Prathivaram
മാപ്പിളപ്പാട്ടിന്റെ പൂമരം
മാപ്പിളപ്പാട്ടിനും മാപ്പിള കലകൾക്കും വിലമതിക്കാനാകാത്ത രചനകളും ഈണങ്ങളും കലാകേരളത്തിന് തന്നുകൊണ്ടാണ് വി എം കുട്ടി എന്ന അതികായൻ കടന്നുപോയത്. അദ്ദേഹത്തിന്റെ സംഭാവനകൾ ആര് പിന്തള്ളാൻ ശ്രമിച്ചാലും മാപ്പിളപ്പാട്ടിന്റെ പൂമരത്തിൽ സുഗന്ധം പരത്തുന്ന പൂവായി ഏത് കാലത്തും വിടർന്ന് നിൽക്കുക തന്നെ ചെയ്യും.
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ മഗ്‌രിബ് നിസ്കാരത്തിന് ശേഷം വീട്ടിലുള്ള വല്യുമ്മയും ഒപ്പം പേരക്കുട്ടികളും ഇരുന്ന് സബീനയുടെ അറബി മലയാളം ഏടുകളിൽ നോക്കി ഈണത്തിൽ പാടിയിരുന്നു. രിഫാഈ മാല, മുഹ്്യുദ്ദീൻ മാല, ബദ്ർ മാല, നഫീസത്ത് മാല, ബുർദ, ബെയ്ത്ത് തുടങ്ങിയ പാട്ടുകൾ, അതുപോലെ പി കെ ഹലീമാ ബീവി, അഹമ്മദ് കുട്ടി മൊല്ല തുടങ്ങിയവരുടെ ചന്ദിരസുന്ദരിമാല, തശ്്രിഫ് തുടങ്ങിയ ഒപ്പനപ്പാട്ടുകളെല്ലാം വീടിന്റെ അകത്തളങ്ങളിൽ നിന്നും വെളിയിലെത്തിച്ച് വേദികളിൽ നിന്ന് വേദികളിലേക്കും ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേക്കും മാപ്പിളപ്പാട്ടെന്ന കലാരൂപത്തെ ജനകീയമാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച കലാകാരനാണ് വി എം കുട്ടി. ആറ് പതിറ്റാണ്ട് കാലം മാപ്പിളപ്പാട്ടുകൾക്കും മാപ്പിള കലകൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അനുഗൃഹീത കലാകാരന്റെ വേർപാട് നികത്താനാകാത്തതാണ്.
ഇന്നത്തെപോലെ യുട്യൂബോ, ചാനലുകളോ ഒന്നുമില്ലാത്ത കാലത്ത് ആകാശവാണിയിലൂടെയും വല്ലപ്പോഴും ഇറങ്ങുന്ന ഗ്രാമഫോൺ റിക്കാർഡിലൂടെയുമായിരുന്നു പാട്ട് കേൾക്കാനുള്ള അവസരം. മാപ്പിള കവികൾ കൈകാര്യം ചെയ്ത ആനുകാലിക വിഷയങ്ങളൊക്കെ പാട്ടാക്കി ധൈര്യപൂർവം ഒരു ഗാനമേള ട്രൂപ്പിനും രൂപം കൊടുത്ത് മുന്നിട്ടിറങ്ങിയ വി എം കുട്ടി മാപ്പിളപ്പാട്ടിനെക്കുറിച്ചും മാപ്പിള സാഹിത്യത്തെക്കുറിച്ചും ആഴത്തിൽ പഠിച്ച വ്യക്തിയായിരുന്നു. മോയിൻകുട്ടി വൈദ്യർ തുടങ്ങിയ മഹാകവികളുടെ പാട്ടുകളും ഈണങ്ങളുമെല്ലാം കേരളത്തിൽ മുന്പ് കേട്ടുകൊണ്ടിരുന്ന നാടൻ ശീലുകളായിരുന്നെന്നും ആ ശീലിലാണ് മാപ്പിള കവികൾ രചന നിർവഹിച്ചതെന്നും ഉദാഹരണ സഹിതം അദ്ദേഹം രചിച്ച പുസ്തകങ്ങളിലൂടെ മാപ്പിളപ്പാട്ടുകാർക്കും പാട്ടു സ്നേഹികൾക്കും പകർന്നുതന്നു.
ഒരു സമുദായത്തിന്റെ മാത്രം കലയല്ല മാപ്പിളപ്പാട്ടെന്നും അത് കേരളത്തിന്റെ കലയാണെന്നും നമ്മൾക്കിടയിൽ കാണിച്ചുതന്ന് ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ മാപ്പിളപ്പാട്ടുകൾക്ക് അംഗീകാരത്തിന്റെ തൂവൽ തുന്നിച്ചേർക്കാൻ കഴിഞ്ഞ പ്രതിഭയാണ് വി എം കുട്ടി.
പൊതുവേദികളിലും സ്കൂൾ, കോളജ് തല മത്സരങ്ങളിലും മാപ്പിള കലകളോടും പാട്ടിനോടും ചിറ്റമ്മ നയം നിലനിൽക്കുന്പോൾ അതിനെതിരെ ശബ്ദമുയർത്താനും മാപ്പിള കലകളെ കലാശാലാ മത്സരങ്ങളിലേക്ക് കൊണ്ടുവരാനുമുള്ള വി എം കുട്ടിയുടെ ശ്രമം വിജയിച്ചു. ഒരു പുരാഷായുസ്സ് മുഴുവനും പാടിയും പറഞ്ഞും എഴുതിയും പാട്ടുകളുടെ മണിത്തോരണങ്ങൾ മലയാളിയുടെ മനസ്സിൽ ഒരുക്കിയ വി എം കുട്ടിക്ക് സാംസ്കാരിക കേരളം വേണ്ട അംഗീകാരം നൽകിയിട്ടുണ്ടോ എന്ന് ഓർക്കുന്പോൾ തികച്ചും നിരാശ മാത്രമാണ് ബാക്കിയാകുന്നത്.
അറബി മലയാള സങ്കര ഭാഷയിൽ മാത്രം ഒതുങ്ങിയിരുന്ന പാട്ടുകളെ നാട്ടു ഭാഷയിലേക്ക് കൊണ്ടുവന്നു. അത്തരം രചനകൾ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കും സ്ത്രീധനം പോലുള്ള അനാചാരങ്ങൾക്കുമെതിരെ വിരൽചൂണ്ടുന്ന പാട്ടുകൾ കൊണ്ട് സാമൂഹിക പരിഷ്കർത്താവിന്റെ വേഷപ്പകർച്ചയിലൂടെ ആറ് പതിറ്റാണ്ടുകൾ നമുക്കിടയിൽ ജീവിച്ചു. വി എം കുട്ടിയുടെ പാട്ടുകൾ അദ്ദേഹവും സംഘവും അവതരിപ്പിച്ച പി ടി അബ്ദുർറഹ്മാനും ഞാനും അതുപോലെ ഒ എം കരുവാരക്കുണ്ട്, പി എം കാസിം, പി എ ഖാദർ തുടങ്ങിയവരുടെ പാട്ടുകൾ മാപ്പിളപ്പാട്ട് പ്രസ്ഥാനം നിലനിൽക്കുന്ന കാലത്തോളം ഏറ്റുപാടിക്കൊണ്ടേയിരിക്കും. ഹജ്ജിന്റെ രാവിൽ കഅ്ബയെ കിനാവ് കാണാനും സുബ്്ഹിക്ക് പറക്കുന്ന ദിക്ർ പാടി കിളിയേയും സുവർക്കത്തിലെ ഉമ്മയേയും ഉപ്പയേയും തിരയാനും ഭാവനയുടെ ചിറക് വിടർത്തി ഇന്നും നമ്മൾ ഏറ്റുപാടിക്കൊണ്ടിരിക്കുന്ന പാട്ടുകളുടെ രചന നിർവഹിച്ചതും വി എം കുട്ടിയാണ്.
വിളയിൽ വത്സല എന്ന ഫസീലയെ മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് കൊണ്ടുവന്നത് വി എം കുട്ടിയാണ്. വി എം കുട്ടി – വിളയിൽ ഫസീല ടീം മലയാളത്തിലും ഗൾഫ് മലയാളികളുടെ ഇടയിലും പാട്ടിന്റെ പൂങ്കൊലുസ്സ് കെട്ടിയ സംഗീത ട്രൂപ്പായിരുന്നു.
പാട്ടിനെക്കുറിച്ചും മാപ്പിളകലാ സാഹിത്യത്തെക്കുറിച്ചും പതിനാലോളം ഗ്രന്ഥങ്ങൾ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. പാട്ടിന്റെ നാൾവഴികളിലൂടെ സഞ്ചരിച്ച ഗാനഗന്ധർവൻ യേശുദാസ് തുടങ്ങിയ ചലച്ചിത്ര ലോകത്തെ അതികായന്മാരെക്കൊണ്ടും അതുപോലെ ചലച്ചിത്ര ലോകത്തും മാപ്പിളപ്പാട്ടിന്റെ മധുരം ചാലിച്ച വി എം കുട്ടി, മാപ്പിള സാഹിത്യത്തിന് നൽകിയ സംഭാവനകൾ ഒരിക്കലും എണ്ണിയാലൊതുങ്ങുന്നതല്ല.
കാലത്തിനപ്പുറം സഞ്ചരിച്ച കലാകാരനായിരുന്നു വി എം കുട്ടി. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ പാട്ടുകൾ ഇന്നും ഏറ്റുപാടിക്കൊണ്ടിരിക്കുന്നത്. പുതിയ തലമുറയിലെ പാട്ടുകാർ ഈ പാട്ടുകൾ എടുത്ത് പാടിയും യുട്യൂബിലും ചാനലിലും അതുപോലെ കല്യാണ വീടുകളിലും പൊതുവേദികളിലും പാടി ആഘോഷമാക്കുന്പോൾ ഈ പാട്ടിന്റെ വരികൾക്കു വേണ്ടി “പേറ്റുനോവനുഭവിച്ച’ രചയിതാവിനെക്കുറിച്ചോ സംഗീത സംവിധായകനെക്കുറിച്ചോ ആദ്യം പാടി ജനങ്ങളിലേക്കെത്തിച്ച ഗായകനെക്കുറിച്ചോ ഓർക്കുന്നില്ലെന്നത് ഖേദകരമാണ്.
വി എം കുട്ടി, ഉമ്മർ കുട്ടി, എരഞ്ഞോളി മൂസ്സ, വിളയിൽ ഫസീല, റംലാ ബീഗം തുടങ്ങിയവരുടെ ചോരയും വിയർപ്പും ജീവിതവുമാണ് ഇന്നത്തെ ഈ മാപ്പിളപ്പാട്ട് ലോകം. അവർ വിരിച്ചിട്ട പരവതാനിയിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ഇന്നത്തെ കലാകാരന്മാൻ കതിരുകൾ കൊയ്തെടുക്കുന്നത്. അതിന് ആർക്കും വേവലാതിയില്ല. കാലത്തിന്റെ നിയോഗമായി പലരും വിസ്മൃതിയിലേക്കും മണ്ണറയിലേക്കും മടങ്ങുന്പോൾ പുതിയവർ വരും. അവർ ഈ കല നശിച്ചുപോകാതെ കാത്തുസൂക്ഷിക്കുകയും ചെയ്യും എങ്കിലും പുതുമകൾ തേടി പോകുന്ന പുതിയവരുടെ ഓട്ടപ്പാച്ചിലിൽ മാപ്പിളപ്പാട്ടിന് വേണ്ടി ജീവിതം സമർപ്പിച്ചവരെക്കൂടി ഒരു വേളയെങ്കിലും ഓർക്കേണ്ടതാണ്.
മാപ്പിളപ്പാട്ടിനും മാപ്പിള കലകൾക്കും വിലമതിക്കാനാകാത്ത രചനകളും ഈണങ്ങളും കലാകേരളത്തിന് തന്നുകൊണ്ടാണ് വി എം കുട്ടി എന്ന അതികായൻ കടന്നുപോയത്. അദ്ദേഹത്തിന്റെ സംഭാവനകൾ ആര് പിന്തള്ളാൻ ശ്രമിച്ചാലും മാപ്പിളപ്പാട്ടിന്റെ പൂമരത്തിൽ സുഗന്ധം പരത്തുന്ന പൂവായി ഏത് കാലത്തും വിടർന്ന് നിൽക്കുക തന്നെ ചെയ്യും.