഷ്ട്രീയവും ഒന്നാണെന്നു വരുത്തിത്തീര്‍ക്കാന്‍ അടുത്തകാലത്ത് മുസ്്‌ലിം ലീഗ് നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നീക്കങ്ങള്‍ക്കെതിരെ മുസ്ലിം ലീഗില്‍ നിന്നു തന്നെ എതിര്‍ ശബ്ദം.
കോഴിക്കോട് | മതവും രാഷ്ട്രീയവും ഒന്നാണെന്നു വരുത്തിത്തീര്‍ക്കാന്‍ അടുത്തകാലത്ത് മുസ്്‌ലിം ലീഗ് നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നീക്കങ്ങള്‍ക്കെതിരെ മുസ്ലിം ലീഗില്‍ നിന്നു തന്നെ എതിര്‍ ശബ്ദം. മതവും രാഷ്ട്രീയവും ഒന്നാണെന്നു പറയുന്നവര്‍ ബി ജെ പി രാജ്യത്തു സ്വീകരിക്കുന്ന രാഷ്ട്രീയത്തെ അതേപടി സ്വീകരിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ ഇ കെ വിഭാഗം മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം ലീഗ് കോഴിക്കോട്ടു കടപ്പുറത്തു നടത്തിയ വഖഫ് റാലിയില്‍ ലീഗ് മതേതര പ്രതിഛായ കൈയ്യൊഴിയുന്നതിന്റെ വലിയ പ്രഖ്യാപനമുണ്ടായിരുന്നു. ലീഗില്‍ നിന്ന് അകലുന്നവര്‍ ദീനില്‍ നിന്നാണ് അകലുന്നതെന്നും മതം തന്നെയാണ് ലീഗിന്റെ പ്രശ്‌നമെന്നും പ്രഖ്യാപനമുണ്ടായി. വഖഫ് നിയമനം പി എസ് സി ക്കു വിടുന്ന കാര്യത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് സമരം നടത്താനും ലീഗ് ആഹ്വാനം ചെയ്തു. ഈ ആഹ്വാനം ഇ കെ വിഭാഗം തള്ളിയതോടെ ഇ കെ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ വ്യാപകമായ അധിക്ഷേപങ്ങളും ലീഗ് കേന്ദ്രങ്ങള്‍ ഉയര്‍ത്തി. ഈ പശ്ചാത്തലത്തിലാണ് ഖാദറിന്റെ ലേഖനം ശ്രദ്ധേയമാകുന്നത്.
രാഷ്ട്രീയകക്ഷികള്‍ മതങ്ങളില്‍ കടന്നുകൂടി മുട്ടയിട്ട് രാഷ്ട്രീയം വിരിയിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. മതങ്ങള്‍ തമ്മിലുള്ള കലഹങ്ങളോ മതത്തിന്റകത്തു നടക്കുന്ന സംഘര്‍ഷങ്ങളോ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളാക്കി മാറ്റരുത്. പാര്‍ട്ടി വേറെ, മതം വേറെ. രണ്ടിനും വെവ്വേറെ അംഗത്വമാണ്. രാഷ്ട്രീയമുള്ളവര്‍ക്ക് മതമോ മതമുള്ളവര്‍ക്ക് രാഷ്ട്രീയമോ പാടില്ലായ്കയില്ല. അവര്‍ തമ്മില്‍ തമ്മില്‍ കൂട്ടിക്കലര്‍ത്തി രണ്ടു കൂട്ടരും സമൂഹത്തില്‍ നാശം വിതയ്ക്കരുത്. അതിര്‍വരമ്പുകള്‍ തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും വേണം.
മതത്തില്‍ രാഷ്ട്രീയമോ രാഷ്ട്രീയത്തില്‍ മതമോ കലര്‍ത്തരുത്. രണ്ടും തീര്‍ത്തും വ്യത്യസ്തമായ അതാതിന്റെ മേഖലകളില്‍ വിരാജിക്കണം.
മതങ്ങള്‍ രാഷ്ട്രീയകാര്യങ്ങളില്‍ നിഷ്പക്ഷത പാലിക്കലാണ് അഭികാമ്യം.
എല്ലാ രാഷ്ട്രീയകക്ഷികളും സര്‍വമതസ്ഥരും പാലിക്കേണ്ട മര്യാദയാണത്. ആര്‍ക്കും വോട്ട് ചെയ്യുവാനും ജയിപ്പിക്കുവാനും നല്‍കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യത്തെ ഇത് ഹനിക്കുകയില്ല. മതം ആത്മീയമായ കാര്യമാണ്. രാഷ്ട്രീയം ഭൗതിക പ്രധാനമായ വിഷയമാണ്. മതവിശ്വാസികള്‍ അവരുടെ അളവുകോലുകള്‍ കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാര്‍ അവരുടെ അളവുകോലുകള്‍ കൊണ്ട് മതവിശ്വാസികളെയും പരസ്പരം അളക്കരുതെന്നും അദ്ദേഹം പറയുന്നു.
‘സമസ്ത ലീഗിന്റെതാണ് ലീഗ് സമസ്തയുടേതാണ് ‘ തുടങ്ങി ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂലികളായ പണ്ഡിതരുടെ അഭിപ്രായ പ്രകടനങ്ങളേയും തള്ളുന്നതാണ് കെ എന്‍ എ ഖാദറിന്റെ അഭിപ്രായം.