International
പേരുമാറ്റ രാഷ്ട്രീയം രാജ്യത്തിന്റെ ക്ഷേമമല്ല ലക്ഷ്യം വെക്കുന്നത്: എസ് എസ് എഫ്
ജമ്മു- കശ്മീരില്‍ നിന്ന് പുറപ്പെട്ട എസ് എസ് എഫ് സംവിധാന്‍ യാത്ര ശനിയാഴ്ച കേരളത്തിലെത്തും
പോണ്ടിച്ചേരി | സ്വതന്ത്ര ഇന്ത്യയിലെ നിരവധി നിർമ്മിതികളുടെ പേരുകൾ മാറ്റി ഇനി രാജ്യത്തിന്റെ പേര് തന്നെ മാറ്റണമെന്ന ചർച്ച കൊണ്ടുവരുന്ന കക്ഷികൾ രാജ്യത്തിന്റെയോ പൗരന്മാരുടെയോ ക്ഷേമമല്ല ലക്ഷ്യം വെക്കുന്നതെന്ന് ദേശീയ സെക്രട്ടറി ദിൽഷാദ് അഹ്മദ് പറഞ്ഞു. ജമ്മു- കശ്മീരില്‍ നിന്ന് പുറപ്പെട്ട സംവിധാന്‍ യാത്രക്ക് ബുധനാഴ്ച പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ വിഭാഗത്തിന്റെ വികാരം ഊതികാച്ചി ഇനിയും അധികാരത്തിൽ തുടരാനുള്ള ശ്രമങ്ങളാണ് പേര് മാറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നത്. സ്ഥലങ്ങളുടെയും നിര്‍മിതികളുടെയും സ്‌റ്റേഡിയങ്ങളുടെയുമെല്ലാം പേര് മാറ്റി തങ്ങളുടെതാക്കല്‍ ഈയിടെ വര്‍ധിച്ചുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടിക്കണക്കിന് ജനങ്ങള്‍ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ഉള്‍പ്പെടെയുള്ള പലതരം പ്രശ്‌നങ്ങള്‍ നേരിടുകയാണ്. അതിനെല്ലാം പരിഹാരം കാണേണ്ട സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പകരം പേര് മാറ്റം പോലുള്ള ചെപ്പടി വിദ്യകളിലൂടെ ജനപ്രീതി നേടാനാണ് ശ്രമിക്കുന്നത്. ഇത്തരം പ്രീതി നൈമിശികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹസ്റത്ത് അബ്ദുൽ ഖാദിർ സാബ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉബൈദുള്ള സഖാഫി അധ്യക്ഷത വഹിച്ചു. ഡോ: ഫാറൂഖ് നഈമി സന്ദേശ പ്രഭാഷണം നടത്തി. ഖാജ സഫർ മദനി സംസാരിച്ചു.
നാളെ വ്യാഴാഴ്ച തമിഴ്‌നാട്ടിലെ സേലത്ത് യാത്രക്ക് സ്വീകരണം നൽകും. ശനിയാഴ്ച കേരളത്തിലെത്തുന്ന യാത്രക്ക് വന്‍ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. രാവിലെ എട്ടിന് വാളയാറില്‍ വമ്പിച്ച സ്വീകരണം നല്‍കും. തുടര്‍ന്ന് വൈകിട്ട് അരീക്കോട് വെച്ച് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. 10ന് ബെഗളൂരുവിലാണ് യാത്രയുടെ സമാപനം.