Kerala
പോട്ട ബേങ്ക് മോഷണം: എന്‍ഡോര്‍ക്ക് സ്‌കൂട്ടര്‍ ഉടമകളുടെ പട്ടിക തയ്യാറാക്കി അന്വേഷണം
രണ്ടാം ദിനത്തിലും തുമ്പൊന്നുമില്ലാതെ അന്വേഷണ സംഘം

തൃശൂര്‍ | ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബേങ്കില്‍ പട്ടാപ്പകല്‍ കത്തി കാട്ടി 15 ലക്ഷം രൂപ മോഷണം നടത്തിയ പ്രതിക്കായുള്ള അന്വേഷണത്തില്‍ രണ്ടാം ദിനത്തിലും തുമ്പൊന്നുമില്ലാതെ പോലീസ്. മോഷ്ടാവ് എത്തിയ ടി വി എസ് എന്‍ഡോര്‍ക്ക് സ്‌കൂട്ടര്‍ തിരിച്ചറിയാനായി സ്‌കൂട്ടര്‍ ഉടമകളുടെ പട്ടിക തയ്യാറാക്കുകയാണ് അന്വേഷണ സംഘം. ഇതിനായി രണ്ട് ജില്ലകളിലെ സ്‌കൂട്ടര്‍ ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ചു.
പ്രതി ഉപയോഗിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് സ്‌കൂട്ടര്‍ ഉടമകളുടെ പേര് വിവരങ്ങള്‍ ശേഖരിച്ചത്. ടി വി എസ് എന്‍ ടോര്‍ക്ക് സ്‌കൂട്ടര്‍ ആണ് പ്രതി ഉപയോഗിച്ചതെന്ന് സി സി ടി വി ക്യാമറയില്‍ തെളിഞ്ഞിരുന്നു. രണ്ട് ജില്ലകളിലെ എന്‍ഡോര്‍ക്ക് സ്‌കൂട്ടര്‍ ഉടമകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. എന്നാല്‍ ജില്ലയില്‍ മാത്രം പതിനായിരത്തിലേറെ എന്‍ഡോര്‍ക്ക് സ്‌കൂട്ടറുകളാണുള്ളത്. കൂടാതെ വാഹനം പ്രതി മോഷ്ടിച്ചാണോ ബേങ്ക് കവര്‍ച്ച നടത്തിയതെന്ന കാര്യവും തെളിയേണ്ടതുണ്ട്. എങ്കിലും എന്‍ഡോര്‍ക്ക് വാഹന ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തുന്ന അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
വെള്ളിയാഴ്ച ഉച്ചക്കാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ ബന്ദിയാക്കി ഫെഡറല്‍ ബേങ്കിന്റെ പോട്ട ശാഖയില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ന്നത്.