National
ഭരണഘടനയെ അധിക്ഷേപിച്ച് പോസ്റ്റ്; യു.പിയില്‍ 21കാരന്‍ അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവാവ് അധിക്ഷേപ പരാമര്‍ശം നടത്തിയത്.

ഗ്രേറ്റര്‍ നോയിഡ| ഭരണഘടനയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഗ്രേറ്റര്‍ നോയിഡയിലെ ബിസാഹ്ദ സ്വദേശി ജ്യാസ് എന്ന ഭാനുവാണ് അറസ്റ്റിലായത്. ഭരണഘടനാ ദിനമായി ആചരിച്ച ഞായറാഴ്ച തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് 21കാരന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ ജ്യാസിനെതിരെ ജര്‍ച്ച പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. യുവാവിനെ ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഐപിസി 354, ഐ.ടി നിയമത്തിലെ 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജര്‍ച്ച പോലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് സുനില്‍ കുമാര്‍ പറഞ്ഞു.