Connect with us

International

ഫ്രാന്‍സീസ് മാർപാപ്പ വിടവാങ്ങി

വിടവാങ്ങിയത് ഇന്ത്യ സന്ദര്‍ശിക്കണമെന്ന ആഗ്രഹം ബാക്കിവച്ച്

Published

|

Last Updated

വത്തിക്കാന്‍ | ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സീസ് മാർപാപ്പ വിടവാങ്ങി. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7.35 നായിരുന്നു അന്ത്യം. വത്തിക്കാൻ വിഡിയോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ശ്വാസകോശ അണുബാധക്ക് ചികിത്സക്ക് ശേഷം വിശ്രമത്തിലിരിക്കെയാണ് അന്ത്യം.  ഇന്നലെ ഈസ്റ്റർ ദിനത്തിൽ അൽപനേരം സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽകണിയിൽ അദ്ദേഹം വിശ്വാസികളെ സന്ദർശിച്ചിരുന്നു.

എല്ലാ മനുഷ്യര്‍ക്കും ദൈവ സ്‌നേഹം അവകാശപ്പെട്ടതാണെന്നും ആര്‍ക്കും അതു തടയാന്‍ പാടില്ലെന്നും ലോകത്തോടു പറഞ്ഞ മാർപാപ്പയാണ് ഓര്‍മയാവുന്നത്. 11 വര്‍ഷം ആഗോള സഭയെ അദ്ദേഹം നയിച്ചു.

2013 മാര്‍ച്ച് 13 ന് മാര്‍പ്പാപ്പ പദവിയിലെത്തി. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് 16ാമൻ പാപ്പ ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടർന്നാണ് അദ്ദേഹം കത്തോലിക്കാ സഭയുടെ 266 മത്തെ മാർപാപ്പ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് പാപ്പ പദവിയിലെത്തിയ ആളാണ്. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി പാപ്പ അകുന്നതും ഇദ്ദേഹമാണ്. മാർപ്പാപ്പ ആകുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു.

അര്‍ജന്റീനയിലെ ബ്യുണസ് അയേഴ്‌സില്‍ 1936 ഡിസംബര്‍ ഏഴിനായിരുന്നു ജനനം. ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ എന്നായിരുന്നു യഥാര്‍ഥ പേര്. 1958 ലാണ് ഈശോ സഭയില്‍ ചേര്‍ന്നത്. 1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദിനാള്‍ ആയി. സെമിനാരിയിൽ ചേരുന്നതിനു മുമ്പ് ബ്യൂണസ് ഐറിസ് സർവ്വകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

ഇന്ത്യന്‍ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാര്‍പ്പാപ്പയുടെ വിയോഗം. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാന്‍സിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

പൊതുവെ ലളിത ജീവിതം നയിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു താമസം. പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. സാധാരണക്കാരായ ജനങ്ങളുമായിട്ടു അടുത്തിടപഴകാൻ താല്പര്യപെടുന്ന പോപ്‌ ഫ്രാൻസിസ്, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ഫോബ്സ് പട്ടികയിൽ 4-ആം സ്ഥാനം അടുത്തയിടെ നേടിയിരുന്നു.

യുഎഇ സന്ദർശിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി ഗൾഫ് രാജ്യം സന്ദർശിച്ച മാർപാപ്പയായിരുന്നു അദ്ദേഹം. അബുദാബി  കിരീടാവകാശിയും യു.എ.ഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻറേയും യു.എ.ഇയിലെ കത്തോലിക്കാ വിശ്വാസികളുടേയും ക്ഷണപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. അബുദാബി (എമിറേറ്റ്) യിലെ ഷെയ്ഖ് സായിദ് മോസ്ക് സന്ദർശിച്ച മാർപാപ്പ മാനവസാഹോദര്യ സമ്മേളനത്തിലും പങ്കെടുത്തിരുന്നു.

മാർപാപ്പയുടെ വിയോഗത്തില്‍ പ്രമുഖർ അനുശോചിച്ചു.

 

Latest