Connect with us

Kerala

പൂരം കലക്കൽ: എ ഡി ജി പി അജിത്കുമാർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു

ഡിജിപി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും

Published

|

Last Updated

തിരുവനന്തപുരം | തൃശൂർ പൂരം കലക്കൽ സംഭവത്തിൽ അഞ്ച് മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിച്ചു. എഡിജിപി എം ആർ അജിത് കുമാർ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഡിജിപി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഈ മാസം 24ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

നാല് പരാതികളാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറുകയും ഡിജിപി എം ആർ അജിത്കുമാനെ അന്വേഷണ ചുമതല ഏൽപ്പിക്കുകയുമായിരുന്നു. പൂരം കലക്കൽ സംഭവം നടക്കുമ്പോൾ എം ആർ അജിത് കുമാർ തൃശൂരിലുണ്ടായിരുന്നു. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് അന്ന് നിർദേശിച്ചിരുന്നത്.\

പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന വിവരാവകാശ മറുപടിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെതിരെ ആയിരുന്നു നടപടി.