Kerala
പോപ്പുലർ ഫ്രണ്ട് നിരോധനം: 59 പേർക്ക് എതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു
ഇന്ത്യന്‍ ശിക്ഷാ നിയമം 120ബി, 153എ, 120ബി ആർ/ഡബ്ല്യൂ 302 എന്നിവയും യുഎപിഎ 13, 16, 18, 18എ, 18ബി, 20 വകുപ്പുകളുമാണ് പ്രതികൾക്ക് എതിരെ ചുമത്തിയത്.

കൊച്ചി | പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. 59 പേർക്കെതിരെയാണ് കുറ്റപത്രം. കൊച്ചി എൻ ഐ എ കോടതിയിലാണ് കുറ്റപത്രം സമർപിച്ചത്. കേസിൽ പ്രതികളായ 12 പേർ ഒളിവിലാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 120ബി, 153എ, 120ബി ആർ/ഡബ്ല്യൂ 302 എന്നിവയും യുഎപിഎ 13, 16, 18, 18എ, 18ബി, 20 വകുപ്പുകളുമാണ് പ്രതികൾക്ക് എതിരെ ചുമത്തിയത്. റിപ്പോർട്ടേഴ്സ് വിംഗ്, ഫിസിക്കൽ ആൻഡ് ആംസ് ട്രെയിനിംഗ് വിംഗ്, സർവീസ് വിംഗ് തുടങ്ങിയ വിഭാഗങ്ങൾ രൂപീകരിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ജനാധിപത്യം അട്ടിമറിക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. പിഎഫ്‌ഐയ്‌ക്കെതിരായ ഏത് ആക്രമണത്തിനും തിരിച്ചടി നൽകാനും പ്രതികാരം ചെയ്യാനും കേഡറിനെ സജ്ജമാക്കാൻ ഭാരവാഹികൾ ഗൂഢാലോചന നടത്തി. നിരോധിത സംഘടനയായ ഐഎസിനെ പിഎഫ്ഐ നേതാക്കൾ പിന്തുണച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.