Kerala
പോത്തന്‍കോട് കൊലപാതകം; വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപോർട്ട്
തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം
തിരുവനന്തപുരം| പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്.വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ട്.തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്.
സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തന്‍കോട് സ്വദേശി തൗഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
മോഷണത്തിനിടെ നടന്ന കൊലപാതകമാണിതെന്നാണ് പ്രാഥമിക നിഗമനം. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണി (69) ആണ് മരിച്ചത്. ഇന്ന് രാവിലെ തങ്കമണിയുടെ വീടിനോട് ചേര്‍ന്നുള്ള സഹോദരന്റെ വീടിന്റെ പിറകിലായാണ് മൃതദേഹം കണ്ടെത്തിയത്.
മുഖത്ത് മുറിവേറ്റ പാടുകളും ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി ശരീരത്തില്‍ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. കൊലപാതക സാധ്യത മുൻനിർത്തിയാണ് മംഗലപുരം പോലീസ് അന്വേഷണം നടത്തുന്നത്.