Kerala
പോപുലർ ഫ്രണ്ട് ഹർത്താൽ: സ്വത്തുക്കൾ കണ്ടുകെട്ടൽ ഇന്ന് പൂർത്തിയാക്കും
പി എഫ് ഐ നേതാവ് അബ്ദുസ്സത്താറിൻ്റെ വീടും വസ്തുക്കളും കണ്ടുകെട്ടി
തിരുവനന്തപുരം | ഹർത്താൽ അക്രമ കേസിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി ഇന്ന് പൂർത്തിയാക്കും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ഇന്ന് അഞ്ചിന് മുമ്പായി സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് നിർദേശിച്ച് ലാൻഡ് റവന്യൂ കമ്മീഷണർ ജില്ലാ കലക്ടർമാർക്ക് കത്തയച്ചു. പ്രതികളായ പോപുലർ ഫ്രണ്ട് നേതാക്കളുടെ വിവരങ്ങൾ ആഭ്യന്തര വകുപ്പിൽ നിന്ന് ശേഖരിച്ച് റവന്യൂ റിക്കവറി നോട്ടീസ് ഒഴിവാക്കി നടപടി സ്വീകരിക്കാനായിരുന്നു നിർദേശം.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർകോട് ജില്ലകളിലെ പ്രതികളുടെ സ്വത്തുവകകളാണ് ഇന്നലെ കണ്ടുകെട്ടിയത്. ജപ്തി നടപടികൾ പൂർത്തിയാക്കി ഈ മാസം 23നകം റിപോർട്ട് നൽകാൻ ഹൈക്കോടതി നിർദേശമുണ്ട്.
കൊല്ലം കരുനാഗപള്ളിയിൽ പി എഫ് ഐ മുൻ ജനറൽ സെക്രട്ടറി അബ്ദുസ്സത്താറിൻ്റെ വീടും വസ്തുക്കളും കണ്ടുകെട്ടി.
തൃശൂരിൽ കുന്നംകുളം താലൂക്കിലെ പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്, പെരുമ്പിലാവ് അധീനയിൽ വീട്ടിൽ യഹിയ കോയ തങ്ങൾ, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലിൽ വീട്ടിൽ ഉസ്മാൻ, ഗുരുവായൂർ പുതുവീട്ടിൽ മുസ്തഫ, വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയിൽ വീട്ടിൽ റഫീഖ് എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.
എറണാകുളത്ത് ആറിടത്ത് ജപ്തി നടന്നു. ഇതിൽ മൂന്നെണ്ണം ആലുവയിലാണ്. പെരിയാർ വാലി ട്രസ്റ്റിൻ്റെയും കുഞ്ഞുണ്ണിക്കര സ്വദേശികളായ അബ്ദുല്ലത്വീഫ്, മുഹമ്മദ് കാസിം എന്നിവരുടെ സ്വത്തുക്കളുമാണ് ജപ്തി ചെയ്തത്.
തിരുവനന്തപുരത്തും കോട്ടയത്തും അഞ്ച് പേരുടെ വീട് ജപ്തി ചെയ്തു. തിരുവനന്തപുരത്ത് കാട്ടാക്കട, വർക്കല, നെയ്യാറ്റിൻകര താലൂക്കുകളിലാണ് ജപ്തി നടന്നത്. കോട്ടയം മീനച്ചിൽ താലൂക്ക് പരിധിയിലെ ഈരാറ്റുപേട്ട വില്ലേജിൽ മൂന്ന് പേരുടെയും കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി താലൂക്കുകളിലായി ഓരോരുത്തരുടെയും സ്വത്തുക്കൾ കണ്ടുകെട്ടി.
കാസർകോട് കാഞ്ഞങ്ങാട് ചീമേനി വില്ലേജിലെ കാക്കടവിൽ നങ്ങാറത്ത് സിറാജുദ്ദീൻ, തെക്കേ തൃക്കരിപ്പൂർ സി ടി സുലൈമാൻ, കാസർകോട് അബ്ദുസ്സലാം, ഉമ്മർ ഫാറൂഖ് ആലമ്പാടി എന്നിവരുടെ സ്വത്തുക്കളും വയനാട്ടിൽ 14 ഇടങ്ങളിലെ വീടും വസ്തുക്കളും കണ്ടുകെട്ടി.
സെപ്തംബർ 23ലെ മിന്നൽ ഹർത്താലിൽ വ്യാപക അക്രമങ്ങൾ നടന്ന സാഹചര്യത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. നഷ്ടപരിഹാരമായ 5.20 കോടി രൂപ കോടതിയിൽ കെട്ടിവെക്കാൻ സെപ്തംബർ 29നാണ് ബഞ്ച് നിർദേശിച്ചത്.