Kerala
പൂരം കലക്കല്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ ഹിന്ദുസമൂഹത്തെ അപമാനിക്കുന്നു- വി മുരളീധരന്‍
ദേവസ്വം ഭാരവാഹികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തെ ചെറുക്കും
തൃശൂര്‍ | പൂരം അലങ്കോലപ്പെടുത്തിയത് തിരുവമ്പാടി ദേവസ്വമാണെന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് ദേശക്കാരെയും ഹിന്ദുസമൂഹത്തയാകെയും അവഹേളിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ദേവസ്വം ഭാരവാഹികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തെ ചെറുക്കും. പൂരം കലക്കല്‍ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു.
പൂരം കലക്കിയത് പോലീസാണെന്ന് എല്ലാവര്‍ക്കുമറിയാം. എഡിജിപി അജിത്കുമാര്‍ പിണറായി വിജയന്‍ പറയുന്നതേ റിപ്പോര്‍ട്ടില്‍ എഴുതൂ എന്ന് മുരളീധരന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടോടെ അജിത് കുമാര്‍ സംഘപരിവാര്‍ ബന്ധമുള്ളയാളെന്ന ആരോപണം പൊളിഞ്ഞു. ബിജെപിയെ വിജയിപ്പിച്ചതിന് തൃശൂരിലെ ജനങ്ങളോട് പിണറായി വിജയന്‍ പകവീട്ടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇസ്ലാമിക തീവ്രവാദത്തെ തള്ളിപ്പറയുന്ന എ വിജയരാഘവന്റെ പ്രസ്താവന പോളിറ്റ് ബ്യൂറോയുടെ ഔദ്യോഗിക നിലപാടാണോ എന്ന് സിപിഎം വിശദീകരിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. തരംപോലെ നിലപാട് മാറ്റി ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ ആ തട്ടിപ്പ് ജനം തിരിച്ചറിയുമെന്നും വി മുരളീധരന്‍ പറഞ്ഞു