Ongoing News
പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തിലുണ്ടായിരുന്ന പൂന്തുറ സിറാജ് യാത്രയായത് സ്വന്തമായി ഒരു വാസസ്ഥലം പോലുമില്ലാതെ
ഇടതുപക്ഷത്തിൻ്റെ കയ്യിൽ നിന്ന് തലസ്ഥാന കോർപ്പറേഷൻ ഭരണം ബി ജെ പി തട്ടിപ്പറിച്ചെടുക്കാൻ നോക്കിയപ്പോൾ അതിന് വിഘാതമായി നിന്നവരിൽ പ്രമുഖൻ സിറാജായിരുന്നു.
മൂന്നു തവണ തുടർച്ചയായി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായും പതിറ്റാണ്ടുകളായി രാഷ്ട്രീയത്തിലും പ്രവർത്തിച്ച പൂന്തുറ സിറാജ് വിടവാങ്ങിയത് സ്വന്തമായി ഒരു വാസസ്ഥലം പോലുമില്ലാതെ. വിയോഗത്തിന് ശേഷം സിറാജിന്റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം മുൻ മന്ത്രി ഡോ. കെ ടി ജലീലാണ് ഇക്കാര്യം അറിയിച്ചത്. പല പൊതുപ്രവർത്തകരുടെയും സമ്പാദ്യം ഇസ്തിരി ചുളിയാത്ത കഞ്ഞിപ്പശയിൽ വടിവൊത്ത് നിൽക്കുന്ന തൂവെള്ള വസ്ത്രമാകുമെന്ന് അവരുടെ കാലശേഷമാകും മാലോകരറിയുക. തിളങ്ങുന്ന ആ പട്ടികയിലെ ഒരാൾ കൂടിയാണ് പൂന്തുറ സിറാജെന്ന് അറിഞ്ഞപ്പോൾ ശരിക്കും മനസ്സൊന്ന് പിടഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച്. പോസ്റ്റ് പൂർണ രൂപത്തിൽ:
പൂന്തുറ സിറാജിൻ്റെ അകാല വിയോഗം തീർത്ത ദുഃഖത്തിൽ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല സിറാജിനെ സ്നേഹിക്കുന്നവരും അടുപ്പക്കരും. യൂത്ത് കോൺഗ്രസ്സിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന് മൂന്നു തവണ തുടർച്ചയായി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായ പൂന്തുറ സിറാജ് പി.ഡി.പിയുടെ സമുന്നത നേതാവായി പിന്നീട് മാറി.
വിപുലമായ ഒരു സൗഹൃദ വലയത്തിൻ്റെ ഉടമയായിരുന്നു പൂന്തുറ സിറാജ്. അതിലെവിടെയോ ഞാനുമുണ്ടായിരുന്നു.
പരിചയപ്പെട്ട നാൾ മുതൽ “കെ.ടി” എന്നാണ് സിറാജ് സാഹിബ് എന്നെ വിളിച്ചിരുന്നത്. മന്ത്രിയായപ്പോഴും ആ വിളിയിൽ ഒരു മാറ്റവും വരുത്തിയില്ല. എനിക്കേറ്റവുമധികം ഇഷ്ടപ്പെട്ട അഭിസംബോധനകളിൽ ഒന്നായിരുന്നു അത്.
ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് പൂന്തുറ സിറാജിൻ്റെ ജേഷ്ട സഹോദരൻ്റെ വീട്ടിൽ പോയി മകനെയും മറ്റു കുടുംബാംഗങ്ങളെയും കണ്ടു. എല്ലാവരുടെയും മുഖത്ത് ദുഃഖത്തിൻ്റെ കരിനിഴലാണ് കണ്ടത്. മൂത്ത മകൻ ഇർഫാൻ നീറ്റ് പരീക്ഷ എഴുതി റിസൽട്ടിന് കാത്തിരിക്കുന്നു. രണ്ടാമത്തെ മകൾ പ്ലസ് ടു കഴിഞ്ഞ് കോളേജിൽ ചേരാനുള്ള ഒരുക്കത്തിലാണ്. മൂന്നാമത്തെ മകൾ ചെറിയ ക്ലാസ്സിൽ പഠിക്കുന്നു. നാലാമത്തെ മകൻ കുഞ്ഞാണ്. പല പൊതുപ്രവർത്തകരുടെയും സമ്പാദ്യം ഇസ്തിരി ചുളിയാത്ത കഞ്ഞിപ്പശയിൽ വടിവൊത്ത് നിൽക്കുന്ന തൂവെള്ള വസ്ത്രമാകുമെന്ന് അവരുടെ കാലശേഷമാകും മാലോകരറിയുക. തിളങ്ങുന്ന ആ പട്ടികയിലെ ഒരാൾ കൂടിയാണ് പൂന്തുറ സിറാജെന്ന് അറിഞ്ഞപ്പോൾ ശരിക്കും മനസ്സൊന്ന് പിടഞ്ഞു.