Connect with us

സാഹിത്യം

പോസ്റ്റ് ബുക്ക് ബ്ലൂസ്

സ്‌പോർട്സ് സംബന്ധിയായ രചനകൾ കുറവുള്ളയിടത്ത് വ്യായാമ കലയെ എഴുത്തിന്റെ സർഗാത്മക ലോകവുമായി കൂട്ടിയിണക്കുകയാണ് ഈ പുസ്തകത്തിൽ ചെയ്തിരിക്കുന്നത്. നിരവധി മത്സരങ്ങളിൽ അനുഷ്ഠാനം പോലെ പങ്കെടുക്കുന്ന എഴുത്തുകാരൻ വിജയങ്ങളെ കുറിച്ച് പറയുന്നതേയില്ല.

Published

|

Last Updated

മണ്ണിലൂടെ നാമെത്ര നടന്നു? ഓടി? എത്ര പ്രാവശ്യം നിരത്തുകളിലൂടെ ഭൂമിയെ തന്നെ വലംവെക്കാൻ പാകത്തിൽ നിർത്താതെ=കയും വർഷത്തിൽ ഒരു മാരത്തൺ വീതം പങ്കെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ജപ്പാനീസ് നോവലിസ്റ്റിന്റെ ഓടുന്നതിനെ കുറിച്ചുള്ള ലളിതമായ ഭാഷണമാണ് ഈ 179 പേജുകളുള്ള ചെറുഗ്രന്ഥം. ശരീരത്തിനെയും മനസ്സിനെയും കരുത്തുറ്റതാക്കാൻ കൃത്യമായ പ്രവർത്തനത്തിനപ്പുറത്ത് മാനസിക സഞ്ചാരത്തെ പുറംലോകവുമായി ഇവിടെ വിളക്കിച്ചേർത്തിരിക്കുന്നു.

എഴുത്തുപോലെ ഇക്കാലമത്രയും താൻ ചെയ്തത് ഒരേകാന്തമായ പ്രവർത്തനമാണ്, ഓടുക എന്നുള്ളത്. തെല്ലും ക്ലേശമല്ലാത്ത വായനയിലൂടെ നമുക്കത് ശ്രവിക്കാം. “What I Talk About When I Talk abot running”- Murakami Haruki- “Vintage’ 2009ൽ ആണ് ആ പുസ്തകമിറക്കിയത്.

ടോക്യോവിൽ റസ്റ്ററണ്ട് നടത്തിയിരുന്ന കാലത്തായിരുന്നു തിരക്കുകൾക്കിടയിൽ അൽപ്പസമയം കണ്ടെത്തി എഴുതാനായി മാറ്റിവെച്ചു തുടങ്ങിയത്. പണച്ചെലവില്ലാത്ത, മറ്റാരുടെയും സഹായം ആവശ്യമില്ലാത്ത വിനോദമാണ് മാരത്തൺ. അത് ദിവസവും കൃത്യമായി ആറ് കിലോമീറ്ററുകൾ വെച്ച് എഴ് ദിവസം ചിട്ടയാക്കി ഒടുവിൽ മാരത്തണിലും ട്രയത്തണിലും വരെ ചെന്നെത്തിയ വർഷങ്ങൾ… അത്തരം നീണ്ട പ്രവൃത്തിയുടെ ലഘു ആഖ്യാനമാണ് ഈ പുസ്തകം. ഒപ്പം നോവലിസ്റ്റ് എന്ന നിലയിലെ സാഹിത്യ ഉദ്യമങ്ങളുടെ വിലയിരുത്തലും ഇതിൽ വായിക്കാം. മാരത്തണുകളിലെ ശാരീരിക ക്ലേശങ്ങൾ, മാരത്തൺ മാഗസിനുവേണ്ടി റിപ്പോർട്ട് ചെയ്യാൻ ഗ്രീസിലെത്തി ഓടിയത്.
ഏവർക്കും പരിചിതമായ ഓട്ടത്തെ എഴുത്തുമായി ബന്ധിപ്പിച്ചുള്ള നിരവധി നിരീക്ഷണങ്ങൾ രസകരമാണ്. ഒരേ സമയം അതുവഴി കായിക വിനോദ കുതുകികളെയും സാഹിത്യ പ്രേമികളെയും ഈ പുസ്തകം ആകർഷിക്കുന്നു. യുസ് മാഗസീൻ റണ്ണേഴ്‌സ് വേൾഡിനു വേണ്ടി റണ്ണിംഗ് നോവലിസ്റ്റ് എന്ന തലക്കെട്ടിൽ ഏഥൻസ് മാരത്തൺ റിപ്പോർട്ടിംഗിലൂടെ മാരത്തണിലെ സൂക്ഷ്മാംശങ്ങൾ നമുക്ക് വായിച്ചറിയാം. മാരത്തണിലെ കായിക താരങ്ങളുടെ ക്ലേശപൂർണമായ അനുഭവങ്ങൾ ഒപ്പിയെടുത്തത്. ആദ്യ എഴുത്തിെന്റ അനുഭവമാണെങ്കിലോ? അതിങ്ങനെയാണ്. 1.4.78ൽ ക്രിക്കറ്റ് കണ്ടിരുന്ന വേള. സ്റ്റേഡിയത്തിലെ ആകാശം, പ്രകാശം, ഒരു ബോൾ ഉയർത്തുന്ന ആരവം. ആ നിമിഷത്തിലാണ് മനസ്സിൽ തീപ്പൊരിയായി ഒരു ചിന്ത വീഴുന്നത്. യൂ നോ വാട്ട്? ഐ കൂഡ് ബൈ റൈറ്റിംഗ് എ നോവൽ. തുടർന്ന് ഗംഭീര ആശയങ്ങൾ മനസ്സിലേക്ക് പാറിവീഴുന്നു. അവിടെയാണ് ഈ വിശ്വപ്രസിദ്ധനായ എഴുത്തുകാരന്റെ തുടക്കം. അതും ഒരു സ്റ്റേഡിയത്തിൽ വെച്ച്!

താൻ ആദ്യവരിയെഴുതിയത് ഏതു സാഹചര്യത്തിലാണ്, ഓരോ എഴുത്തുകാരനും അതു പറയാനുണ്ടാകും. പക്ഷേ, ഇതു സമാനതകളില്ലാത്ത അനുഭവമാണ്. മസിലുകൾ ജന്തുക്കളെപ്പോലെയാണ്. മറ്റൊരാളിനെ നോവൽ രചന പഠിപ്പിക്കുക അസാധ്യമായ പ്രവൃത്തിയാണ്. അത് നീന്തൽ അഭ്യസിപ്പിക്കുന്നതു പോലെയാണ്. നോവൽ രചനയൊരു അനാവശ്യ കാര്യമാണ് എന്നാണ് ജപ്പാൻകാർ വീക്ഷിക്കുന്നത്. നോവൽ എഴുതുന്നത്, അതൊരു കാപ്പിക്കപ്പ് ഉയർത്തുന്നതു പോലെ ലഘുവായ പണിയാണ് എന്നാണ് ആളുകളുടെ ധാരണ. അത്തരത്തിലുള്ള നിരീക്ഷണങ്ങൾ ധാരാളമിതിൽ വായിക്കാം. ഓടുന്നതിനിടയിൽ നിരത്തിൽ വെച്ച് തന്നെ കടന്നുപോയവർക്കായി സമർപ്പിക്കപ്പെട്ട ഗ്രന്ഥമാണിത്.

സ്‌പോർട്സ് സംബന്ധിയായ രചനകൾ കുറവുള്ളയിടത്ത് വ്യായാമ കലയെ എഴുത്തിന്റെ സർഗാത്മക ലോകവുമായി കൂട്ടിയിണക്കുകയാണ് ഈ പുസ്തകത്തിൽ ചെയ്തിരിക്കുന്നത്. നിരവധി മത്സരങ്ങളിൽ അനുഷ്ഠാനം പോലെ പങ്കെടുക്കുന്ന എഴുത്തുകാരൻ വിജയങ്ങളെ കുറിച്ച് പറയുന്നതേയില്ല. മാരത്തണിൽ പങ്കെടുക്കുന്ന നേരത്ത് നിങ്ങൾ സൂര്യൻ, എഴുത്ത് എല്ലാം മറക്കും. മുന്നോട്ട് കുതിക്കുന്നതെങ്ങനെ എന്നതിൽ മാത്രമാകും ശ്രദ്ധ. ഭാവനയല്ല, പച്ചയായ അനുഭവ വിവരണമാണ് ഈ ഗ്രന്ഥത്തിന്റെ ആകർഷണീയത. ആ മസിലുകൾ ചൂടുപിടിക്കുന്നത്, വിങ്ങുന്നത് വായനക്കാരനറിയുന്നു. ഓടുന്നതിനിടയിൽ വലിഞ്ഞു തളർന്നുപോയ മസിലുകളിൽ ഉപ്പിലിട്ട പ്ലം കഴിക്കുന്ന നേരത്ത് ഉത്തേജകമായി പ്രവർത്തിക്കുന്നതിനെ കുറിച്ച് എഴുതുമ്പോൾ ഉപ്പിലിട്ട മാങ്ങയും പച്ചവെള്ളവും എന്ന അനുഭവ ഓർമയിലേക്ക് ഏതു മലയാളിയാണ് വീണുപോകാത്തത്?

ഓടുക എന്നത് ഒരു സിങ്കിൾ ഇവന്റാണ്. മാരത്തണിലും എതിരാളി എവിടെ? എഴുത്തിലെമാതിരി. തിരഞ്ഞാൽ രണ്ടിലും എതിരാളിയെ കാണാൻ കഴിയില്ല. അതു തന്നെയാണ് എഴുത്തിലും. അവിടെ ഒന്നാമൻ എന്നൊരു സങ്കൽപ്പമില്ല. ക്രമേണ ഓട്ടത്തിനെ എഴുത്തുകാരൻ സാഹിത്യപ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നു. താൻ തോൽപ്പിക്കേണ്ടത് ആരെയാണ് എന്നറിയാത്തതാണ് മാരത്തൺ. അതുമാതിരി എതിരാളിയില്ലാത്ത പ്രവർത്തനമാണ് എഴുത്തെന്നും അതേ വൈകാരികതയോടെ മുറകാമി നിരീക്ഷിക്കുന്നു.

എഴുത്ത് ഒരു പ്രവാഹമല്ല. അത് കിണർ കുഴിക്കൽ പോലെ ഒരാശയവുമായി കുഴിച്ച് കുഴിച്ച് പോകലാണ്. സ്‌കൂൾ കാലത്ത് ഇഷ്ടമില്ലാത്തത് പഠിക്കാൻ ബദ്ധപ്പെടാത്ത ഞാൻ നിങ്ങൾ ഓടുക എന്നു പറഞ്ഞ് ആളുകളെ പ്രേരിപ്പിക്കാറില്ല. എല്ലാവരെയും എഴുത്തുകാരാക്കാൻ സാധിക്കില്ലല്ലോ. സാഹിത്യത്തിൽ ടാലന്റ് ആവശ്യമാണ്. ഒരേ സമയം ശരീരികവും മാനസികവുമായ അത്യധ്വാനം എഴുത്തിന് ആവശ്യമാണ്. നിങ്ങൾക്ക് ഒരു കാപ്പിക്കപ്പ് ഉയർത്താൻ ശേഷിയുണ്ടെങ്കിൽ ഒരു നോവൽ എഴുതാൻ പറ്റുമെന്ന് നിസ്സാരമാക്കി പറയാറുണ്ട്. എത്ര തെറ്റായ ധാരണയാണത്. ഒരു ദിനം നിങ്ങൾ ഓട്ടം അവസാനിപ്പിച്ചാൽ? എഴുത്ത് നിർത്തിയാൽ? പ്രതിബന്ധങ്ങൾക്ക് മുന്നിൽ കുതിക്കാൻ സാധിക്കാതെ വന്നാൽ? കത്തിജ്ജ്വലിക്കുന്ന യൗവനം അവസാനിച്ചാൽ? വായനക്കാരിയായ യുവതി വിയർപ്പിറ്റുന്ന കൈപ്പത്തിയിലേക്ക് സൗഹൃദ സ്പർശം വെച്ചുതന്നത്. നടപ്പിനിടയിൽ പ്രസിദ്ധ എഴുത്തുകാരനായ ജോൺ ഇർവിംഗിനെ ഇന്റർവ്യു ചെയ്തത്. എതിരെ വന്നവളോട് ഒരിക്കലും മിണ്ടാതെ പോയത്. താനീ പുസ്തകത്തിന്റെ പേര് വായനയിൽ നിന്നും കടം കൊണ്ടത്; ഇത്തരം വായനാ കൗതുകങ്ങൾ മായില്ല തന്നെ. മാരത്തൺ ഓടുമ്പോൾ ഓരോ അവയവത്തിനോടും കെഞ്ചണം. സഹകരിക്കൂ എന്നപേക്ഷിക്കണം. ഞാനൊരു മനുഷ്യനല്ല എന്ന മന്ത്രം ജപിച്ച് ശ്രദ്ധയോടെ. സ്‌പോർട്സ് ഒരു പ്രതീക്ഷയാണ്. പ്രതീക്ഷയെ സംബന്ധിച്ച ഊർജം വിതറുന്ന പുസ്തകമാണ് വിന്റേജ് രണ്ടായിരത്തി ഒന്പതിൽ പ്രസിദ്ധീകിരിച്ച What I Talk About When I Talk about running.

മുറകാമിക്ക് അനുബന്ധമായി വായിക്കാൻ കിട്ടിയ പുസ്തകവും കൗതുകം നിറഞ്ഞതാണ്. സൈക്കിളിംഗിനെ കുറിച്ച് രാജു റാഫേൽ എഴുതിയ “ആംസ്റ്റർഡാമിലെ സൈക്കിളുകൾ’ എന്ന യാത്രാപ്പുസ്തകമാണത്. സൈക്കിളുകൾ തങ്ങളുടെ ആത്മാവിന്റെ ഭാഗമായ ഒരു ജനതയെ കുറിച്ചുള്ള തുടർവായനക്ക് പ്രേരിപ്പിക്കുന്ന പുസ്തകം. ഹോളണ്ടിൽ റേഡിയോ പത്രപ്രവർത്തനത്തിന് നെതർലാൻഡ്സ് വികസന ഏജൻസിയുടെ സ്‌കോളർഷിപ്പോടെ പോയ എഴുത്തുകാരൻ അവിടെ ജനസംഖ്യയേക്കാൾ കൂടുതൽ സൈക്കിൾ കണ്ട് അന്തംവിട്ടു പോകുന്നു. പലതരത്തിലെ സൈക്കിളുകൾ. സൈക്കിൾ സഞ്ചാരികൾക്ക് നൽകുന്ന സൗകര്യങ്ങൾ. അതുമാത്രമല്ല സൈക്കിൾ പാതകൾ, തീവണ്ടികളേക്കാൾ ജനങ്ങൾ സഞ്ചരിക്കുന്നത് സൈക്കിളുകളിലാണ്. അത്തരത്തിലുള്ള കണക്കുകൾ. ഗ്രൂപ്പായുള്ള സൈക്കിൾ സഞ്ചാരം, യുവതീയുവാക്കളുടെ പ്രണയം വെളിപ്പെടുത്താൻ കൈകോർത്തു പിടിച്ചവർ സൈക്കിളോടിച്ചു പോകുന്ന കാഴ്ചകൾ. ഇങ്ങനെ സൈക്കിൾ സഞ്ചാരം നൽകുന്ന സാംസ്‌കാരികതയുടെ കൗതുകം ഇറ്റിക്കുന്ന അനുഭവങ്ങൾ നിറഞ്ഞതാണ് ഈ പുസ്തകം.

റേഡിയോ നെതർലൻഡ്സിൽ മാധ്യമ പഠനാർഥം ഒരു ഡോക്യുമെന്ററി എങ്ങനെ നിർമിക്കാം എന്ന അസൈംമെന്റിന് സൈക്കിൾ പുരാണം പ്രസന്റേഷനാക്കി എല്ലാ പേരേയും രാജു റാഫേൽ ഞെട്ടിപ്പിക്കുന്നു. തുടർന്ന് കോഴ്‌സ് കാലം മുഴുവനും സൈക്കിൾ സഞ്ചാരിയായി മാറുന്നു. വായ്പയായി കിട്ടിയ സൈക്കിളിൽ ചവിട്ടിച്ചവിട്ടി അതിർത്തി കടന്ന് അയൽരാജ്യങ്ങളിലേക്ക് പോകുന്നത്. േകംപ്ലീറ്റ് ഓർക്കസ്ട്ര ട്രൂപ്പ് ഓൺ സൈക്കിൾസ് എന്ന ബാന്റ് ആസ്വദിക്കാൻ അവസരം ലഭിച്ചത്. ഒരു സൈക്കിൾ പെൺകുട്ടി വഴികാട്ടിയായി വന്നു. പ്രകാശം പരത്തുന്ന പുസ്തകമാണിതെന്നു പറയുന്നതിൽ തെറ്റില്ല. ആവേശം അത്രക്ക് നിറക്കുന്നു. അതീവ പാരായണക്ഷമവും ഒരൊറ്റ വിഷയത്തെ ആസ്പദമാക്കിയതുമായ വ്യതിരിക്തമായ യാത്രാപുസ്തകമാണ്. മലയാളികളുടെ കേരളത്തിലെ സൈക്കിൾ അനുഭവവും ഇതിനു സമാന്തരമായി കേരളീയരുടെ സൈക്കിൾ സമീപനവും വ്യക്തമാക്കുന്നതിനു വേണ്ടി പി സലിംരാജ് എഴുത്തുകാരനുമായി നടത്തിയ ഒരു ഇന്റർവ്യു ഇതിനൊപ്പം ചേർത്തിരിക്കുന്നു. ഇങ്ങനെ പെട്രോൾ വില ഉയർന്നാൽ മലയാളികൾ സൈക്കിൾ സഞ്ചാരികളാകും എന്നൊരു പാഴ് പ്രതീക്ഷയും ഗ്രന്ഥകാരൻ പുലർത്തുന്നുണ്ട്. വായന താലോലിക്കാൻ പാകത്തിലുള്ള അനുഭവമായി മാറുന്ന അവസ്ഥയാണ് ഈ ഗ്രന്ഥങ്ങൾ നൽകിയത്.

രസനീയമായ രചനകളുടെ വായന അവസാനിക്കാറാകുമ്പോൾ നേടിയ വിവരാണാതീത സന്തോഷം. അതിതാ തീരാൻ പോകുന്നു എന്നൊരു വികാരവും ഒപ്പം മനസ്സിൽ വന്നിരിക്കും. അത്തരം അവസ്ഥയെയാണ് “പോസ്റ്റ് ബുക്ക് ബ്ലൂസ് ‘ എന്ന സംജ്ഞ സൂചിപ്പിക്കുന്നത്. പോസ്റ്റ് ബുക്ക് ബ്ലൂസിൽ നിന്നുള്ള മോചനത്തിനു പല വഴികളുണ്ട്. അതിലൊന്ന് എന്ന നിലയിലാണ് ഈ കുറിപ്പ്. മുറകാമി വായനയിൽ നിന്നും ലഭിച്ച മറ്റൊരു വാക്കിനെ കുറിച്ചു കൂടി പറഞ്ഞോട്ടേ. റണ്ണേഴ്‌സ് ബ്ലൂസ്. തുറന്നു കയറുന്ന വാതിൽ വന്ന് അപ്രതീക്ഷിതം മുഖത്തടിച്ച പ്രതീതിയാണ് റണ്ണേഴ്‌സ് ബ്ലൂസ് ഉണ്ടാക്കുന്നതെന്ന് മുറകാമി പറയുന്നു. ഇത് മാരത്തണിനിടയിൽ മാത്രമല്ല. ക്ലേശകരങ്ങളായ പ്രവർത്തനങ്ങൾക്കിടയിൽ അവയെ തടസ്സപ്പെടുത്താൻ വരുന്ന നിരാശാജനകമായ ഒരു കൂട്ടം ചിന്തകളും വേദനകളുമാണ്. എഴുത്തുകാരുടെ ജീവിതത്തിലും റണ്ണേഴ്‌സ് ബ്ലൂസിനുള്ള സാധ്യതകൾ ഏറെയാണ്.

Latest