Editorial
യുക്തിസഹമല്ല രാഷ്ട്രീയ വാഗ്ദാനങ്ങള്‍
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാകാത്ത വിധമുള്ള സൗജന്യ വാഗ്ദാനങ്ങള്‍ ആത്യന്തികമായി നാടിനും ജനങ്ങള്‍ക്കും ദോഷകരമാണ്. പൗരന്മാരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുന്ന പദ്ധതികളാവിഷ്‌കരിച്ചു നടപ്പാക്കുകയാണ് ദീര്‍ഘവീക്ഷണവും ഉത്തരവാദിത്വ ബോധവുമുള്ള സര്‍ക്കാറുകള്‍ ചെയ്യേണ്ടത്.

ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും അനുവര്‍ത്തിച്ചു വരുന്ന സൗജന്യ പ്രഖ്യാപനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. രാജ്യത്തെ ദാരിദ്ര്യം മാറ്റാന്‍ എല്ലാം സൗജന്യമായി കൊടുക്കുകയല്ല, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയാണ് വേണ്ടതെന്നാണ് മുംബൈയില്‍ ടൈബ്കോം മുംബൈ 2025ന്റെ വേദിയില്‍ സംസാരിക്കവേ നാരായണ മൂര്‍ത്തി അഭിപ്രായപ്പെട്ടത്. സൗജന്യം നല്‍കി ദാരിദ്ര്യം പരിഹരിക്കാന്‍ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല. അങ്ങനെ വിജയിച്ച ചരിത്രവുമില്ല. ആനുകൂല്യങ്ങള്‍ നല്‍കുന്നതിനു പകരം പൗരന്മാര്‍ക്ക് എന്തെങ്കിലും ചെയ്യാനുള്ള അവസരം സൃഷ്ടിക്കുകയാണ് വേണ്ടത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗജന്യ വാഗ്ദാനങ്ങളുടെ പെരുമഴയാണ് തിരഞ്ഞെടുപ്പ് വേളയിലും തിരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബജറ്റുകളിലും പൊതുവെ കാണുന്നത്. സൗജന്യ വൈദ്യുതി, സൗജന്യ കുടിവെള്ളം, സൗജന്യ ലാപ്ടോപ്, സൗജന്യ ഓണക്കിറ്റ്, കാര്‍ഷിക വായ്പാ കുടിശ്ശിക എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ എന്നിങ്ങനെ നീളുന്നു സൗജന്യ വാഗ്ദാനങ്ങള്‍. ഇത് വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന മികച്ചൊരു തിരഞ്ഞെടുപ്പ് തന്ത്രമായി മാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഇത് നല്ല ഫലവും ഉളവാക്കാറുണ്ട്. 2021ല്‍ പിണറായി സര്‍ക്കാറിനെ രണ്ടാമതും അധികാരത്തിലേറ്റിയതില്‍ കിറ്റ് വിതരണം പോലുള്ള സൗജന്യ രാഷ്ട്രീയ സംസ്‌കാരം പങ്കുവഹിച്ചിട്ടുണ്ടെന്നത് അവിതര്‍ക്കിതമാണ്.
ഡി എം കെ ജയിച്ചാല്‍ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ കളര്‍ ടെലിവിഷന്‍ എന്ന 2006ലെ തിരഞ്ഞെടുപ്പിലെ കെ കരുണാനിധിയുടെ പ്രഖ്യാപനത്തോടെയാണ് രാജ്യത്തെ സൗജന്യ രാഷ്ട്രീയ സംസ്‌കാരത്തിന്റെ തുടക്കം. 163 സീറ്റ് നേടി പ്രസ്തുത തിരഞ്ഞെടുപ്പില്‍ ഡി എം കെ അധികാരത്തിലേറി. 2011ലെ തിരഞ്ഞെടുപ്പില്‍ ഡി എം കെയെ കവച്ചു വെക്കുന്ന സൗജന്യ വാഗ്ദാനങ്ങളുമായാണ് ജയലളിത രംഗത്തിറങ്ങിയത്. 200ലധികം സീറ്റുകള്‍ വാരിക്കൂട്ടി എ ഐ എ ഡി എം കെ ഭരണം പിടിച്ചടക്കി. ഉത്തരേന്ത്യയില്‍ ഈ രാഷ്ട്രീയ തന്ത്രം ആദ്യമായി പ്രയോഗിച്ചത് 2015ലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളാണ്. സൗജന്യ വൈദ്യുതി, സൗജന്യ കുടിവെള്ളം, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ വാഗ്ദാനങ്ങള്‍ ഡല്‍ഹി പിടിച്ചടക്കാന്‍ ആം ആദ്മിയെ സഹായിക്കുകയും ചെയ്തു. പഞ്ചാബില്‍ ആം ആദ്മിയെ അധികാരത്തിലെത്തിച്ചതിലും ഈ രാഷ്ട്രീയ തന്ത്രത്തിന് പങ്കുണ്ട്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ ‘ഗ്യാരന്റി കാര്‍ഡി’ലൂടെ കോണ്‍ഗ്രസ്സും ഈ രാഷ്ട്രീയ തന്ത്രം പയറ്റി വിജയിച്ചു.
ആം ആദ്മിയുടെയും ഡി എം കെയുടെയും കോണ്‍ഗ്രസ്സിന്റെയും സൗജന്യ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്തിരുന്ന പാര്‍ട്ടിയാണ് ബി ജെ പി. എന്നാല്‍ മധ്യപ്രദേശില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിയും ഇത് പ്രയോഗിച്ചു. സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ വിതരണം ചെയ്യുന്ന ‘ലാഡ്ലി ബെഹ്ന പദ്ധതി’ പാര്‍ട്ടിയെ അധികാരത്തിലേറുന്നതിന് സഹായിച്ച പ്രധാന ഘടകങ്ങളിലൊന്നാണ്. പുതുച്ചേരിയില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറിയത് സൗജന്യ ലാപ്ടോപും സൗജന്യ സൈക്കിളും വാഗ്ദാനം ചെയ്തായിരുന്നു.
സാധാരണക്കാരെ ഏറെ ആകര്‍ഷിക്കുന്ന പദ്ധതിയെങ്കിലും സംസ്ഥാനങ്ങളുടെ സാമ്പത്തിക മേഖലയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. സംസ്ഥാനങ്ങളുടെ കടം ഗണ്യമായ തോതില്‍ വര്‍ധിക്കുകയും സാമ്പത്തിക അസ്ഥിരതക്കിടയാക്കുകയും സുസ്ഥിര വളര്‍ച്ചയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. പൊതുവെ സാമ്പത്തികമായി പാപ്പരാണ് മിക്ക സംസ്ഥാനങ്ങളും. സൗജന്യ വിതരണത്തിന് പണം കണ്ടെത്തണമെങ്കില്‍ കടമെടുപ്പ് മാത്രമാണ് വഴി. ഇത് തിരിച്ചടക്കണമെങ്കില്‍ പിന്നെയും സൗജന്യ പദ്ധതികള്‍ കൈപ്പറ്റുന്ന സാധാരണക്കാരടക്കമുള്ള നികുതിദായകരുടെ കീശയില്‍ കൈയിടണം.
രാഷ്ട്രീയ കക്ഷികളുടെ സൗജന്യ വാഗ്ദാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ 2022 ആഗസ്റ്റില്‍ സുപ്രീംകോടതിയും സാമ്പത്തിക വിദഗ്ധരുടെ നിലപാടിനെ ശരിവെച്ചു. ഇതുസംബന്ധിച്ച് ജസ്റ്റിസ് എന്‍ വി രമണ, സി ജെ ഹിമ കോഹ്ലി, സി ജെ രവികുമാര്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചിന്റെ നിരീക്ഷണം ഇങ്ങനെ- ‘സൗജന്യ വാഗ്ദാനങ്ങളും വിതരണവും ഫണ്ടിന്റെ അഭാവം മൂലം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചേക്കാം. സംസ്ഥാനങ്ങളെ ഇത് പാപ്പരത്തത്തിലേക്ക് തള്ളിവിടും’. പാര്‍ട്ടിയുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പിലെ വിജയസാധ്യത വര്‍ധിപ്പിക്കുന്നതിനും മാത്രമാണ് നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള ഇത്തരം സൗജന്യങ്ങള്‍ കൊണ്ട് സാധിക്കുന്നതെന്ന് ഓര്‍ക്കണമെന്നും കോടതി ഉണര്‍ത്തി.
അതേസമയം, അധികാരത്തിലേറുകയാണെങ്കില്‍ ക്ഷേമപദ്ധതികളില്‍ ചില സൗജന്യങ്ങള്‍ കൂടി ഉള്‍പ്പെടുമെന്ന പ്രഖ്യാപനമെങ്ങനെ അധാര്‍മികമാകുമെന്നാണ് പാര്‍ട്ടി നേതൃത്വങ്ങളുടെ ചോദ്യം. അധികാരത്തിലേറിയാല്‍ കാഴ്ച വെക്കുന്ന ഭരണത്തിന്റെ സ്വഭാവം വോട്ടര്‍മാരുടെ മുമ്പില്‍ വെക്കുക മാത്രമാണ് സൗജന്യ വാഗ്ദാനങ്ങളിലൂടെ ചെയ്യുന്നതെന്നും അവര്‍ ന്യായീകരിക്കുന്നു. ഏതായാലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാകാത്ത വിധമുള്ള സൗജന്യ വാഗ്ദാനങ്ങള്‍ ആത്യന്തികമായി നാടിനും ജനങ്ങള്‍ക്കും ദോഷകരമാണ്. താത്കാലികമായി ഗുണം ചെയ്യുന്ന ആനുകൂല്യങ്ങളേക്കാള്‍ പൗരന്മാരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുന്ന പദ്ധതികളാവിഷ്‌കരിച്ചു നടപ്പാക്കുകയാണ് ദീര്‍ഘവീക്ഷണവും ഉത്തരവാദിത്വബോധവുമുള്ള സര്‍ക്കാറുകള്‍ ചെയ്യേണ്ടത്. എങ്കിലും ഈയൊരു നിലയിലേക്ക് ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതുവരെ, കാലങ്ങളായി തുടര്‍ന്നു വരുന്ന സൗജന്യങ്ങളും സബ്സിഡികളും നിര്‍ത്തലാക്കുന്നത് യുക്തിസഹമാകില്ല.