Connect with us

Articles

ജനകീയം, വികസനോന്മുഖം

തൊഴിലില്ലായ്മ പരിഹരിക്കാനും ഉയര്‍ന്ന സാമ്പത്തിക പുരോഗതി സാധ്യമാക്കാനും ഉതകുന്ന വിധത്തിലാണ് 2022-23 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കൊവിഡ് കാലത്ത് ജനങ്ങള്‍ക്കും സമ്പദ് വ്യവസ്ഥക്കും ഉണ്ടായ ക്ഷീണമകറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന കാഴ്ചപ്പാടാണ് ബജറ്റിനെ ജനകീയമാക്കുന്നത്.

Published

|

Last Updated

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഉയര്‍ന്ന സാമൂഹിക പുരോഗതി നേടിയിട്ടുണ്ട് എന്ന കാര്യം അവിതര്‍ക്കിതമാണ്. കേരളത്തിലെ സാര്‍വ ദേശീയമായ പൊതു വിദ്യാഭ്യാസം, ആരോഗ്യ സംവിധാനങ്ങള്‍, സമ്പദ് വ്യവസ്ഥയില്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള ഇടപെടല്‍, അധികാര വികേന്ദ്രീകരണം തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ ഈ നേട്ടത്തിന് പിറകിലുണ്ട്. എന്നാല്‍ ഈ നേട്ടങ്ങള്‍ എല്ലാം തന്നെ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഏറെ പ്രയാസം നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. കൊവിഡ് മഹാമാരി ജനങ്ങളുടെ ആരോഗ്യ ചെലവുകള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഈ ചെലവുകള്‍ ഏറ്റെടുത്ത് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണ്. സംസ്ഥാന സര്‍ക്കാറുകളെ ഇതിനു പ്രേരിപ്പിക്കുകയും സഹായം നല്‍കുകയും ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. എന്നാല്‍ ഫെഡറല്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്ത സമീപനമാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. ജി എസ് ടി നടപ്പാക്കിയതോടുകൂടി സംസ്ഥാനത്തിന്റെ തനതു വിഭവസമാഹരണ ശേഷി വളരെയധികം കുറഞ്ഞിട്ടുണ്ട്. 2019 മുതല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ച മാന്ദ്യം ജി എസ് ടി വരുമാനം കുറയുന്നതിന് കാരണമായിട്ടുണ്ട്. ഈ അടുത്ത കാലത്താണ് ജി എസ് ടി വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധന കാണാന്‍ സാധിച്ചത്.

കേരളത്തിന്റെ ഉത്പാദനം ഇപ്പോഴും കൊവിഡ് മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയില്‍ പോലും എത്തിയിട്ടില്ല എന്ന് ധനമന്ത്രി തന്നെ സമ്മതിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ തൊഴില്‍ മേഖലകളില്‍ എല്ലാം മഹാമാരി ദുരിതം വിതച്ചിരിക്കുന്നു. ഇപ്പോള്‍ ജനജീവിതം കൊവിഡ് മഹാമാരിക്ക് ശേഷം സാധാരണ സ്ഥിതിയിലാകുകയാണ്. ഈ അവസരത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് 2022 -23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിനെ എല്ലാവരും നോക്കിക്കാണുന്നത്.

തൊഴിലില്ലായ്മ പരിഹരിക്കാനും ഉയര്‍ന്ന സാമ്പത്തിക പുരോഗതി സാധ്യമാക്കാനും ഉതകുന്ന വിധത്തിലാണ് 2022-23 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കൊവിഡ് കാലത്ത് ജനങ്ങള്‍ക്കും സമ്പദ് വ്യവസ്ഥക്കും ഉണ്ടായ ക്ഷീണമകറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന കാഴ്ചപ്പാടാണ് ബജറ്റിനെ ജനകീയമാക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ മേല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന വഴി ഉയര്‍ന്ന നികുതിഭാരം അടിച്ചേല്‍പ്പിച്ചും കോര്‍പറേറ്റ് മേഖലയെ നികുതിയില്‍ നിന്ന് ഒഴിവാക്കി നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കിയും ഉയര്‍ന്ന നിക്ഷേപം സ്വരൂപിക്കുകവഴി ഉയര്‍ന്ന സാമ്പത്തിക വികസനം നേടാനാകും എന്ന് സ്വപ്‌നം കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സാമ്പത്തിക മാന്ദ്യത്തെയും അതുവഴി ജനങ്ങള്‍ അനുഭവിക്കുന്ന ജീവിത പ്രതിസന്ധികളെയും അഭിമുഖീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാത്രമല്ല സംസ്ഥാനങ്ങളെ അതിനു സമ്മതിക്കുന്നുമില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് 2022-23 വര്‍ഷത്തേക്കുള്ള കേരള ബജറ്റ്.
ഏതൊരു സമ്പദ് വ്യവസ്ഥയുടെയും വളര്‍ച്ച ഉറപ്പുവരുത്തുന്നതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വളരെ വലിയ പങ്കാണുള്ളത്. റോഡുകള്‍, പാലങ്ങള്‍, മെച്ചപ്പെട്ട ഗതാഗത സൗകര്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചാല്‍ മാത്രമേ സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയുള്ളൂ. ഗതാഗത മേഖലയില്‍ കുതിപ്പിന് ഉതകുന്നവയാണ് റോഡുകളും പാലങ്ങളും പോലെയുള്ള പശ്ചാത്തല സൗകര്യങ്ങളുടെ വികസനം. സില്‍വര്‍ലൈന്‍ പദ്ധതികള്‍ പോലെയുള്ള പശ്ചാത്തല സൗകര്യ വികസനം പ്രസക്തമാകുന്നത് ഇവിടെയാണ്. പദ്ധതിയുടെ നടത്തിപ്പിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 2,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത്തരം പദ്ധതികളില്‍ സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപത്തിന്റെ ഗുണകങ്ങള്‍ (multipliers) ആയി വരുമാനം വര്‍ധിക്കും എന്നാണ് സാമ്പത്തിക ശാസ്ത്രം പറയുന്നത്. തൊഴിലവസരങ്ങള്‍ കുറവെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിത ഗതിയിലാക്കാന്‍ പശ്ചാത്തല സൗകര്യ വികസനം ഉപകരിക്കും. ഇതിനു പുറമെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം മറ്റൊരു വിധത്തില്‍ കൂടി സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നുണ്ട്. സ്വകാര്യ നിക്ഷേപകര്‍ സമ്പദ് ഘടനയില്‍ നിക്ഷേപങ്ങള്‍ നടത്തണമെങ്കില്‍ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണ്. അതായത് അടിസ്ഥാന സൗകര്യത്തിനായുള്ള സര്‍ക്കാര്‍ നിക്ഷേപം സ്വകാര്യ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിന് കാരണമാകും. സാമ്പത്തിക ശാസ്ത്രത്തില്‍ “ക്രൗഡിംഗ് ഇന്‍’ (crowding in) എന്നാണ് ഇത് അറിയപ്പെടുക. സര്‍ക്കാറിന്റെ നേരിട്ടുള്ള അടിസ്ഥാന സൗകര്യ വികസനം കേരളത്തില്‍ സ്വകാര്യ നിക്ഷേപം ക്രൗഡ് ഇന്‍ ചെയ്യപ്പെടുന്നതിനു കാരണമാകും.

സാമൂഹിക പുരോഗതി ഉറപ്പാക്കുന്നതിനും നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും സാമൂഹിക പശ്ചാത്തല സൗകര്യങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും കൂടുതല്‍ വിഭവസമാഹരണം ഉണ്ടാകണം. ജനങ്ങളുടെ സാമൂഹിക വികസനം ഉറപ്പുവരുത്തുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ആണിവ. 2022-23 വര്‍ഷത്തേക്കുള്ള കേരള ബജറ്റ് സാമൂഹിക പശ്ചാത്തല സൗകര്യ വികസനത്തിന് വേണ്ടത്ര ഊന്നല്‍ നല്‍കുന്നുണ്ട്. ഉദാഹരണത്തിന് 2,630 കോടിയോളം രൂപയാണ് പൊതു ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താനായി വകയിരുത്തിയിട്ടുള്ളത്. 2,546 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയില്‍ വകയിരുത്തിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വകയിരുത്തലുകളും ആരോഗ്യ മേഖലയിലെ സ്‌പെഷ്യലൈസ്ഡ് കെയര്‍ ഉറപ്പുവരുത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള വിഭവ സമാഹരണവും ഇതിനു പുറമെയാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറെ പ്രാധാന്യത്തോടെയാണ് ബജറ്റ് വീക്ഷിക്കുന്നത്. കേരളത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിനും നൈപുണി വികസനത്തിനും കിഫ്ബി ധനസമാഹരണം നടത്തുമെന്ന് ബജറ്റ് വിഭാവന ചെയ്യുന്നു.

എല്‍ ഐ സി പോലെ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പൊതു സ്ഥാപനങ്ങളുടെ പൊതു ആസ്തി, സ്വകാര്യ വ്യക്തികള്‍ക്ക്/കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്യുന്നു. നേരിട്ടുള്ള പശ്ചാത്തല സൗകര്യ വികസനം എന്ന ആശയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഏറെ പിന്നോട്ടുപോയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന ബജറ്റിലെ നിര്‍ദേശങ്ങള്‍ വ്യത്യസ്തമാകുന്നത്.

സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കായി 679.92 കോടി രൂപയും തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ക്കായി 12,903 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അതി ദാരിദ്ര്യ ലഘൂകരണം കേരളത്തിന്റെ തനതായ ഒരു പദ്ധതിയാണ്. ഈ പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളായി 64,352 കുടുംബങ്ങളെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കുടുംബങ്ങളുടെ അതിജീവനത്തിനും ഉപജീവനത്തിനുമുള്ള മൈക്രോ പ്ലാനുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനുള്ള ശ്രമമാണ് വിഭാവനം ചെയ്യുന്നത്. പ്രാദേശിക സര്‍ക്കാറുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിക്ക് 100 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരി മൂലവും സാമ്പത്തിക മാന്ദ്യം മൂലവും തീവ്ര വരുമാന ശോഷണം സംഭവിച്ച ഇന്ത്യയിലെ ഗ്രാമീണ ജനവിഭാഗങ്ങള്‍ക്ക് ഏറെ ആശ്വാസമുള്ള ഒരു പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി. ഈ പദ്ധതി പ്രകാരം തൊളിലാളികള്‍ക്ക് എടുത്ത തൊഴിലിന്റെ കൂലിയായി കോടിക്കണക്കിനു രൂപയുടെ കുടിശ്ശിക നല്‍കാന്‍ ബാക്കി നില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ 2022-23 ബജറ്റില്‍ വിഭവ സമാഹാരം വെട്ടിക്കുറച്ചത്. രണ്ട് സര്‍ക്കാറുകളുടെ ഗ്രാമീണ ജനതയോടുള്ള സമീപനത്തിന്റെ നേര്‍ ദൃഷ്ടാന്തങ്ങളാണ് ഈ നിര്‍ദേശങ്ങള്‍.

കേരളത്തിന്റെ വികസന അനുഭവം ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണ്. കേരളം ചരിത്രപരമായി ആര്‍ജിച്ച ഉയര്‍ന്ന സാമൂഹിക പുരോഗതി നിലനിര്‍ത്താനും കൂടുതല്‍ മുന്നോട്ടുപോകാനും സാമ്പത്തിക പുരോഗതി അനിവാര്യമാണ്. എന്നാല്‍ സാമ്പത്തിക പുരോഗതി നേടുമ്പോള്‍ അതിന്റെ നേട്ടം താഴെത്തട്ടിലേക്ക് കിനിഞ്ഞിറങ്ങിക്കൊള്ളും എന്ന ജനവിരുദ്ധ നിലപാടും സ്വീകരിക്കാനാകില്ല. സാമൂഹിക പുരോഗതി ഉറപ്പുവരുത്തുന്ന, അതി ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന സാമ്പത്തിക മുന്നേറ്റമാണ് ഈ ബജറ്റ് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടിന്റെ അന്തസ്സത്ത.

സാമ്പത്തിക വിദഗ്ധന്‍

Latest