Connect with us

Editorial

പൂരം കലക്കല്‍ അന്വേഷണവും എഫ് ഐ ആറും

പൂരം കലക്കല്‍ വന്‍ വിവാദമാകുകയും പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് ഗത്യന്തരമില്ലാതെ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ എഫ് ഐ ആര്‍.

Published

|

Last Updated

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ മനപ്പൂര്‍വമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നുള്ള വാദത്തെ നിരാകരിക്കുന്നതാണ് ഇവ്വിഷയകമായി തൃശൂര്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍. പൂരം താറുമാറാക്കാന്‍ മനപ്പൂര്‍വമായ ശ്രമങ്ങളുണ്ടായെന്നും ഒരു വിഭാഗത്തിന്റെ മതപരമായ ആഘോഷം തടസ്സപ്പെടുത്തി വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നുവെന്നുമാണ് എഫ് ഐ ആറില്‍ പറയുന്നത്. എങ്കിലും ആരെയും പ്രതിചേര്‍ത്തിട്ടില്ല. ആരെയെങ്കിലും പ്രതിചേര്‍ത്താല്‍ എ ഡി ജി പി അജിത് കുമാറിനെ പ്രതിചേര്‍ക്കുന്നതിനും സമ്മര്‍ദമുണ്ടാകാമെന്ന ആശങ്ക കൊണ്ടായിരിക്കാം ഇത്തരമൊരു നീക്കം.

പൂരം കലക്കല്‍ വന്‍ വിവാദമാകുകയും പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് ഗത്യന്തരമില്ലാതെ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ എഫ് ഐ ആര്‍. ത്രിതല അന്വേഷണം പ്രഖ്യാപിച്ച് ഒമ്പത് ദിവസം കഴിഞ്ഞാണ് ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) രൂപവത്കരിക്കുന്നത്. എന്നാല്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡി ജി പി യും എ ഡി ജി പിയും സമര്‍പ്പിച്ച റിപോര്‍ട്ടുകള്‍ വ്യത്യസ്തമായതിനാല്‍ എസ് ഐ ടിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാനോ കേസെടുക്കാനോ പറ്റാത്ത അവസ്ഥ വന്നു. തിരുവമ്പാടി ദേവസ്വത്തെ സംശയത്തിന്റെ നിഴലിലാക്കുന്ന റിപോര്‍ട്ടാണ് എ ഡി ജി പി അജിത് കുമാര്‍ നല്‍കിയത്. എ ഡി ജി പിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്നതാണ് ഡി ജി പി റിപോര്‍ട്ട്. ഏത് റിപോര്‍ട്ടിനെ അവലംബിച്ച് അന്വേഷണം തുടങ്ങണമെന്ന ആശങ്ക അന്വേഷണം നീളാന്‍ ഇടയാക്കി. അതോടെ അന്വേഷണം നിലച്ചെന്ന വിമര്‍ശമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ ചിത്തരഞ്ജനെ പരാതിക്കാരനാക്കി തൃശൂര്‍ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

പൂരം കലക്കാന്‍ ഗൂഢാലോചനയും മനപ്പൂര്‍വമായ ശ്രമങ്ങളുമുണ്ടായെന്ന് എഫ് ഐ ആറില്‍ പറയുമ്പോള്‍, വെടിക്കെട്ട് തുടങ്ങാന്‍ അല്‍പ്പം താമസം നേരിട്ടതിനപ്പുറം അത്തരം നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അതെല്ലാം പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണമാണെന്നുമാണ് ശനിയാഴ്ച കോഴിക്കോട്ട് പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചത്. അതേസമയം, ഇതിന് കടകവിരുദ്ധമാണ് ഈ മാസം മൂന്നിന് തിരുവനന്തപുരത്തുണ്ടായ പത്രസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം. പൂരം അട്ടിമറിക്കാന്‍ ശ്രമം നടന്നു, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അരങ്ങേറിയ ആസൂത്രിത നീക്കമാണ് അവിടെ അരങ്ങേറിയതെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം താറുമാറാക്കാനുള്ള നീക്കമായിരുന്നു അതെന്നും മുഖമന്ത്രി ചൂണ്ടിക്കാട്ടി.

പൂരം അലങ്കോലപ്പെടുത്താന്‍ ബോധപൂര്‍വ ശ്രമങ്ങളുണ്ടായെന്ന് സാഹചര്യ തെളിവുകളുദ്ധരിച്ച് നേരത്തേ സി പി ഐ ചൂണ്ടിക്കാട്ടിയതാണ്. പൂര ദിവസം എ ഡി ജി പി അജിത് കുമാറടക്കം തൃശൂരിലുണ്ടായിരുന്നു. പൂരത്തലേന്ന് ക്രമസമാധാന-സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ ഉന്നതതല യോഗത്തിലും എ ഡി ജി പി പങ്കെടുത്തു. അതേസമയം പൂരം അലങ്കോലപ്പെട്ട സമയത്ത് എ ഡി ജി പി തൃശൂര്‍ നഗരത്തില്‍ തന്നെയുള്ള പോലീസ് അക്കാദമിയില്‍ തന്നെയുണ്ടായിട്ടും ഇടപെടുകയോ പരിഹാരത്തിന് മുന്‍കൈ എടുക്കുകയോ ചെയ്തില്ല. മാത്രമല്ല, പൂരം അലങ്കോലപ്പെട്ട വിവരമറിഞ്ഞ് പരിഹാര ശ്രമത്തിനായി സ്ഥലത്തെത്താന്‍ ശ്രമിച്ച റവന്യൂ മന്ത്രി കെ രാജന്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര തടസ്സപ്പെട്ടപ്പോള്‍, ബി ജെ പി നേതാവും തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായിരുന്ന സുരേഷ് ഗോപിയും സംഘ്പരിവാര്‍ സംഘവും സേവാ ഭാരതിയുടെ ആംബുലന്‍സില്‍ സുഖമായി സ്ഥലത്തെത്തുകയും ചെയ്തു. ഇതൊക്കെ ചില ഒത്തുകളികളുടെ ഭാഗമാണെന്ന് സി പി ഐ ചൂണ്ടിക്കാട്ടിയിരുന്നു. തൃശൂര്‍ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിക്ക് ജയിക്കാനാണ് പൂരം കലക്കിയതെന്ന് ഇക്കഴിഞ്ഞ ദിവസവും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു. ആര്‍ എസ് എസിന്റെ പ്രമുഖ നേതാക്കളുമായി എ ഡി ജി പി കൂടിക്കാഴ്ച നടത്തിയതും ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. പ്രശ്നപരിഹാരത്തിന് എ ഡി ജി പി ഇടപെടാതിരുന്നത് കടുത്ത വീഴ്ചയാണെന്ന് ഡി ജി പിയും വ്യക്തമാക്കിയതാണ്.

പൂരം അലങ്കോലപ്പെട്ടതു സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശാനുസാരം എ ഡി ജി പി നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ വന്ന കാലതാമസവും ദുരൂഹമാണ്. ഒരാഴ്ച കൊണ്ട് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെ ഏപ്രിലിലാണ് അന്വേഷണ ചുമതല മുഖ്യമന്ത്രി എ ഡി ജി പി അജിത് കുമാറിനെ ഏല്‍പ്പിച്ചത്. അഞ്ച് മാസമായിട്ടും റിപോര്‍ട്ട് സമര്‍പ്പിക്കാതിരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് സെപ്തംബര്‍ മൂന്നാം വാരത്തില്‍ അജിത് കുമാര്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്നത്.

എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്നതു പോലെ തൃശൂര്‍ പൂരം അട്ടിമറി കേസിലും പ്രതികളെന്ന് ആരോപിക്കുന്നവരെ സംരക്ഷിക്കാന്‍ നിരന്തരം അണിയറ നീക്കങ്ങള്‍ നടന്നിട്ടുണ്ട്. പ്രതിപക്ഷത്ത് നിന്നും ഭരണകക്ഷിയായ സി പി ഐയില്‍ നിന്നും സമ്മര്‍ദം ശക്തമായപ്പോഴാണ് ഇപ്പോള്‍ പൂരം കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതമായത്. ഈ അന്വേഷണം ഇനി സത്യസന്ധമായും സ്വതന്ത്രമായും മുന്നോട്ട് പോകുമോ? അതോ തിരുവനന്തപുരം മേയര്‍ കെ എസ് ആര്‍ ടി സി ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുകയും ബസില്‍ അതിക്രമിച്ചു കയറി യാത്രക്കാരെ പെരുവഴിയിലാക്കുകയും ചെയ്ത കേസിലെ അന്വേഷണത്തിന്റെ ഗതിയാകുമോ? മേയര്‍ക്കും ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന റിപോര്‍ട്ടാണല്ലോ പ്രസ്തുത കേസില്‍ പോലീസ് സമര്‍പ്പിച്ചത്.

 

Latest