Kerala
മതത്തെ കൊണ്ട് പന്ത് കളിച്ച് രാഷ്ട്രീയം വളര്‍ത്താന്‍ അനുവദിക്കാനാകില്ല: കാന്തപുരം
മനുഷ്യര്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും മികച്ച സൗഹൃദം നിലനിര്‍ത്തിപ്പോരുന്ന രാജ്യമാണ് ഇന്ത്യ. നിരുത്തരവാദപരമായ പദപ്രയോഗങ്ങളും പ്രസംഗങ്ങളും ഈ സൗഹൃദത്തെ മാത്രമല്ല ഇന്ത്യയെയാണ് തകര്‍ക്കുക. അതിനെതിരെ സദാ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കാന്തപുരം
കോഴിക്കോട് | മതത്തെ കൊണ്ട് പന്ത് കളിച്ച് രാഷ്ട്രീയം വളര്‍ത്താന്‍ ആരേയും അനുവദിക്കാനാവില്ലെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വെറുപ്പിന്റെ രാഷ്ട്രീയം നാടിനെ അസ്ഥിരപ്പെടുത്തും എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ജനാധിപത്യ ജാഗരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മതത്തേയും അടിച്ചമര്‍ത്തുന്ന രീതി നമ്മുടെ രാജ്യത്ത് അനുവദിക്കാനാകില്ല. ഇന്ത്യയില്‍ വര്‍ഷങ്ങളോളം മുസ്ലിം ഭരണം നടന്നിട്ടുണ്ട്. ആ കാലഘട്ടങ്ങളിലൊന്നും മറ്റ് മതങ്ങളെ അടിച്ചമര്‍ത്തുന്ന രീതി ഉണ്ടായിട്ടില്ല. മനുഷ്യര്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും മികച്ച സൗഹൃദം നിലനിര്‍ത്തിപ്പോരുന്ന രാജ്യമാണ് ഇന്ത്യ. നിരുത്തരവാദപരമായ പദപ്രയോഗങ്ങളും പ്രസംഗങ്ങളും ഈ സൗഹൃദത്തെ മാത്രമല്ല ഇന്ത്യയെയാണ് തകര്‍ക്കുക. അതിനെതിരെ സദാ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കാന്തപുരം വ്യക്തമാക്കി.
നാടിന്റെ നന്മയാകണം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. കക്ഷികളായി വേറിട്ടു നിന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയില്‍ എല്ലാ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. എല്ലാവര്‍ക്കും വേറിട്ട ആശയങ്ങളും പ്രവര്‍ത്തന രീതികളുമുണ്ട്. എന്നാല്‍ പൊതു ലക്ഷ്യം ഒന്നാണെന്നതിനാല്‍ നാടിന്റെ കാര്യത്തില്‍ ഐക്യപ്പെടണം. അധികാരത്തെ ദുരുപയോഗം ചെയ്യരുത്. പകവീട്ടാനും വിദ്വേഷങ്ങളെ പ്രചരിപ്പിക്കാനും വേണ്ടി അധികാര രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തിയാല്‍ രാജ്യം തകരുമെന്നും അതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് ത്വാഹാ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രമേയപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡണ്ട് അഡ്വ. പ്രവീണ്‍ കുമാര്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ്, മാധ്യമ പ്രവര്‍ത്തകരായ കെ.സി.സുബിന്‍, മുസ്തഫ പി. എറയ്ക്കല്‍, റഹ്‌മത്തുല്ലാഹ് സഖാഫി എളമരം പ്രസംഗിച്ചു. എം.മുഹമ്മദ് സ്വാദിഖ് വെളിമുക്ക് സ്വാഗതവും ബശീര്‍ പറവന്നൂര്‍ നന്ദിയും പറഞ്ഞു.