International
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

വത്തിക്കാന്‍ സിറ്റി | ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും പോപ്പ് സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു.
കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയില്‍ മാറ്റം ആവശ്യമാണെന്നും വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു.
മാര്‍പാപ്പയ്ക്ക് എഴുന്നേറ്റിരിക്കാന്‍ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു.പോപ് ഫ്രാന്‍സിസിനെ കണ്ട് സംസാരിച്ചുവെന്നും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.