National
അശ്ലീല ഉള്ളടക്കം: ഒ ടി ടി പ്ലാറ്റ് ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം
2021ലെ ഐ ടി നിയമ ചട്ടങ്ങള്‍ പാലിക്കണം

ന്യൂ ഡല്‍ഹി | ഗ്രേറ്റ് ഇന്ത്യ ടാലൻ്റ് ഷോയില്‍ അശ്ലീലരൂപത്തില്‍ തമാശ പറഞ്ഞത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അശ്ലീല ഉള്ളടക്കമുള്ള യാതൊന്നും പ്രചരിപ്പിക്കരുതെന്ന് ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഒ ടി ടിക്കും ബ്രോഡ്കാസ്റ്റിംഗ് സെല്‍ഫ് റെഗുലേഷന്‍ ബോഡിക്കുമാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
2021ലെ ഐ ടി നിയമ ചട്ടങ്ങള്‍ പാലിക്കണം. നിയമം ലംഘിക്കുന്ന ഒ ടി ടി, ബ്രോഡ്കാസ്റ്റിംഗ് സെല്‍ഫ് റഗുലേഷന്‍ ബോഡിക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
ഒ ടി ടി പ്ലാറ്റ് ഫോമുകളിലും സാമൂഹിക മാധ്യമങ്ങളിലും പോണോഗ്രഫി, അശ്ലീല ഉള്ളടക്കം എന്നിവ പ്രചരിക്കുന്നതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് എം പിമാരില്‍ നിന്നും ചില സംഘടനകളില്‍ നിന്നും ജനങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
നിയമപ്രകാരം നിരോധിച്ച യാതൊന്നും കൈമാറരുതെന്ന് ഒ ടി ടി പ്ലാറ്റ്ഫോമുകളോട് മന്ത്രാലയം ആവശ്യപ്പെട്ടുയ ചട്ടങ്ങളുടെ ഷെഡ്യൂളില്‍ നല്‍കിയിരിക്കുന്ന പൊതു മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി ഉള്ളടക്കം പ്രായത്തെ അടിസ്ഥാനമാക്കി തരംതിരിക്കണം. കുട്ടികള്‍ക്ക് അത്തരം ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന് ‘എ’ റേറ്റ് ചെയ്ത ഉള്ളടക്കത്തിന് പ്രത്യേക നിയന്ത്രണ സംവിധാനം നടപ്പിലാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തിനും നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം നിര്‍ദേശം പുറപ്പെടുവിച്ചത്. യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നിയമം പാലിക്കാതെ എല്ലാ തരത്തിലുള്ള ഉള്ളടക്കങ്ങളും പങ്കിടുന്നതായി സുപ്രീം കോടതി കണ്ടെത്തിയിരുന്നു.