Editors Pick
പൊന്‍വെയിലും പൂനിലാവും
ചിങ്ങവെയിലിന്റെ സുവര്‍ണ നാണയങ്ങള്‍ വീട്ടുമുറ്റത്ത് ചിതറിക്കിടക്കുന്ന തെളിച്ചമുള്ള പകലുകള്‍... വേലികളില്‍ 'ഓണമിങ്ങെത്തി'യെന്ന് മന്ത്രിക്കുന്ന കോളാമ്പിപ്പൂക്കള്‍. കിഴക്കന്‍ കാറ്റില്‍, മലയടിവാരങ്ങളുടെ കുത്തനെയുള്ള ഇറക്കങ്ങളില്‍ നിറഞ്ഞുചിരിക്കുന്ന കടുംനീല നിറത്തിലുള്ള കദളിപ്പൂക്കള്‍... ഒരോണത്തുമ്പി ചുമലില്‍ വന്നിരുന്ന് ചങ്ങാത്തമറിയിച്ച് പറന്നുപോകുന്നു. ഗതകാലത്തിന്റെ സ്മൃതികളിലെവിടെയോ, മനസ്സിന്റെ വിലോലതയില്‍ നനുനനുത്തൊരു സ്പര്‍ശം പോലെ ഒരീണം പിടഞ്ഞുണരുന്നു.. 'പൂവേ...പൊലിപൂവേ...'
കര്‍ക്കിടക മഴയുടെ വന്യതയ്ക്കു അറുതിയായി…
ഇതാ മലയാള മനസ്സില്‍ വീണ്ടും ഓണനിലാവ് തെളിയുന്നു. ചിങ്ങവെയിലിന്റെ സുവര്‍ണ നാണയങ്ങള്‍ വീട്ടുമുറ്റത്ത് ചിതറിക്കിടക്കുന്ന തെളിച്ചമുള്ള പകലുകള്‍… വേലികളില്‍ ‘ഓണമിങ്ങെത്തി’യെന്ന് മന്ത്രിക്കുന്ന കോളാമ്പിപ്പൂക്കള്‍. കിഴക്കന്‍ കാറ്റില്‍, മലയടിവാരങ്ങളുടെ കുത്തനെയുള്ള ഇറക്കങ്ങളില്‍ നിറഞ്ഞുചിരിക്കുന്ന കടുംനീല നിറത്തിലുള്ള കദളിപ്പൂക്കള്‍… ഒരോണത്തുമ്പി ചുമലില്‍ വന്നിരുന്ന് ചങ്ങാത്തമറിയിച്ച് പറന്നുപോകുന്നു. ഗതകാലത്തിന്റെ സ്മൃതികളിലെവിടെയോ, മനസ്സിന്റെ വിലോലതയില്‍ നനുനനുത്തൊരു സ്പര്‍ശം പോലെ ഒരീണം പിടഞ്ഞുണരുന്നു…’പൂവേ…പൊലിപൂവേ…’
*****
ഓണപ്പരീക്ഷയുടെ അറുതിയില്‍, കുരുന്നുകണ്ണുകളില്‍ തെളിയുന്ന തുമ്പപ്പൂനിറം. അത്തം മുതല്‍ തിരുവോണനാള്‍ വരെ നീളുന്ന പൂക്കളമിടല്‍. വയലിറമ്പുകളിലും തൊടികളിലും മലഞ്ചെരുവുകളിലും കുട്ടികളുടെ ആരവങ്ങള്‍. കഴുത്തില്‍ തൂക്കിയിട്ട പൂക്കുടകള്‍. എത്രയെത്ര സമയത്തിന്റെ പ്രയത്നത്താലാണ് ഒരു ചേമ്പിലയില്‍ അരിപ്പൂവും കാക്കപ്പൂവും മുക്കുറ്റിയുമെല്ലാം നിറയുക!
ചേമ്പില നിറഞ്ഞാല്‍ ചാണകമെഴുതിയ മുറ്റം വൃത്തിയാക്കുകയായി. പിന്നെ കറുത്തുമിനുത്ത തറയില്‍, വട്ടത്തില്‍ നിറപ്പകിട്ടിന്റെ അത്തപ്പൂക്കളം തെളിഞ്ഞുവരുന്നു. കുഞ്ഞുമുഖങ്ങളിലപ്പോള്‍ ആയിരം പൂനിറങ്ങള്‍ മിന്നിമായുന്നു..
ഉത്രാടമടുക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന പൂത്തറ… മഴ ചതിക്കുമോയെന്ന ഭയത്താല്‍ പൂത്തറയ്ക്കു മുകളിലുയരുന്ന ഓലപ്പന്തല്‍.
****
അത്തം പിറന്നാല്‍ തൊടികളില്‍ നിറയുന്ന ഓണനിലാവ്..
പാല്‍പ്പാത്രം തട്ടിച്ചിന്തിയതുപോലെ അത് പറമ്പുമുഴുവന്‍ പരന്നൊഴുകുന്നു. ചൂട്ടുകറ്റകള്‍ വേണ്ടാത്ത പാതിരാത്രികള്‍. മുറ്റത്തെ മുത്തശ്ശിമാവിനു ചുവട്ടില്‍ നിലാവ് കൊഴിച്ചിടുന്ന വെള്ളിയുറുപ്പികകള്‍… ഊഞ്ഞാല്‍പ്പാട്ടിന്റെ ഈണത്തില്‍ ഓണത്തിനു മാത്രം കാണാറുള്ള മഞ്ഞക്കിളി നിലാവത്തുകൂടി ചിറകടിച്ചു പറന്നുപോകുന്നു..
‘പൊന്‍വെയിലും പൂനിലാവും
പൊന്നോണപ്പകലൊളിരാവൊളി
പൂവേ പൊലി പൂവേ
പൊലി പൂവേ പൊലി പൂവേ’
(ഒരു കൊച്ചു പൂക്കുട- കുഞ്ഞുണ്ണിമാഷ്)
****
ഉത്രാടസന്ധ്യകള്‍ തിരക്കുകളുടെ പിടിയിലമരുന്നു. തെരുവുകളില്‍ ‘ഉത്രാടപ്പാച്ചില്‍’… കിട്ടാവുന്നിടത്തോളം പൂക്കളൊരുക്കി കുട്ടികള്‍ പൂക്കളത്തെ വര്‍ണാഭമാക്കുന്നു. അരിയിടിക്കലും കായവറുക്കലും അടപരത്തലും ചക്കവരട്ടലും തകൃതി. പുത്തനുടുപ്പുകള്‍ തകരപ്പെട്ടികളില്‍ നിറഞ്ഞുചിരിക്കുന്നു. തുറന്നിട്ട ജനാലയിലൂടെ അരിച്ചരിച്ചുവന്ന് ചിങ്ങനിലാവ് കാലുകളിലേക്ക് പടര്‍ന്നു കയറുന്നു..
****
പ്രഭാത സൂര്യന്‍ കുളിച്ച് സ്വര്‍ണക്കസവുമുണ്ട് ചുറ്റിവരുന്ന തിരുവോണപ്പുലരി..
പൂത്തറയില്‍ കോലം വരച്ച് ആര്‍പ്പുവിളിച്ച് ഓണം കൊള്ളല്‍. അടുക്കളയില്‍ ഓണസദ്യക്കുള്ള ചിട്ടവട്ടങ്ങള്‍… വായില്‍ രസക്കപ്പല്‍ സഞ്ചാരം. തൂശനിലയില്‍ വരിവരിയായി നിറയുന്ന ഓലന്‍, അവിയല്‍, എരിശ്ശേരി, തോരന്‍, പുളിശ്ശേരി, പഴം, ശര്‍ക്കര, പപ്പടം….ശേഷം പ്രഥമന്‍ കൂടിയാകുമ്പോള്‍ ഓണസദ്യ സമ്പൂര്‍ണം.
പിന്നെ, കളികളുടെ ഉച്ചവെയില്‍ തെളിയുകയായി..കുട്ടികളുടെ ആട്ടക്കളം കുത്തല്‍, സ്ത്രീകളുടെ കൈകൊട്ടിക്കളി, പുരുഷന്മാരുടെ പുലിക്കളി, ഓണത്തല്ല്, ഓണംകളി, കമ്പിത്തായംകളി, അരക്കളി, നായയും പുലിയുംവയ്ക്കല്‍, തലപ്പന്തുകളി, വടംവലി…
നാടിനു ക്ഷേമവും ഐശ്വര്യവും നേര്‍ന്നുകൊണ്ട് വേലന്തുള്ളല്‍ വരുന്നു. ഒട്ടുകിണ്ണത്തിന്റെ പേനാക്കത്തി കൊണ്ട് വേലന്‍ കൊട്ടുന്നു. വേലത്തി കൈത്താളമിടുന്നു. അവരുടെ പെണ്‍കുട്ടി കുരുത്തോല കൊണ്ടുണ്ടാക്കിയ ചാമരം വീശി നൃത്തമാടുന്നു..
****
കാലം മാറി.. വൈദ്യുതി വിളക്കുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശപ്രളയത്തില്‍ ഓണനിലാവ് പോയ്മറഞ്ഞു. തുമ്പപ്പൂവും കാക്കപ്പൂവും മുക്കുറ്റിയും കാണാക്കാഴ്ചയായി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലോറികളിലെത്തുന്ന പൂക്കള്‍ക്കായി കാത്തിരിക്കുന്ന കാലമായി. ഊഞ്ഞാല്‍പ്പാട്ടും പട്ടം പറത്തലും പൂപറിക്കലും ഓര്‍മകളിലേക്ക് കൂടുമാറി.
‘നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി
ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി..!’
(നന്ദി തിരുവോണമേ നന്ദി-
എന്‍ എന്‍ കക്കാട്)