Connect with us

സാഹിത്യം

എഴുത്തിലെ ജനപക്ഷ വീക്ഷണങ്ങൾ

മധ്യവർഗ ബ്രിട്ടീഷ് ജീവിതത്തിന്റെ ദൈനംദിന ചിത്രങ്ങളാണ് മോമിന്റെ രചനകളിലെല്ലാം ദൃശ്യവത്കരിക്കുന്നത്. അവ അവിടുത്തെ സാധാരണക്കാരായ വായനക്കാരെ ഏറെ ആകർഷിച്ചെങ്കിലും നിരൂപകലോകത്തെ തൃപ്തിപ്പെടുത്തിയില്ല. അതുകൊണ്ടുതന്നെ നിരൂപക വിമർശം ഏറെ സഹിക്കേണ്ടിവന്ന എഴുത്തുകാരനായിരുന്നു മോം. പ്രതിസന്ധികൾക്കിടയിലും ജനപക്ഷത്തു നിന്നുകൊണ്ട് തളരാതെ അദ്ദേഹം എഴുത്ത് തുടരുകയാണുണ്ടായത്. മനുഷ്യജീവിതത്തിലെ ഒട്ടേറെ ആകസ്മിക മുഹൂർത്തങ്ങളെ നർമത്തിൽ ചാലിച്ചു രചിച്ച മോമിന്റെ രചനകൾ ഇംഗ്ലീഷ് സാഹിത്യത്തെ സമ്പന്നമാക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചു എന്നത് സത്യമാണ്.

Published

|

Last Updated

ഇംഗ്ലീഷ് സാഹിത്യത്തിൽ ജനകീയത മുറുകെപ്പിടിച്ച എഴുത്തുകാരനായിരുന്നു വില്യം സോമർസെറ്റ് മോം (William Somerset Maugham). നോവലിസ്റ്റ്, കഥാകൃത്ത്, നാടകകൃത്ത്, ഉപന്യാസകാരൻ എന്നീ നിലകളിലെല്ലാം ഇരുപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിന്റെ അക്ഷരലോകത്ത് അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. മധ്യവർഗ ബ്രിട്ടീഷ് ജീവിതത്തിന്റെ ദൈനംദിന ചിത്രങ്ങളാണ് മോമിന്റെ രചനകളിലെല്ലാം ദൃശ്യവത്കരിക്കുന്നത്.

അവ അവിടുത്തെ സാധാരണക്കാരായ വായനക്കാരെ ഏറെ ആകർഷിച്ചെങ്കിലും നിരൂപകലോകത്തെ തൃപ്തിപ്പെടുത്തിയില്ല. അതുകൊണ്ടുതന്നെ നിരൂപക വിമർശം ഏറെ സഹിക്കേണ്ടിവന്ന എഴുത്തുകാരനായിരുന്നു മോം. പ്രതിസന്ധികൾക്കിടയിലും ജനപക്ഷത്തുനിന്നുകൊണ്ട് തളരാതെ അദ്ദേഹം എഴുത്ത് തുടരുകയാണുണ്ടായത്. ഈ എഴുത്തുകാരൻ അരങ്ങൊഴിഞ്ഞിട്ട് അറുപത് വർഷം പൂർത്തിയാവുകയാണ്.
1874 ജനുവരി 25ന് പാരീസിൽ ജനിച്ച സോമർസെറ്റ് മോമിന്റെ ബാല്യം തീർത്തും വർണരഹിതമായിരുന്നു. അദ്ദേഹത്തിന് എട്ട് വയസ്സായപ്പോൾ അമ്മ മരണമടഞ്ഞു.

രണ്ട് വർഷത്തിനുശേഷം അച്ഛനും. അമ്മയുമായി വലിയ വൈകാരിക ബന്ധം പുലർത്തിയിരുന്ന മോമിന് അവരുടെ വിയോഗം സൃഷ്‌ടിച്ച ആഘാതം കനത്തതായിരുന്നു. അമ്മയുടെ വേർപാട് തന്നെ സംബന്ധിച്ചിടത്തോളം ഉണങ്ങാത്ത ഒരു മുറിവാണെന്ന് അദ്ദേഹം പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. അച്ഛന്റെ മരണത്തോടെ അക്ഷരാർഥത്തിൽ അനാഥനായ മോം പിന്നീട് പിതൃബന്ധത്തിലുള്ള ഒരു അമ്മാവന്റെ സംരക്ഷണയിൽ ഇംഗ്ലണ്ടിലാണ് വളർന്നത്.

1897 ൽ ലണ്ടനിലെ സെന്റ് തോമസ് മെഡിക്കൽ സ്‌കൂളിൽനിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയെങ്കിലും സ്റ്റെതസ്കോപ്പിനു പകരം പേനയാണ് അദ്ദേഹം കൈയിലെടുത്തത്. തിനിടെ സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ കുറച്ചുകാലം അദ്ദേഹം സന്ദർശനം നടത്തുകയും ചെയ്തു. 1897ൽ മോമിന്റെ ആദ്യ നോവൽ Liza of Lambeth പ്രസിദ്ധീകരിച്ചു. നോവൽ വലിയ ജനപ്രീതി നേടിയെങ്കിലും അദ്ദേഹം അധികം വൈകാതെ നാടകരംഗത്തേക്ക് ചുവടുമാറ്റുകയായിരുന്നു. മുപ്പത്തിരണ്ട് നാടകങ്ങൾ എഴുതിയതിൽ മിക്കവയും നിറഞ്ഞ വേദിയിൽ ഏറെ കാലത്തോളം പ്രദർശിപ്പിക്കുകയുണ്ടായി.

ലണ്ടനിൽ ഒരേ സമയം മോമിന്റെ നാല് നാടകങ്ങൾ വരെ അരങ്ങേറിയ കാലമുണ്ടായിരുന്നു. 1933ൽ നാടക മേഖലയോട് വിട പറഞ്ഞ മോം വീണ്ടും ഫിക്്ഷന്റെ ലോകത്തെത്തി. അതിനെത്തുടർന്ന് നോവലുകളും ഒട്ടേറെ ചെറുകഥകളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നുവീണു. ഒന്നാം ലോക മഹായുദ്ധ കാലത്ത് സീക്രട്ട് ഏജന്റായി സേവനമനുഷ്ഠിച്ച എഴുത്തുകാരൻ പിൽക്കാലത്ത് ഫ്രാൻസിലേക്ക് തിരിച്ചുപോവുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. 1965 ഡിസംബർ പതിനഞ്ചിന് അദ്ദേഹം അന്തരിച്ചു.

നോവലിസ്റ്റ് എന്ന നിലയിൽ സോമർസെറ്റ് മോം എന്ന എഴുത്തുകാരനെ പ്രശസ്തനാക്കിയത് നാല് നോവലുകളാണ്. Of Human Bondage (1915), The Moon and Sixpence (1919), The Painted Veil (1925), Cakes and Ale (1930), The Razor’s Edge (1944) എന്നിവയാണ് അവ. ചെറുകഥാ സമാഹാരങ്ങളിൽ ഏറെ പ്രധാനം The Casuarina Tree (1926) The Mixture as Before (1940) എന്നിവയാണ്. മിക്ക ചെറുകഥകളും ലോകം മുഴുവനും ആസ്വദിക്കപ്പെട്ടവയാണ്. ഇതിവൃത്ത രചനയിൽ അദ്ദേഹം മോപ്പസാങ്ങിനെ ഓർമിപ്പിക്കുന്നു. വാക്കുകളുടെ മിതത്വം, നേർപ്പിച്ച ഹാസത്തിൽ മുക്കിയെടുത്ത ആഖ്യാനരീതി, നാടകീയമായ പരിണാമഗുപ്തി എന്നിവ മോമിന്റെ ചെറുകഥകളുടെ പ്രധാന സവിശേഷതകളാണ്.

മധ്യവർഗ ഇംഗ്ലീഷ് ജീവിതത്തിലെ ദൈനംദിന ജീവിത മുഹൂർത്തങ്ങൾ തികച്ചും ലളിതമായ ശൈലിയിൽ അദ്ദേഹം അവതരിപ്പിക്കുന്നു. അത്തരം ജീവിതങ്ങളിൽ സർവസാധാരണമായ പൊങ്ങച്ചവും ആത്മപ്രശംസയും പരിഹാസ്യോദകമായി ചിത്രീകരിക്കുന്നതിനൊപ്പം അവയ്‌ക്കെതിരെ അസംഖ്യം ഒളിയമ്പുകൾ തൊടുത്തു വിടുകയും ചെയ്യുന്ന കഥാകൃത്തിന്റെ ആഖ്യാനരീതി സാധാരണക്കാരായ വായനക്കാരെ കുറച്ചൊന്നുമല്ല രസിപ്പിച്ചത്. വരേണ്യ നിരൂപക പ്രഭൃതികളെ അവ പ്രകോപിപ്പിച്ചുവെന്നത് മറ്റൊരു സത്യം.

Mr. Know All, The Luncheon തുടങ്ങിയ കഥകളെല്ലാം ഇത്തരത്തിൽ വായനക്കാരെ ഏറെ ആകർഷിച്ച ചെറുകഥകളാണ്.ഇംഗ്ലീഷ് സാഹിത്യത്തിൽ ആധുനികതയുടെ കാറ്റ് ശക്തമായി വീശിത്തുടങ്ങിയ കാലത്താണ് സോമർസെറ്റ് മോം എഴുതിയിരുന്നത്. എന്നാൽ അതിന്റെ പ്രകമ്പനങ്ങൾ ഒന്നും തന്നെ അദ്ദേഹത്തെ സ്പർശിച്ചില്ല. അദ്ദേഹം തന്റെ പതിവ് രീതിയിൽ തികച്ചും സാധാരണമായി എഴുത്ത് തുടർന്നു. സാഹിത്യലോകം പുതിയ ആഖ്യാനരീതിയിലൂടെ കടന്നുപോകുമ്പോഴും പഴയ രീതി പിന്തുടർന്ന മോം അതുകൊണ്ടുതന്നെ നിരൂപകലോകത്തുനിന്നും ഏറെ വിമർശങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങുകയുണ്ടായി.

മോമിന്റെ എഴുത്ത് കാലഹരണപ്പെട്ടതാണെന്ന് വിധിച്ച നിരൂപകർ അക്കാലത്തെ മുൻനിര എഴുത്തുകാരിൽനിന്നും അദ്ദേഹത്തെ അകറ്റിനിർത്താനും ശ്രമിച്ചു. എന്നാൽ സാധാരണക്കാരായ വായനക്കാർ അദ്ദേഹത്തെ ചേർത്തുപിടിക്കുകയാണുണ്ടായത്. അതിൽനിന്നും ഊർജം ഉൾക്കൊണ്ടുകൊണ്ടാണ് പിന്നീടും അദ്ദേഹം എഴുതിയത്.എന്തുതന്നെയായാലും മനുഷ്യജീവിതത്തിലെ ഒട്ടേറെ ആകസ്മിക മുഹൂർത്തങ്ങളെ നർമത്തിൽ ചാലിച്ചു രചിച്ച മോമിന്റെ രചനകൾ ഇംഗ്ലീഷ് സാഹിത്യത്തെ സമ്പന്നമാക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചു എന്നത് സത്യമാണ്. ലോകമെമ്പാടും ഇപ്പോഴും ആസ്വദിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ചെറുകഥകൾ ഈ വസ്തുത സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

Latest