Kerala
പൊന്നോമനയെ അപകടം തട്ടിയെടുത്തു; തനിച്ചായി നിഹാസും ഫരീദയും
ബോട്ടിന്റെ താഴ്ഭാഗത്ത് നിന്ന നിഹാസ് വെള്ളത്തില്‍ മുങ്ങിപ്പോയി. ചില്ല് ഗ്ലാസ് തുറന്ന് പുറത്തെത്തി.
മലപ്പുറം | പൊന്നോമന മകള്‍ക്കൊപ്പം കടല്‍ കാണാന്‍ പോയ രക്ഷിതാക്കള്‍ മകളില്ലാത്ത വീട്ടില്‍ വിതുമ്പലടക്കാനാകാതെ. മലപ്പുറം മുണ്ടുപ്പറമ്പ് മച്ചിങ്ങല്‍ നിഹാസും ഫരീദയും മകള്‍ ഹാദി ഫാത്വിമയെയും കൂട്ടി കടല്‍ കാണാന്‍ പോയതാണ്. മകളെയും കൂട്ടി കടല്‍ കണ്ട് വീട്ടില്‍ തിരിച്ചെത്തേണ്ടതിന് പകരം പൊന്നോമന മകളുടെ ചേതനയേറ്റ ശരീരവുമായാണ് എത്തിയത്.
യാത്രകള്‍ പോകാന്‍ വലിയ ആഗ്രഹമായിരുന്നു ഹാദിക്ക്. ആ ആഗ്രഹത്തിന് പുറത്താണ് നിസാം തുവല്‍ തീരം കടപ്പുറത്ത് എത്തിയത്. സംഭവ ദിവസം വൈകിട്ട് നാലോടെയാണ് ഇവര്‍ വീട്ടില്‍ നിന്നുമിറങ്ങുന്നത്. താനൂരിലെ കടല്‍പ്പാലം കാണലായിരുന്നു ഉദ്ദേശ്യം. എന്നാല്‍ അവിടെയെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. കടല്‍പ്പാലം അടച്ചതിനാല്‍ ബോട്ട് യാത്രപോവാമെന്നായി. ബോട്ടിനായി കാത്തിരുന്നു.
ആളുകള്‍ കയറിയിട്ടും കൂടുതല്‍ ആളുകള്‍ കയറാനായി കാത്തിരുന്നു. ബോട്ട് അല്‍പ്പദൂരം പിന്നിട്ടപ്പോഴേക്കും മുങ്ങിപ്പോകുകയായിരുന്നു. ബോട്ടിന്റെ താഴ്ഭാഗത്ത് നിന്ന നിഹാസ് വെള്ളത്തില്‍ മുങ്ങിപ്പോയി. ചില്ല് ഗ്ലാസ് തുറന്ന് പുറത്തെത്തി.
യാത്ര തുടങ്ങുമ്പോള്‍ മകള്‍ ഹാദി എന്റെ കൈയില്‍ തന്നെയുണ്ടായിരുന്നുവെന്ന് നിഹാസ് പറഞ്ഞു. മകള്‍ക്ക് ലൈഫ് ജാക്കറ്റ് അണിയിച്ച് കൊടുക്കുകയും ചെയ്തിരുന്നു. അപകടശേഷം ദൂരെ ലൈഫ് ജാക്കറ്റ് കിടക്കുന്നത് കണ്ട് അവിടേക്ക് നീന്തി. പക്ഷേ അവിടെ മകളുണ്ടായിരുന്നില്ല. കണ്ടെത്താന്‍ വെള്ളത്തിലേക്ക് ഊളിയിട്ടു. വെള്ളത്തിനടിയില്‍ നിന്നുമൊരു കുഞ്ഞിനെ രക്ഷിച്ച് പുറത്തെത്തിച്ചു. വീണ്ടും മകളെ തിരഞ്ഞുപോയെങ്കിലും മറ്റൊരുകുട്ടിയെ കൂടി രക്ഷിക്കാനായി. പിന്നീട് 15 മിനുട്ടുകള്‍ക്ക് ശേഷമാണ് നാട്ടുകാരുടെ സഹായത്തോടെ മകളെ ലഭിക്കുന്നത്. കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഭാര്യ കൂടെ കയറാന്‍ പറഞ്ഞെങ്കിലും ഗുരുതരാവസ്ഥയിലുള്ള മറ്റൊരു കുട്ടിയെ കൂടി കൊണ്ടുപോകേണ്ടതിനാല്‍ ഞാന്‍ പുറത്തിറങ്ങി. പിന്നീട് ആശുപത്രിയിലെത്തുമ്പോഴേക്കും അവള്‍ പടച്ചോന്റെ അടുത്ത്… നിഹാസ് പൊട്ടിക്കരഞ്ഞു.
8.30 ന് തന്നെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകിട്ടി. ഒമ്പതോടെ ഖബറടക്കം നിശ്ചയിച്ചിരുന്നു. എന്നാല്‍ പുള്ളിയിലങ്ങാടിയിലെ വീട്ടില്‍ ആയിരക്കണക്കിനാളുകള്‍ കാണാനെത്തിയതോടെ 9.30 ഓടെയാണ് മുണ്ടുപറമ്പ് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.