Kerala
വോട്ടെടുപ്പ്: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അഞ്ചുപേര്‍ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, ഒറ്റപ്പാലം, മലപ്പുറം എന്നിവിടങ്ങളിലാണ് മരണം.
പാലക്കാട്| വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അഞ്ചുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, ഒറ്റപ്പാലം, മലപ്പുറം എന്നിവിടങ്ങളിലാണ് മരണം. പാലക്കാട് തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തേന്‍കുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്. വോട്ട് ചെയ്യാനെത്തിയ വരിയില്‍ നില്‍ക്കുന്നതിനിടെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു.
ഒറ്റപ്പാലത്ത് വോട്ട് ചെയ്യാനെത്തിയ 68കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. വാണി വിലാസിനിയില്‍ ചന്ദ്രന്‍ ആണ് മരിച്ചത്. ചുനങ്ങാട് വാണി വിലാസിനി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ ചന്ദ്രന്‍ വോട്ട് ചെയ്ത ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനടി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മലപ്പുറം തിരൂരിലെ നിറമരുതൂരില്‍ വോട്ട് ചെയ്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയയാളും കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂര്‍ ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
കോഴിക്കോട്ട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്പര്‍ 16 ലെ എല്‍ ഡി എഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തില്‍ കുഴഞ്ഞുവീണ അനീസിനെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആലപ്പുഴയിലെ കാക്കാഴം തെക്ക് മുറി വീട്ടില്‍ സോമരാജന്‍ കാക്കാഴം സ്‌കൂളില്‍ വോട്ട് ചെയ്തിറങ്ങിയ ശേഷം കുഴഞ്ഞുവീണ് മരിച്ചു. അര മണിക്കൂറോളം വരി നിന്ന ശേഷമാണ് അദ്ദേഹം വോട്ട് ചെയ്തത്. മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോള്‍ സോമരാജന്‍ തളര്‍ന്നു വീഴുകയും മരണപ്പെടുകയായിരുന്നു.