Kerala
കൊവിഡാനന്തര ടൂറിസം; 1,200 ആഭ്യന്തര സഞ്ചാരികളുമായി ആഡംബര കപ്പൽ കൊച്ചിയിൽ
കേരളത്തിന്റെ ബയോബബിൾ സംവിധാനം ഫലപ്രദമെന്ന് മന്ത്രി
കൊച്ചി | കൊവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന സംസ്ഥാനത്തെ ടൂറിസം മേഖലക്ക്് ഉണർവേകി 1,200 ആഭ്യന്തര വിനോദ സഞ്ചാരികളുമായി എം വി എംപ്രസ് ആഡംബര കപ്പൽ ഇന്ന് കൊച്ചിയിലെത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുമായാണ് കോർഡേലിയ ക്രൂയിസസിന്റെ എം വി എംപ്രസ് കപ്പൽ കൊച്ചിയിൽ എത്തുന്നത്. മുംബൈയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പലിലെ 800 യാത്രക്കാർ കൊച്ചി നഗരത്തിലെ കാഴ്ചകൾ അടുത്തറിയാനായി തീരത്ത് ഇറങ്ങും.
രാവിലെ അഞ്ചിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിടുക. 6.30 ഓടെ സഞ്ചാരികൾ പുറത്തിറങ്ങും. പിന്നീട് ഇവർ കൊച്ചിയിലെ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളടക്കമുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. മൂന്ന് സംഘങ്ങളായി പ്രത്യേകം ബസുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യാത്ര.
മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി അടക്കമുള്ള നഗരത്തിന്റെ പഴമയും പാരമ്പര്യവും വിളംബരം ചെയ്യുന്ന ഇടങ്ങൾ സന്ദർശിക്കുന്നതിലൂടെ യാത്രികർക്ക് കേരളത്തിന്റെ സംസ്‌കാരത്തെയും ജീവിതത്തെയും അടുത്തറിയാൻ അവസരം ലഭിക്കും. സഞ്ചാരികൾ കൊച്ചി കായലിലൂടെയുള്ള ബോട്ട് യാത്രയുടെയും ഭാഗമാകും. വൊയേജർ കേരളയാണ് ടൂർ ഏജന്റ്. വൈകിട്ട് മൂന്നിന് കപ്പൽ ലക്ഷദ്വീപിലേക്ക് തിരിക്കും.
കൊവിഡ് പ്രതിസന്ധി മറികടന്ന് കേരളത്തിന്റെ ടൂറിസം മേഖല സജീവമാകുന്നുവെന്ന സൂചനയാണ് സഞ്ചാരികളുമായുള്ള എംപ്രസ് കപ്പലിന്റെ വരവിലൂടെ ലഭിക്കുന്നതെന്ന് ടൂറിസം മന്ത്രി പി എ റിയാസ് പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ യാത്രികർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ ബയോബബിൾ സംവിധാനം ഫലപ്രദമാണെന്ന് ഇതിലൂടെ വെളിപ്പെടുന്നതായും മന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് സംസ്ഥാന വിനോദസഞ്ചാര മേഖല അതിവേഗം തിരിച്ചു വരികയാണെന്ന് ടൂറിസം അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി വേണു പറഞ്ഞു. സഞ്ചാരികളെ വരവേൽക്കാൻ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സജ്ജമാണ്. സജീവമായ ഒരു ടൂറിസം സീസണാണ് ഇനി പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നത് കൊവിഡ് പ്രതിസന്ധി മറികടന്ന് മുന്നോട്ടുപോകാൻ കേരളത്തെ സഹായിക്കുമെന്ന് ടൂറിസം ഡയറക്ടർ വി ആർ കൃഷ്ണ തേജയും പ്രതികരിച്ചു. അടുത്തിടെ കേരളം പ്രഖ്യാപിച്ച സമഗ്ര കാരവൻ ടൂറിസം നയം സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം സാധ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.