freebies
സൗജന്യങ്ങളുടെ രാഷ്ട്രീയം അധാർമികം
തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രവണത മികച്ചൊരു രാഷ്ട്രമെന്ന സങ്കൽപ്പത്തിനും ജനാധിപത്യ മൂല്യങ്ങളുടെ നിലനിൽപ്പിനും ഭീഷണിയാണ്. എന്നും ഭരണകൂടത്തിന്റെ സഹായവും പ്രതീക്ഷിച്ച് കാത്തുനിൽക്കുന്ന അവശ വിഭാഗമായി ജനങ്ങൾ മാറുന്ന അവസ്ഥയാണ് ഇതുകൊണ്ടുണ്ടാകുന്നത്.
തിരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിന്റെയും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന്റെയും സാംഗത്യത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിക്ക് രൂപം നൽകുകയാണ് സുപ്രീം കോടതി. ധനകാര്യ കമ്മീഷൻ, നിതി ആയോഗ്, റിസർവ് ബേങ്ക് ഓഫ് ഇന്ത്യ, പ്രതിപക്ഷ പാർട്ടികൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാകും സമിതി. സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുന്ന പ്രഖ്യാപനങ്ങൾ തടയാനുള്ള ശിപാർശകൾ സമിതി തയ്യാറാക്കും. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ കക്ഷികൾ സൗജന്യം വാഗ്ദാനം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ നൽകിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇതേക്കുറിച്ച് വിശദമായി പഠിക്കേണ്ടതാണെന്ന അഭിപ്രായത്തിലെത്തിയത്.
ജനുവരി 22നാണ് അശ്വിനി ഉപാധ്യായ ഹരജി സമർപ്പിച്ചത്. തിരഞ്ഞെടുപ്പുകളോടനുബന്ധിച്ച് പൊതുഫണ്ടിൽ നിന്നുള്ള യുക്തിരഹിതമായ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതോ, വിതരണം നടത്തുന്നതോ വോട്ടർമാരെ അനാവശ്യമായി സ്വാധീനിക്കും. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ ബാധിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയെ ഹനിക്കുകയും ചെയ്യും. അതുകൊണ്ട് ഇത്തരം വാഗ്ദാനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നാണ് ഹരജിക്കാരന്റെ
ആവശ്യം.
ഇത് കൈക്കൂലിക്കും അനാവശ്യ സ്വാധീനങ്ങൾക്കും സമാനമാണെന്നും ഇത്തരം വാഗ്ദാനം നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. പൊതുഹരജി എല്ലാ പാർട്ടിയെയും ബാധിക്കുന്നതാണെങ്കിലും ഹരജിക്കാരൻ മുഖ്യമായും ലക്ഷ്യമിടുന്നത് ആംആദ്മി പാർട്ടിയെയാണ്. വമ്പൻ സൗജന്യ പ്രഖ്യാപനങ്ങളുടെ ബലത്തിലാണ് ആംആദ്മി ഡൽഹിയിലും പഞ്ചാബിലുമെല്ലാം അധികാരത്തിലേറിയത്. പഞ്ചാബിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആംആദ്മി നൽകിയ വാഗ്ദാനങ്ങൾ ഹരജിയിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്.
ആസന്നമായ ഗുജറാത്ത് തിരഞ്ഞെടുപ്പിലും ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് ആംആദ്മി. നാല് ദിവസം മുമ്പ് ഗുജറാത്ത് സന്ദർശിച്ച പാർട്ടി നേതാവ് അരവിന്ദ് കെജ്്രിവാൾ ആകർഷണീയമായ വാഗ്ദാനങ്ങളാണ് ഗുജറാത്ത് ജനതക്ക് നൽകിയത്. സംസ്ഥാനത്ത് പാർട്ടി അധികാരത്തിലെത്തിയാൽ പത്ത് ലക്ഷം സർക്കാർ ജോലികൾ, തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 3,000 രൂപ തൊഴിലില്ലായ്മ വേതനം, സൗജന്യ വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയവയാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനങ്ങൾ. പഞ്ചാബിലെ വൻ വിജയത്തിന് ശേഷം ഗുജറാത്തിലും നിർണായക ശക്തിയാകാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഈ വർഷാവസാനമാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്.
കേന്ദ്രത്തിന് വേണ്ടി കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പൊതുതാത്പര്യ ഹരജിയെ പിന്തുണക്കുകയായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ വാഗ്ദാനങ്ങളും ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളും വോട്ടർമാരിൽ പ്രതികൂല സ്വാധീനം ചെലുത്തുന്നതായി സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഇത് സാമ്പത്തിക ദുരന്തത്തിന് വഴിവെക്കും. എല്ലാ പാർട്ടികളും സൗജന്യ വാഗ്ദാനങ്ങളിൽ നിന്ന് പ്രയോജനം നേടുന്നവരാണെന്ന് നിരീക്ഷിച്ച സോളിസിറ്റർ ജനറൽ, ജനാധിപത്യം സംരക്ഷിക്കാൻ മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക നിലനിൽപ്പ് സംരക്ഷിക്കാനും സൗജന്യ സംസ്‌കാരം തടയേണ്ടതുണ്ടെന്നും
അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതേക്കുറിച്ച് വിശദമായി പരിശോധിച്ച് തീരുമാനം കൈക്കൊള്ളേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സോളിസിറ്റർ ജനറലിന്റെ നിലപാടിനോട് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, എ എസ് ബൊപ്പണ്ണ എന്നിവർ അടങ്ങുന്ന കോടതി ബഞ്ചും യോജിപ്പ് പ്രകടിപ്പിച്ചു. അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ സൗജന്യങ്ങൾ വാഗ്ദാനം നൽകുന്നതും വിതരണം ചെയ്യുന്നതും രാഷ്ട്രീയ പാർട്ടികളുുടെ നയപരമായ തീരുമാനമാണ്. അത് നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ ബോധിപ്പിച്ചത്.
തിരഞ്ഞടുപ്പ് വേളയിലെ സൗജന്യ പ്രഖ്യാപനങ്ങളോട് ഒരു പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. “രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും ഇത് തടസ്സം സൃഷ്ടിക്കും. വോട്ടിനായി സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നവർ ഒരിക്കലും നിങ്ങൾക്കായി പുതിയ എക്‌സ്പ്രസ്സ് വേകളോ വിമാനത്താവളങ്ങളോ പ്രതിരോധ ഇടനാഴികളോ നിർമിക്കില്ല. സൗജന്യങ്ങളുടെ രാഷ്ട്രീയത്തെ നമ്മൾ ഒരുമിച്ചു തോൽപ്പിക്കണം. രാഷ്ട്രീയത്തിൽ നിന്ന് ഇത്തരം സംസ്‌കാരം നീക്കം ചെയ്യണം’- ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. എന്നാൽ, വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി പ്രധാനമന്ത്രി നേരിട്ടെത്തി വൻപാക്കേജുകൾ പ്രഖ്യാപിക്കുന്ന കാര്യം അദ്ദേഹം മനഃപൂർവം വിസ്മരിക്കുകയായിരുന്നു. ജനങ്ങളെ സുതാര്യമല്ലാത്ത മാർഗേണ സ്വാധീനിക്കുന്നതാണ് ഈ പ്രഖ്യാപനവും.
സൗജന്യങ്ങളുടെ രാഷ്ട്രീയം നിരോധിക്കണമെന്ന ഹരജിയിലൂടെ അശ്വിനി ഉപാധ്യായയുടെ ലക്ഷ്യമെന്തായാലും പരിഗണനാർഹമാണ് ഈ ആവശ്യം. തിരഞ്ഞെടുപ്പിലെ വിജയം ലക്ഷ്യമാക്കി പൊതുഫണ്ടിൽ നിന്ന് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രവണത മികച്ചൊരു രാഷ്ട്രമെന്ന സങ്കൽപ്പത്തിനും ജനാധിപത്യ മൂല്യങ്ങളുടെ നിലനിൽപ്പിനും ഭീഷണിയാണ്. എന്നും ഭരണകൂടത്തിന്റെ സഹായവും പ്രതീക്ഷിച്ച് അതിനായി കാത്തുനിൽക്കുന്ന അവശ വിഭാഗമായി ജനങ്ങൾ മാറുന്ന അവസ്ഥയാണ് ഇതുകൊണ്ടുണ്ടാകുന്നത്.
തൊഴിൽ, കാർഷിക രംഗങ്ങളിൽ കൂടുതൽ മുതൽമുടക്കി ഈ മേഖലകൾ വികസിപ്പിച്ച് ജനങ്ങൾക്ക് തൊഴിൽ നൽകിയും കൃഷിയിലേക്ക് ആകർഷിച്ചും അവരെ സ്വയംപര്യാപ്തരാക്കി സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയിലെത്തിക്കുകയാണ് ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചെയ്യേണ്ടത്. സ്വയംപര്യാപ്തമായ ജനത ഒരു രാഷ്ട്രത്തിന്റെ മികച്ച സമ്പത്താണ്. അതേസമയം, സർക്കാറിന്റെ സൗജന്യങ്ങൾ പ്രതീക്ഷിച്ചുകഴിയുന്ന ജനത രാജ്യത്തിന് കനത്ത
ഭാരവും.