Kerala
എം കെ രാഘവന്‍ എം പി ഒറ്റുകാരനെന്ന് പയ്യന്നൂരില്‍ പോസ്റ്റര്‍
പ്രശ്‌നപരിഹാരത്തിന് കെ പി സി സി മൂന്നംഗ സമിതിയെ നിയോഗിച്ചു
കണ്ണൂര്‍ | എം കെ രാഘവന്‍ എം പി ഒറ്റുകാരനെന്ന് പയ്യന്നൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ്സ് ഓഫീസിന്റെ ചുവരിലും പയ്യന്നൂര്‍ നഗരത്തിലും പതിച്ച പോസ്റ്ററില്‍ എം കെ രാഘവന് മാപ്പില്ലെന്നും പറയുന്നു.
എം കെ രാഘവന്‍ എം പി ചെയര്‍മാനായ മാടായി കോളേജ് ഭരണസമിതി കോഴ വാങ്ങി രണ്ടു സി പി എം പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കിയെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആരോപണം. എം കെ രാഘവനെതിരെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു. എം കെ രാഘവന്‍ സംഘടനാ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാണ് കണ്ണൂര്‍ ഡി സി സി നിലപാട്.
ഇതിനിടെ കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമത നേതാക്കളെ കണ്ടു. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. പ്രശ്‌നപരിഹാരത്തിന് കെ പി സി സി മൂന്നംഗ സമിതിയെ നിയോഗിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയില്‍ കെ ജയന്ത്, അബ്ദുല്‍ മുത്തലിബ് എന്നിവരാണ് അംഗങ്ങള്‍.
എന്നാല്‍ സമവായ നീക്കങ്ങള്‍ക്കിടെയും പ്രതിഷേധത്തിന് കുറവില്ല. മാടായി കോളജ് ഭരണസമിതി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ കെ ജയരാജിനെ വിമത വിഭാഗം കയ്യേറ്റം ചെയ്തു. കണ്ണൂര്‍ പഴയങ്ങാടിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി.