First Gear
ജനപ്രിയം സെൽറ്റോസ്; ഇന്ത്യയിൽ 10 ലക്ഷം പിന്നിട്ട് കിയ
2019- ഇന്ത്യയിൽ എത്തിയ കിയ, ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും അത്യാധുനിക രൂപകൽപ്പനയും കൈമുതലാക്കിയാണ് ഇന്ത്യൻ വിപണി പിടിച്ചത്.
മുംബൈ | ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചതിൻ്റെ അഞ്ചാം വാർഷികം ആഘോഷിക്കുകയാണ് കിയ. വാർഷികാഘോഷ വേളയിൽ ഇന്ത്യൻ കാർ വിപണിയിൽ പുതിയൊരു റെക്കോഡും സൃഷ്‌ടിച്ചിരിക്കുകയാണ് ഈ ദക്ഷിണ കൊറിയൻ കമ്പനി. അഞ്ച് വർഷത്തിൽ 10 ലക്ഷം കാറുകളാണ് കിയ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. ആദ്യമായാണ് ഒരു കമ്പനി ഈ നേട്ടം കൈവരിക്കുന്നത്.
കിയയുടെ ഈ വിജയത്തിനുപിന്നിൽ മിഡ്-സൈസ് എസ്‌യുവി മോഡലായ കിയ സെൽറ്റോസാണ്. കിയയുടെ വിൽപ്പനയിൽ 48 ശതമാനവും ഈ മോഡലാണ്. സെൽറ്റോസിന് പിന്നാലെ സോനെറ്റും കാരൻസുമാണ് കൂടുതൽ വിറ്റഴിഞ്ഞത്. സോനെറ്റ് 34 ശതമാനവും കാരൻസ് 16 ശതമാനവും വിറ്റഴിഞ്ഞു.
2019- ഇന്ത്യയിൽ എത്തിയ കിയ, ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും അത്യാധുനിക രൂപകൽപ്പനയും കൈമുതലാക്കിയാണ് ഇന്ത്യൻ വിപണി പിടിച്ചത്. വില കുറഞ്ഞ വാഹനങ്ങളുടെ വിപണിയാണ് ഇന്ത്യയിലുള്ളതെന്ന സങ്കൽപ്പം തിരുത്തിയാണ് കിയ വളർന്നത്.
ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സാങ്കേതികവിദ്യ ഉൾപ്പെടെ അവതരിപ്പിച്ച കിയ മധ്യവർഗ കുടുംബങ്ങളിലേക്കും ഇത് എത്തിച്ചു.
നിലവിൽ, കിയ ഇന്ത്യ 3 ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. IVT, 6AT, 7DCT, ഇത് മൊത്തം വിൽപ്പനയുടെ 32% സംഭാവന ചെയ്യുന്നു. കിയ 2020-ൽ സോനെറ്റിനൊപ്പം iMT (ഇൻ്റലിജൻ്റ് മാനുവൽ ട്രാൻസ്മിഷൻ) പുറത്തിറക്കി, അതിൻ്റെ ആഭ്യന്തര ഡിസ്പാച്ചുകളിൽ 15% സംഭാവന ചെയ്തു.
2019-ൽ 45,226 കാറുകൾ വിറ്റഴിച്ച കമ്പനി, 2020-ൽ 140,505 യൂണിറ്റും 2021-ൽ 181,583 യൂണിറ്റും 2022-ൽ 254,556 യൂണിറ്റും വിറ്റു. ഈ വർഷം ഏഴ് മാസത്തിനിടെ 1.5 ലക്ഷം കാറുകളാണ് വിറ്റഴിച്ചത്.
കിയയുടെ ഒരു പ്രധാന കയറ്റുമതി കേന്ദ്രം കൂടിയാണ് ഇന്ത്യ. നൂറിലധികം രാജ്യങ്ങളിൽ വിപണിയുള്ള കിയ 2.6 ലക്ഷം കാറുകളാണ് ഇതുവരെ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്‌തത്.