Connect with us

pope francis

ഫ്രാൻസിസ് മാർപ്പാപ്പയുടെ ക്ഷമാപണ യാത്ര

ക്ഷമാപണം നടത്താന്‍ പോപ്പ് വന്നുവെന്നത് ചരിത്രത്തോടുള്ള ബാധ്യത നിറവേറ്റലായി വിലയിരുത്താവുന്നതാണ്. തീര്‍ച്ചയായും അത് മാതൃകാപരമായ ചുവടുവെപ്പുമാണ്. എന്നാല്‍ പോപ്പിന്റെ ആ ചേര്‍ത്തുപിടിക്കല്‍ ലോകത്താകെയുള്ള സഭാ ഇടപെടലുകളില്‍ വര്‍ത്തമാന കാലത്ത് എന്ത് പരിവര്‍ത്തനമുണ്ടാക്കുമെന്നതാണ് ചോദ്യം.

Published

|

Last Updated

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആറ് ദിവസത്തെ കനേഡിയന്‍ പര്യടനത്തെ വിശേഷിപ്പിക്കപ്പെട്ടത് ക്ഷമാപണ യാത്രയെന്നാണ്. കാനഡയിലെ കത്തോലിക്കാ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ തദ്ദേശവാസികളായ കുട്ടികള്‍ക്കു നേരെ നടന്ന ലൈംഗികാതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സാംസ്‌കാരിക അതിക്രമത്തിനും ക്ഷമാപണം നടത്താനായിരുന്നു കത്തോലിക്കാ സഭയുടെ അത്യുന്നത നേതാവ് കാനഡയിലെത്തിയത്. ഫസ്റ്റ് നാഷന്‍ പീപ്പിള്‍, ഇന്ത്യന്‍സ് തുടങ്ങിയ പദങ്ങളുപയോഗിച്ച് വിശേഷിപ്പിക്കുന്ന കനേഡിയന്‍ ആദിവാസി, ഗോത്ര സമൂഹത്തിന്റെ പിന്‍മുറക്കാരെ നേരില്‍ കണ്ട് ക്ഷമാപണം നടത്താന്‍ പോപ്പ് വന്നുവെന്നത് ചരിത്രത്തോടുള്ള ബാധ്യത നിറവേറ്റലായി വിലയിരുത്താവുന്നതാണ്. നടന്നത് വംശഹത്യ തന്നെയെന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. തീര്‍ച്ചയായും അത് മാതൃകാപരമായ ചുവടുവെപ്പുമാണ്. എന്നാല്‍ പോപ്പിന്റെ ആ ചേര്‍ത്തുപിടിക്കല്‍ ലോകത്താകെയുള്ള സഭാ ഇടപെടലുകളില്‍ വര്‍ത്തമാന കാലത്ത് എന്ത് പരിവര്‍ത്തനമുണ്ടാക്കുമെന്നതാണ് ചോദ്യം.

കാനഡയിലെ ഇരകളുടെ പിന്‍ഗാമികളും കനേഡിയന്‍ സര്‍ക്കാറും പോപ്പിന്റെ മാപ്പ് കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാനഡയില്‍ നിന്ന് കടത്തിക്കൊണ്ടുപോയി വത്തിക്കാനിലെ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള കലാവസ്തുക്കള്‍ തിരിച്ചുനല്‍കണമെന്ന് തദ്ദേശീയരായ കാനഡക്കാര്‍ മാര്‍പ്പാപ്പയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വംശഹത്യക്ക് ഇരയായ കുഞ്ഞുങ്ങളുടെ കുഴിമാടങ്ങള്‍ ഇനിയും കണ്ടെത്താനും തിരിച്ചറിയാനുമുണ്ട്. ഈ ശ്രമകരമായ ദൗത്യത്തിന്റെ സാമ്പത്തിക ഭാരം ചര്‍ച്ച് ഏറ്റെടുക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ട് വെച്ചു. ചര്‍ച്ചും കൊളോണിയല്‍ ഭരണകൂടവും 1800 മുതല്‍ നടത്തിയ വംശഹത്യയെക്കുറിച്ച് സത്യസന്ധമായ ഗവേഷണം ഇനിയും നടന്നിട്ടില്ല. കേവലം മാപ്പപേക്ഷയില്‍ ഒതുങ്ങുന്നതല്ല പരിഹാരക്രിയയെന്ന് ചുരുക്കം.

കൊളോണിയലിസത്തിന്റെ മതമെന്തായിരുന്നു? ജാതിയെന്തായിരുന്നു? അധിനിവേശം രാഷ്ട്രീയവും സാമ്പത്തികവുമായ പിടിച്ചടക്കല്‍ മാത്രമാണോ? മതപരമായ ലക്ഷ്യങ്ങളും ഉള്ളടക്കവും അധിനിവേശത്തിനുണ്ടായിരുന്നില്ലേ? തുടങ്ങി നിരവധിയായ ചോദ്യങ്ങളുയര്‍ത്തുന്നതായിരുന്നു കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങള്‍. തദ്ദേശീയ ഗോത്ര വര്‍ഗക്കാരുടെ മക്കളെ പിടിച്ചു കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി, ഇംഗ്ലീഷ് സംസ്‌കാരം പഠിപ്പിച്ച്, പുതിയ അധികാരികളുടെ അന്തസ്സിനൊത്ത യോഗ്യന്‍മാരാക്കാനായി കത്തോലിക്കാ സഭയും ഭരണകൂടവും നടത്തിയ ക്രൂരതകളുടെ കഥകള്‍ വിളിച്ചു പറയുന്നു ആ കുഴിമാടങ്ങള്‍.

1899 മുതല്‍ 1997 വരെ സസ്‌കാച്ചുവാന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 600ലേറെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പിന്നാലെ ബ്രിട്ടീഷ് കൊളംബിയയിലെ മറ്റൊരു സ്‌കൂളില്‍ നിന്ന് 215 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ നൂറ്റാണ്ടില്‍ ഒന്നര ലക്ഷത്തിലേറെ ആദിവാസി, ഗ്രോത വിഭാഗം കുട്ടികളെ ഇത്തരം റസിഡന്‍ഷ്യന്‍ സ്‌കൂളിലേക്ക് നിര്‍ബന്ധപൂര്‍വം പഠനത്തിന് അയച്ചുവെന്നാണ് കണക്ക്. ഇവരില്‍ ആയിരക്കണക്കിനു കുട്ടികള്‍ പഠനകാലത്ത് മരിച്ചു. ആദിവാസിക്കുട്ടികള്‍ നേരിട്ട പീഡനങ്ങള്‍ക്ക് 2008ല്‍ കാനഡ ഔദ്യോഗികമായി മാപ്പ് പറഞ്ഞെങ്കിലും ഈ കുട്ടികള്‍ക്ക് എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്. മതപരിവര്‍ത്തനത്തിനായുള്ള ബലപ്രയോഗങ്ങളുടെ ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവരാനിരിക്കുന്നു.

ട്രൂത്ത് ആന്‍ഡ് റികണ്‍സിലിയേഷന്‍ കമ്മീഷന്‍ എന്ന പേരില്‍ സ്വതന്ത്ര അന്വേഷണ സമിതി നടത്തിയ നിരീക്ഷണങ്ങളാണ് പരിമിതമായെങ്കിലും സത്യസന്ധമായ വസ്തുതകള്‍ പുറത്തെത്തിച്ചത്. 2015ലാണ് ഈ സമിതിയുടെ റിപോര്‍ട്ടുകള്‍ പുറത്തുവന്നത്. പിന്നെയും നിരവധിയായ കുഴിമാടങ്ങള്‍ സ്‌കൂള്‍ വളപ്പുകളില്‍ കണ്ടെത്തി. കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംവിധാനത്തിലെ 70 ശതമാനവും നടത്തിയിരുന്നത് കത്തോലിക്കാ സഭയായിരുന്നു. 1997 മുതല്‍ ഇവ പഴയ മതപരിവര്‍ത്തന ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങി. പലതും അടച്ചുപൂട്ടി. തോക്കു ചൂണ്ടിയും കത്തി കാണിച്ചും കുടുംബാംഗങ്ങളെയും ഗ്രാമവാസികളെയും പേടിപ്പിച്ച് നിര്‍ത്തി കുട്ടികളെ പിടിച്ചുകൊണ്ടുവരും. പോലീസും പട്ടാളവുമാണിത് ചെയ്യുക. പഠിപ്പിച്ച് “പരിഷ്‌കൃത’രാക്കാനുള്ള ചെലവ് കൊളോണിയല്‍ സര്‍ക്കാര്‍ നല്‍കും. മര്യാദ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ചര്‍ച്ചിനാണ്. സ്വന്തം ഭാഷ സംസാരിക്കാന്‍ അവരെ അനുവദിക്കില്ല. സ്വന്തം ഭക്ഷണം നല്‍കില്ല. ഗോത്രാചാരങ്ങള്‍ അനുവദിക്കില്ല. നൂറുകണക്കിന് കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയരായി. കൗമാരക്കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. ചിലര്‍ ഒളിച്ചോടി ഗ്രാമത്തിലെത്തി. അവരെ വളഞ്ഞിട്ട് പിടിച്ച് തിരിച്ചെത്തിച്ചു. സഹികെട്ട് ചിലര്‍ അക്രമാസക്തരായി. സ്‌കൂളില്‍ വലിയ സംഘര്‍ഷം അരങ്ങേറി, അരും കൊലകളും.

ആദിവാസി കുട്ടികള്‍ക്കെതിരെ നടന്ന ക്രൂരതകള്‍ അന്വേഷിക്കുന്ന വസ്തുതാന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരം റഡാര്‍ സാങ്കേതിക വിദ്യയടക്കം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കുട്ടികളെ കൊന്ന് കുഴിച്ചിട്ടത് തെളിയുകയായിരുന്നു. തുടര്‍ന്ന് വലിയ പ്രക്ഷോഭമാണ് ഗോത്ര വര്‍ഗ സമൂഹവും പൗരാവകാശ സംഘടനകളും നടത്തിയത്. ചിലയിടങ്ങളില്‍ അത് ചര്‍ച്ചുകള്‍ ആക്രമിക്കപ്പെടുന്നതിലേക്കും നീങ്ങി. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്കൊപ്പം ചേരാന്‍ നിര്‍ബന്ധിതരായി. ഒടുവില്‍ വത്തിക്കാനിലിരുന്ന് പോപ്പ് ക്ഷമാപണം നടത്തി. നേരിട്ട് വരണമെന്ന ആവശ്യത്തില്‍ പ്രക്ഷോഭകര്‍ ഉറച്ച് നിന്നതോടെയാണ് ആറ് ദിന ക്ഷമാപണ പര്യടനത്തിന് അദ്ദേഹം കാനഡയിലെത്തിയത്.

അത്രയും നല്ലത്. എന്നാല്‍ ചോദ്യങ്ങള്‍ ഒടുങ്ങുന്നില്ല. കൊളോണിയലിസത്തിനും അധിനിവേശകര്‍ക്കും മതമുണ്ടായിരുന്നുവെന്ന് തുറന്ന് പറയുമോ? തങ്ങളുടെ അധികാര പ്രയോഗത്തിന് എതിര് നില്‍ക്കാനാകാത്തവിധം തദ്ദേശീയരെ ബുദ്ധിപരമായി ഷണ്ഡീകരിക്കാന്‍ കൊളോണിയലിസം ഭാഷയെയും വിദ്യാഭ്യാസത്തെയും അച്ചടിയെയും ഉപയോഗിച്ചുവെന്ന് സമ്മതിക്കുമോ? ഈ തന്ത്രം പ്രാവര്‍ത്തികമാക്കാന്‍ ക്രിസ്ത്യന്‍ സഭകളെ നിയോഗിച്ചുവെന്നും മതവും രാഷ്ട്രീയവും ഒരേ ലക്ഷ്യത്തിനായി കൈകോര്‍ത്തുവെന്നും ഏറ്റുപറയുമോ?