Connect with us

Kerala

പൊന്നാനി പീഡനം: എഫ് ഐ ആര്‍ ഇടാത്ത പോലീസ് നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

പൊന്നാനി മുന്‍ സി ഐ. വിനോദ്, മലപ്പുറം മുന്‍ എസ് പി. സുജിത് ദാസ്, തിരൂര്‍ മുന്‍ ഡി വൈ എസ് പി. വി വി ബെന്നി എന്നിവര്‍ക്കെതിരെയാണ് ഇരയായ യുവതി പരാതി നല്‍കിയിരുന്നത്.

Published

|

Last Updated

കൊച്ചി | പൊന്നാനിയില്‍ 2022ലുണ്ടായ ലൈംഗിക പീഡനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ഹൈക്കോടതി. പോലീസ് നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ച് പറഞ്ഞു. അതിജീവിതയെ വിമര്‍ശിച്ചുള്ള സര്‍ക്കാര്‍ റിപോര്‍ട്ടും കോടതി തള്ളി.

പൊന്നാനി മുന്‍ സി ഐ. വിനോദ്, മലപ്പുറം മുന്‍ എസ് പി. സുജിത് ദാസ്, തിരൂര്‍ മുന്‍ ഡി വൈ എസ് പി. വി വി ബെന്നി എന്നിവര്‍ക്കെതിരെയാണ് ഇരയായ യുവതി പരാതി നല്‍കിയിരുന്നത്.

സി ഐ. വിനോദിനെതിരായ പീഡന പരാതി വ്യക്തമാണെങ്കിലും അന്വേഷണത്തിന് നേരിട്ട് ഉത്തരവിടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവിടേണ്ടത് പൊന്നാനി മജിസ്ട്രേറ്റ് കോടതിയാണ്. പൊന്നാനി മജിസ്ട്രേറ്റ് വിഷയത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണം. ഉത്തരവിന്റെ പകര്‍പ്പ് പൊന്നാനി മജിസ്ട്രേറ്റിന് നല്‍കാന്‍ ഹൈക്കോടതി രജിസ്ട്രാറോട് ഹൈക്കോടതി
നിര്‍ദേശിച്ചു.

എതിര്‍ഭാഗത്തിനെ കേള്‍ക്കാതെ കേസെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തതയുണ്ടെന്നും പോലീസ് റിപോര്‍ട്ട് തേടിയ മജിസ്ട്രേറ്റിന്റെ നടപടി അനിവാര്യമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

വസ്തുസംബന്ധമായ പ്രശ്‌നത്തില്‍ പൊന്നാനി സി ഐ വിനോദിന് പരാതി നല്‍കിയിരുന്നു. പിന്നീട്, വിനോദ് വീട്ടിലെത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഈ പരാതി ഡി വൈ എസ് പി. ബെന്നിക്ക് കൈമാറിയെങ്കിലും ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. തുടര്‍ന്ന് മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെ കണ്ട് പരാതിപ്പെട്ടു. എന്നാല്‍ സുജിത് ദാസും തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറഞ്ഞു.

അതേസമയം, പരാതിക്കാരി ഹണി ട്രാപ്പ് സംഘത്തിലെ ആളാണെന്നായിരുന്നു സി ഐ. വിനോദിന്റെ ആരോപണം.