KERALA BUDGET
ബജറ്റില്‍ നികുതി വര്‍ധനവിന് സാധ്യത
ലോട്ടറി, മദ്യം, ഭൂമി രജിസ്ട്രേഷന്‍, എന്നിവയുടെ നികുതി ഉയര്‍ത്തിയേക്കും
തിരുവനന്തപുരം| സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസ്ഥയില്‍ നികുതി വര്‍ധനവ് അടക്കമുള്ള കാര്യങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് വ്യക്തമാക്കിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നികുതി വര്‍ധനവ് ഉണ്ടായേക്കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. നികുതി പിരിവ് ഊര്‍ജിതമാക്കാനുള്ള നിര്‍ദ്ദേശവും ബജറ്റിലുണ്ടാകും.
കഴിഞ്ഞ നാല് വര്‍ഷമായി പ്രതീക്ഷിച്ചതിനേക്കാള്‍ കുറവ് നികുതി മാത്രമാണ് പിരിച്ചെടുക്കാനായത്. ഓരോ വര്‍ഷവും ശരാശരി ഏഴായിരം കോടിയോളം രൂപ ഈയിനത്തില്‍ പിരിച്ചെടുക്കാനുണ്ട്. നികുതി കുടിശിക പിരിച്ചെടുക്കാന്‍ കര്‍മ്മ പദ്ധതിക്കുള്ള നിര്‍ദ്ദേശവും ബജറ്റിലുണ്ടാകും. നികുതി കുടിശ്ശിക അടക്കുന്നവര്‍ക്കായി ഇളവുകള്‍ക്കും സാധ്യതയുണ്ട്.
ജി എസ് ടി യുടെ പരിധിയില്‍പ്പെടാത്ത ലോട്ടറി, മദ്യം, ഭൂമി രജിസ്ട്രേഷന്‍, എന്നിവയുടെ നികുതി ഉയര്‍ത്തിയേക്കും. ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനും രജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കാനുമുള്ള ശിപാര്‍ശ വിദഗ്ധ സമിതി നേരത്തെ തന്നെ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ഇന്ധന വില വര്‍ധന ദേശീയാടിസ്ഥാനത്തില്‍ ഉടന്‍ ഉണ്ടാകുമെന്നതിനാല്‍ ഇന്ധന സെസ് ഉയര്‍ത്തില്ല. അധിക നികുതി തുടരും. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ലോട്ടറി ഫലതുക ഏകീകരിക്കാനുള്ള നിര്‍ദ്ദേശവും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.