Connect with us

prathivaram health

പോസ്റ്റ്പാർട്ടം സൈക്കോസിസ്: ശ്രദ്ധിക്കേണ്ട ചിലത്

പോസ്റ്റ്പാർട്ടം സൈക്കോസിസ് രോഗമുണ്ടാകുന്നത് ആരുടെയും കുറ്റംകൊണ്ടല്ല, മാത്രമല്ല, അനുയോജ്യമായ ചികിത്സയിലൂടെ രോഗം ഭേദമാക്കേണ്ടത് ഇത്തരം അമ്മമാരുടെയും നവജാത ശിശുക്കളുടെയും സുസ്ഥിതിക്ക് അത്യാവശ്യമാണ്.

Published

|

Last Updated

പ്രസവാനന്തരമുള്ള പോസ്റ്റ്പാർട്ടം സൈക്കോസിസ് രോഗ സാധ്യത കൂടിയവർ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം.

  • ഗർഭധാരണത്തെപ്പറ്റി ചിന്തിക്കുമ്പോൾ സാധ്യമെങ്കിൽ ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടുക.
  • രോഗസാധ്യത നിങ്ങൾക്ക് എത്രത്തോളമുണ്ട്?
  • ഗർഭകാലത്തും പ്രസവശേഷവും മരുന്നു കഴിച്ചാലുണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും.

ഗർഭകാലത്ത്
രോഗസാധ്യത കൂടിയവർക്ക് ഗർഭാവസ്ഥയിൽ സൈക്യാട്രിസ്റ്റിന്റെ ശ്രദ്ധയേറിയ പരിചരണം അത്യാവശ്യമാണ്. സൈക്യാട്രിസ്റ്റ് നിങ്ങളുമായി ചർച്ച ചെയ്യുന്ന കാര്യങ്ങൾ ഇവയാണ്.
ഗർഭകാലത്തോ പ്രസവശേഷമോ രോഗം വരാനുള്ള സാധ്യത എത്രത്തോളമുണ്ട്?
ഗർഭകാലത്തും പ്രസവശേഷവും മരുന്ന് കഴിച്ചാലുണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും
ഗർഭകാലത്തും പ്രസവശേഷവും നിങ്ങളെ പരിചരിക്കാൻ ആരൊക്കയാണ് വേണ്ടത്.
ഗർഭധാരണത്തിനു ശേഷം ഏകദേശം 32 ആഴ്ചകൾ കഴിയുമ്പോൾ ഭർത്താവ്, കുടുംബാംഗങ്ങൾ, സൈക്യാട്രിസ്റ്റ്, ഗൈനക്കോളജിസ്റ്റ് എന്നിവരെ ഉൾപ്പെടുത്തിയുള്ള ഒരു കൂടിക്കാഴ്ച (പ്രീബെർത്ത് പ്ലാനിംഗ് മീറ്റിംഗ്) ഒരുക്കുന്നത് നല്ലതാണ്. ഗർഭകാലത്തും പ്രസവശേഷവും നിങ്ങളെ പരിചരിക്കുന്നവർക്ക് രോഗത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളെപ്പറ്റി അറിവ് നൽകാനും പരിചരണത്തിനായുള്ള പദ്ധതി തയ്യാറാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ മീറ്റിംഗ്.

പ്രസവമുറികൾ
ഇത്തരം രോഗം വരാൻ സാധ്യതയുള്ള ഗർഭിണിക്കും കുട്ടിക്കും ആവശ്യമായ പരിചരണം ഉറപ്പാക്കുന്ന രീതിയിലായിരിക്കും പ്രസവമുറി സജീകരിക്കുക. പ്രസവമുറിയിൽ ഗർഭിണി ഏതെങ്കിലും തരത്തിലുള്ള മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ സൈക്യാട്രിസ്റ്റ് പരിശോധിച്ചതിനുശേഷം ഉടനടി വേണ്ട വിധത്തിലുള്ള ചികിത്സ നൽകും. പ്രീബെർത്ത് പ്ലാനിംഗ് മീറ്റിംഗിൽ തയ്യാറാക്കിയ പദ്ധതിരേഖ പരിശോധിച്ചാണ് ഏതു തരത്തിലുള്ള മരുന്നുകളാണ് കൊടുക്കേണ്ടത് എന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്നത്.
പ്രസവശേഷം വീട്ടിൽ എത്തിയാൽ
ആശുപത്രി വിട്ടതിനുശേഷം ആദ്യത്തെ കുറച്ച് മാസങ്ങളിൽ ക്രമമായ പരിശോധന നിർബന്ധമാണ്. നിങ്ങൾ രോഗാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞാൽ വളരെ പെട്ടെന്നുതന്നെ ആവശ്യമായ ചികിത്സ നൽകാൻ ഇതിലൂടെ ഡോക്ടർക്ക് സാധിക്കും. നിങ്ങളെ ചികിത്സിക്കുന്ന സൈക്യാട്രിസ്റ്റിന്റെയും ആശുപത്രിയുടെയും ഫോൺ നമ്പറുകൾ നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെയും കൈവശം എപ്പോഴും ഉണ്ടായിരിക്കണം. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നുന്നുവെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

അടിയന്തര സഹായം
പോസ്റ്റ് പാർട്ടം സൈക്കോസിസ് രോഗമുള്ള മിക്ക സ്ത്രീകൾക്കും ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യമാണ്. നവജാത ശിശുവിനൊപ്പം അമ്മയേയും ആശുപത്രിയിലെ മദർ& ബേബി യൂനിറ്റിൽ പ്രവേശിപ്പിക്കുന്നതാണ് ഏറ്റവും അഭികാമ്യം. മാനസികപ്രശ്‌നമുള്ള സ്ത്രീകളെ പരിചരിക്കുന്ന ആശുപത്രിയിലെ പ്രത്യേക വിഭാഗമാണിത്. ശിശുക്കളെ പരിചരിക്കാൻ രോഗിയായ അമ്മയെ സഹായിക്കുന്നതിനൊപ്പം അമ്മയുടെ രോഗം ഭേദമാക്കാനുള്ള ചികിത്സ നൽകുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. മദർ & ബേബി യൂനിറ്റില്ലാത്ത ഒട്ടേറെ ആശുപത്രികൾ ഇന്നും നമ്മുടെ രാജ്യത്തുണ്ട്. അവിടങ്ങളിൽ സൈക്യാട്രിക് വിഭാഗത്തിലെ പൊതു വാർഡുകളിലാണ് പോസ്റ്റ് പാർട്ടം സൈക്കോസിസ് രോഗികളേയും പരിചരിക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ ഭർത്താവോ കുടുംബാംഗങ്ങളോ ശിശുപരിചരണം ഏറ്റെടുക്കേണ്ടിവരും.

മുലയൂട്ടലും മരുന്നുപയോഗവും
പോസ്റ്റ് പാർട്ടം സൈക്കോസിസ് വളരെ ഗൗരവമേറിയ പ്രശ്‌നമായതിനാൽ ഒരു വിദഗ്ധ ഡോക്ടറുടെ മേൽനോട്ടത്തിലുള്ള തുടർച്ചയായ ചികിത്സ ആവശ്യമാണ്. ആന്റിസൈക്കോട്ടിക്‌സ,് മൂഡ് സ്റ്റെബിലൈസേഴ്‌സ്, വിഷാദ പ്രതിരോധ മരുന്നുകൾ, ബൻസോഡയാസെപ്പൈൻ തുടങ്ങിയ മരുന്നുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്.
ആന്റിസൈക്കോട്ടിക് മരുന്നുകൾ സൈക്കോസിസ് എന്ന രോഗാവസ്ഥയുടെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നു. രോഗത്തിന്റെ ആദ്യഘട്ടത്തിൽ ഇവയുടെ ഉപയോഗം കൂടിയേ തീരു. മൂഡ് സ്റ്റെബിലൈസേഴ്‌സ് സ്വസ്ഥമായ മാനസികാവസ്ഥ സ്ഥിരമായി നിലനിർത്താനും രോഗം ആവർത്തിക്കുന്നത് തടയാനും സഹായിക്കുന്നു. വിഷാദ പ്രതിരോധ മരുന്നുകൾ വിഷാദലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

ഇത്തരത്തിലുള്ള മിക്ക മരുന്നുകളും പ്രസവാനന്തരം ഉപയോഗിക്കുമ്പോൾ മലുയൂട്ടുന്നതിന് പ്രശ്‌നമില്ല. എന്നാൽ മുലയൂട്ടൽ തീർത്തും ഒഴിവാക്കേണ്ട ചില മരുന്നുകളുമുണ്ട്. സൈക്യാട്രിസ്റ്റിന്റെ ഉപദേശപ്രകാരം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ. മരുന്ന് കഴിക്കുന്നത് മൂലം മുലയൂട്ടാൻ പറ്റാത്തതിൽ കടുത്ത കുറ്റബോധം തോന്നുന്ന സ്ത്രീകളുമുണ്ട്. പക്ഷേ, അത്തരം തോന്നലുകൾ തികച്ചും അനാവശ്യമാണെന്ന് മനസ്സിലാക്കിക്കൊടുക്കണം. പോസ്റ്റ്പാർട്ടം സൈക്കോസിസ് രോഗമുണ്ടാകുന്നത് ആരുടെയും കുറ്റംകൊണ്ടല്ല, മാത്രമല്ല, അനുയോജ്യമായ ചികിത്സയിലൂടെ രോഗം ഭേദമാക്കേണ്ടത് ഇത്തരം അമ്മമാരുടെയും നവജാത ശിശുക്കളുടെയും സുസ്ഥിതിക്ക് അത്യാവശ്യമാണ്. നവജാതശിശുക്കളെ അപായപ്പെടുത്താനുള്ള പ്രവണതയും ആത്മഹത്യാപ്രവണതയും പ്രകടിപ്പിക്കുന്ന കടുത്ത രോഗികളെ ചികിത്സിക്കാനുള്ള സുരക്ഷിതമായ മറ്റൊരു മാർഗമാണ് ഇലക്‌ട്രോ കൺവൽസീവ് തെറാപ്പി.
മരുന്നുകൾ ശരീരത്തിൽ ഫലപ്രദമായി പ്രവർത്തിച്ചുതുടങ്ങി രോഗവിമുക്തി നേടിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയോ ഇന്റർപേഴ്‌സണൽ സൈക്കോതെറാപ്പിയോ പോലുള്ള സൈക്കോളജിക്കൽ തെറാപ്പികൾ ആരോഗ്യകരമായ അവസ്ഥയിലേക്കുള്ള അമ്മയുടെ തിരിച്ചുവരവ് എളുപ്പമാക്കും. കുഞ്ഞുമായുള്ള ബന്ധം ദൃഢമാക്കാൻ മദർ- ഇൻഫന്റ് തെറാപ്പിയും ഫലപ്രദമാണ്.

Latest