Connect with us

National

പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം.

Published

|

Last Updated

ന്യൂഡല്‍ഹി | പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പി എഫ് ഐയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. രാജ്യവ്യാപക റെയ്ഡിന് പിന്നാലെയാണ് നടപടി. യു എ പി എ വകുപ്പ് 3 പ്രകാരമാണ് നിരോധനം. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. യു പി, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശിപാര്‍ശ കൂടി കണക്കിലെടുത്താണ് നിരോധന നടപടി സ്വീകരിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടി നിരോധനത്തിന് കാരണമായെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു.

കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍ സി എച്ച് ആര്‍ ഒ, റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, നാഷണല്‍ വ്യുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നീ പി എഫ് ഐയുടെ എട്ട് അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പി എഫ് ഐ ഓഫീസുകള്‍ സീല്‍ ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പി എഫ് ഐ ഉള്‍പ്പെട്ട കേസുകളില്‍ കടുത്ത നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സമുദായത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, രാജ്യദ്രോഹ പ്രവര്‍ത്തനം, ഭീകര ഗ്രൂപ്പായ ഐ എസുമായുള്ള ബന്ധം, ഭീകര സംഘടനകളില്‍ ചേര്‍ന്നു, വിദേശത്ത് നിന്ന് ഫണ്ടുകള്‍ സ്വീകരിക്കല്‍ തുടങ്ങിയവ ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിമി നിരോധനം ഓര്‍മിപ്പിച്ചാണ് നിരോധനം. 2001 സെപ്തംബര്‍ 26നാണ് സിമിയെ നിരോധിച്ചത്.

 

---- facebook comment plugin here -----

Latest