Connect with us

japan and less birth rate

ആള്‍ക്ഷാമം: ജപ്പാനും പിന്‍നടത്തത്തിന്റെ പാതയിലാണ്‌

വിവാഹത്തോടും കുടുംബ സംവിധാനത്തോടും മുഖം തിരിക്കുന്ന, സ്വതന്ത്ര ലൈംഗികതയില്‍ അഭിരമിക്കുന്ന യുവ തലമുറയെ സൃഷ്ടിക്കാനായി ജെന്‍ഡര്‍ വാദങ്ങളുമായി വരുന്നവര്‍ ജപ്പാനില്‍ നിന്നുള്ള വാര്‍ത്ത മനസ്സിരുത്തി വായിക്കേണ്ടതാണ്.

Published

|

Last Updated

പ്പാന്‍ ടുഡേയില്‍ വന്ന വാര്‍ത്ത കൗതുകമുണര്‍ത്തുന്നതും അതുപോലെ ഗൗരവപൂര്‍ണമായ ചിന്തകളുണര്‍ത്തുന്നതുമാണ്. കുഞ്ഞിന് ജന്‍മം നല്‍കിയാല്‍ ദമ്പതികള്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ നല്‍കി വരുന്ന തുക കുത്തനെ ഉയര്‍ത്തിയെന്നാണ് വാര്‍ത്ത. ജനന നിരക്ക് ഭീതിജനകമായ തോതില്‍ ഇടിയുന്ന ജപ്പാനില്‍ കുടുംബം വലുതാക്കുന്നവര്‍ക്ക് വിവിധങ്ങളായ പ്രോത്സാഹനങ്ങള്‍ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതികള്‍ പലത് ആവിഷ്‌കരിച്ചിട്ടും ഒന്നും ഫലം കാണുന്നില്ല. കുഞ്ഞുങ്ങള്‍ വേണ്ടെന്നു വെക്കുന്നവരാണേറെയും. വിവാഹം കഴിക്കാനേ താത്പര്യമില്ലാത്തവരുടെ എണ്ണവും കൂടി വരികയാണ്. ലിവിംഗ് ടുഗതറാണ് പഥ്യം. ജനന നിഷേധം ഉറപ്പ് വരുത്തിയ ഒരുമിച്ചുറങ്ങല്‍. സ്വവര്‍ഗരതിയും ജെന്‍ഡര്‍ ആശയക്കുഴപ്പങ്ങളുമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വേറെയും. ഇനി വിവാഹം കഴിച്ച് ഒരു കുഞ്ഞ് ജനിച്ചാല്‍ തന്നെ രണ്ടാമത്തെ കുഞ്ഞിന്റെ കാര്യം ചിന്തിക്കുകയേ ചെയ്യുന്നില്ല. ഇതോടെ ജപ്പാന്റെ ജനന നിരക്ക് കുത്തനെ ഇടിയുകയും വൃദ്ധ ജനതയുടെ ഇടമായി രാജ്യം മാറുകയുമാണ്. സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതമാണ് ഈ പ്രവണതയുണ്ടാക്കുന്നത്. തൊഴില്‍ സേനയുടെ വലിപ്പം അപകടകരമായ നിലയില്‍ ചുരുങ്ങുകയാണ്.

കുടുംബത്തിലേക്ക് ഒരാളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നേരത്തേ ബേങ്കിലൂടെ കിട്ടിയിരുന്ന പണം വര്‍ധിപ്പിക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുകയാണെന്ന് ജപ്പാന്‍ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു. താന്‍ ഇക്കാര്യം പ്രധാനമന്ത്രി ഫുമിയോ കിഷിദയോട് ചര്‍ച്ച ചെയ്തുവെന്നും 2023 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുമെന്നും ആരോഗ്യ, തൊഴില്‍, ക്ഷേമ മന്ത്രി കത്സുനോബു കാതോ പറയുന്നു. നിലവില്‍ ജപ്പാനില്‍ ഓരോ കുഞ്ഞ് ജനിക്കുമ്പോഴും രക്ഷിതാക്കള്‍ക്ക് 4,20,000 യെന്‍ (2.52 ലക്ഷം രൂപ) ഗ്രാന്റായി നല്‍കുന്നുണ്ട്. ഇത് 5,00,000 യെന്‍ (മൂന്ന് ലക്ഷം രൂപ) ആക്കി ഉയര്‍ത്താനാണ് ജപ്പാന്‍ സര്‍ക്കാറിന്റെ തീരുമാനം.

ഈ നീക്കവും വലിയ ഫലമുണ്ടാക്കില്ലെന്നാണ് ജപ്പാനീസ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒന്നാമത്തെ പ്രശ്‌നം, ഗര്‍ഭം ധരിക്കാന്‍ സ്ത്രീകള്‍ക്ക് താത്പര്യമില്ല എന്നത് തന്നെയാണ്. ലൈംഗികത ആസ്വാദന ഉപാധി മാത്രമാണെന്ന പൊതു ബോധമാണ് ആഴത്തില്‍ വേരൂന്നുന്നത്. വിവിധ ഗര്‍ഭ നിഷേധ സംവിധാനങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം സ്ത്രീകളുടെ പ്രത്യുത്പാദന ക്ഷമതയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഇരുപതിനും മുപ്പതിനുമിടയില്‍ പ്രായമുള്ളവരില്‍ പോലും ഈ പ്രതിസന്ധി രൂക്ഷമാണ്. ആഗ്രഹിച്ചാല്‍ പോലും കുഞ്ഞ് ജനിക്കാത്ത സ്ഥിതി. പ്രസവത്തിന് വേണ്ടിവരുന്ന ഭീമമായ ചെലവാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു പ്രശ്‌നം. പ്രസവം കഴിയുമ്പോള്‍ അതിന് ചെലവാകുന്ന തുക ഗ്രാന്റ് ലഭിക്കുന്ന പണത്തിനോടടുത്ത് വരുമെന്നും അനുബന്ധ ചെലവ് കൂടി വരുമ്പോള്‍ താങ്ങാനാകില്ലെന്നുമാണ് ദമ്പതികളുടെ പരാതി. സാധാരണ ഒരു പ്രസവം നടക്കുമ്പോള്‍ ഏതാണ്ട് 4,73,000 യെന്‍ (2.84 ലക്ഷം രൂപ) ചെലവാകും. പ്രസവാനന്തര ചെലവുകള്‍ക്കും കുഞ്ഞിന്റെ സംരക്ഷണത്തിനും മറ്റുമായി ഇതിന്റെ ഇരട്ടിയോളംവരും. സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുന്ന ജപ്പാനില്‍ ജീവതച്ചെലവ് കുത്തനെ ഉയരുമ്പോള്‍ എന്തിന് പുതിയൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നാണ് യുവതീയുവാക്കളുടെ ചോദ്യം.

2021ല്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം ഒരു നൂറ്റാണ്ടിനിടെ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യമാണ് ജപ്പാന്‍. ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം 8,11,604 പേര്‍ ജനിച്ചുവെന്നാണ് ഔദ്യോഗിക ഏജന്‍സികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തത്. 14,39,809 പേര്‍ മരിച്ചു. ഒരു വര്‍ഷം കൊണ്ട് ജനസംഖ്യയില്‍ 6,28,205 പേരുടെ കുറവാണ് ഉണ്ടായത്. 2022ലെ കണക്കുകളും ആശാവഹമല്ല. ജനുവരി മുതല്‍ സെപ്തംബര്‍ വരെ 5,99,636 കുഞ്ഞുങ്ങളാണ് ജനിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കണക്കിനേക്കാള്‍ 4.9 ശതമാനം കുറവാണിത്. 1973 മുതലാണ് ജപ്പാനില്‍ ജനസംഖ്യാ ഇടിവ് ആരംഭിച്ചത്. നിലവില്‍ 12.5 കോടിയുള്ള ജപ്പാനിലെ ജനസംഖ്യ 2060 ആകുമ്പോഴേക്കും 8.67 കോടിയിലേക്ക് ഇടിയുമെന്നാണ് വിലയിരുത്തല്‍.

ജനബാഹുല്യം പ്രാകൃതവും പുരോഗമനവിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ച് ജനന നിഷേധത്തിനായി വാദിച്ച സര്‍വ രാജ്യങ്ങളും ഇന്ന് പിന്‍നടത്തത്തിന്റെ പാതയിലാണ്. ചൈനയാണ് ഏറ്റവും ക്രൂരമായ ജനന നിഷേധ നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. കുഞ്ഞുങ്ങള്‍ ജനിക്കുന്നത് മഹാപാതകമായി കണ്ട് ചൈന ഒറ്റക്കുട്ടി നയം അക്രമാസക്തമായി നടപ്പില്‍ വരുത്തി. ആള്‍രാഹിത്യത്തിന്റെ അപകടം തിരിച്ചറിഞ്ഞ ചൈന പിന്നെയത് രണ്ട് കുട്ടികളാകാമെന്ന് തിരുത്തി. ഇപ്പോള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് തയ്യാറാകുന്നവര്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ചൈന.

കുടുംബാസൂത്രണമെന്ന ആശയത്തിന് സൈദ്ധാന്തിക അടിത്തറ ഒരുക്കിയ തോമസ് റോബര്‍ട്ട് മാള്‍ത്തസ് ലക്ഷണമൊത്ത മുതലാളിത്ത വിദഗ്ധനായിരുന്നു. മാള്‍ത്തൂഷ്യന്‍ ജനസംഖ്യാ സിദ്ധാന്തത്തിന്റെ പല വൈകല്യങ്ങളിലൊന്ന് അത് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ വായ മാത്രമേ കാണുന്നുള്ളൂ, കൈകള്‍ കാണുന്നില്ല എന്നതാണ്. വിഭവ വികാസം രണ്ട്, നാല്, ആറ്, എട്ട് എന്നിങ്ങനെ നടക്കുമ്പോള്‍ ജനസംഖ്യാ വികാസം രണ്ട്, നാല്, പതിനാറ് എന്നിങ്ങനെ കുതിക്കുമെന്നതാണ് മാള്‍ത്തസ് പറയാന്‍ ശ്രമിച്ചത്. 1700കളില്‍ അദ്ദേഹം പ്രവചിച്ചത് 20ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധമാകുമ്പോഴേക്കും ലോകത്തെ വിഭവങ്ങള്‍ മുഴുവന്‍ ഉപയോഗിച്ച് തീരുമെന്നാണ്. എന്നാല്‍ ഈ പ്രവചനം എത്ര വലിയ വിഡ്ഢിത്തമായിരുന്നുവെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു.

ജനന നിഷേധ മാര്‍ഗങ്ങള്‍ ഇന്ന് ലോകത്ത് ട്രില്യണ്‍ കണക്കിന് വിറ്റുവരവുള്ള കൂറ്റന്‍ വ്യവസായമാണ്. ആക്ടാവിസ്, ബായര്‍ എ ജി, ചര്‍ച്ച് ആന്‍ഡ് ഡ്വിവൈറ്റ്, കൂപ്പര്‍ സര്‍ജിക്കല്‍, ഫൈസര്‍ തുടങ്ങി ഈ രംഗത്തുള്ള കമ്പനികള്‍ക്ക് ലോകത്തെ വിലക്കെടുക്കാനുള്ള ശേഷിയുണ്ട്. ക്രൂരമായ പരീക്ഷണങ്ങളാണ് ഈ കമ്പനികള്‍ മനുഷ്യരില്‍ നടത്തുന്നത്. 15 തരം ജനനനിഷേധ സംവിധാനങ്ങള്‍ വിപണിയിലുണ്ടെന്നാണ് കണക്ക്. ഹോര്‍മോണ്‍ അധിഷ്ഠിതമാണ് മിക്കവയും. കോണ്ടമുകള്‍, ഡയഫ്രമുകള്‍, ഗര്‍ഭ നിഷേധ ഗുളികകള്‍, ഇംപ്ലാന്റുകള്‍, ഐ യു ഡികള്‍, വന്ധ്യംകരണ ഉപകരണങ്ങള്‍, ശസ്ത്രക്രിയകള്‍… കോടികള്‍ കൊയ്യാനുള്ള ഉപാധികള്‍ നീളുന്നു. ജനന നിഷേധ പ്രചാരണത്തിന് പണം മുടക്കുന്നത് ഈ കമ്പനികളും അവയുടെ ബലത്തില്‍ നിലനില്‍ക്കുന്ന ഭരണകൂടങ്ങളുമാണ്.

വിവാഹത്തോടും കുടുംബ സംവിധാനത്തോടും മുഖം തിരിക്കുന്ന, സ്വതന്ത്ര ലൈംഗികതയില്‍ അഭിരമിക്കുന്ന യുവ തലമുറയെ സൃഷ്ടിക്കാനായി ജെന്‍ഡര്‍ വാദങ്ങളുമായി വരുന്നവര്‍ ജപ്പാനില്‍ നിന്നുള്ള വാര്‍ത്ത മനസ്സിരുത്തി വായിക്കേണ്ടതാണ്. മാനവരാശിയുടെ നിലനില്‍പ്പിനെ തന്നെയാണ് ഇത്തരം ആശയങ്ങള്‍ അരിഞ്ഞു വീഴ്ത്തുന്നതെന്ന് എല്ലാവരും മനസ്സിലാക്കണം.

Latest