Kerala
പോട്ട ബേങ്ക് കവര്‍ച്ച: അന്വേഷണം തദ്ദേശീയരിലേക്ക്, മലയാളി തന്നെയാണ് കവര്‍ച്ച നടത്തിയതെന്ന് സൂചന
ക്രിമിനല്‍ പശ്ചാത്തലമില്ലാത്തയാളാണ് മോഷ്ടാവെന്നാണ് സൂചന.

തൃശൂര്‍ | ചാലക്കുടി പോട്ട ഫെഡറല്‍ ബേങ്ക് കവര്‍ച്ചയില്‍ അന്വേഷണം തദ്ദേശീയരിലേക്ക്. മലയാളി തന്നെയാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് നിഗമനം. ക്രിമിനല്‍ പശ്ചാത്തലമില്ലാത്തയാളാണ് മോഷ്ടാവെന്നാണ് സൂചന.
പട്ടാപ്പകല്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ബേങ്ക് കൊള്ളയടിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ബൈക്കിലെത്തിയ മോഷ്ടാവ് ഹെല്‍മറ്റ് തലയില്‍ നിന്നൂരാതെ കൗണ്ടറിലേക്ക് പ്രവേശിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലിത്തകര്‍ത്ത ശേഷം പണം കവരുകയുമായിരുന്നു. 15 ലക്ഷം രൂപയാണ് മോഷ്ടാവ് കൊണ്ടുപോയതെന്ന് അധികൃതര്‍ അറിയിച്ചു.
മോഷ്ടാവിനായി ഊര്‍ജിത അന്വേഷണം നടത്തിവരികയാണ് പോലീസ്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
എട്ട് ജീവനക്കാരാണ് കവര്‍ച്ചാ സമയത്ത് ബേങ്കിലുണ്ടായിരുന്നത്. ഹെല്‍മറ്റിനു പുറമെ, ജാക്കറ്റും മാസ്‌കും ധരിച്ചാണ് അക്രമി ബേങ്കിനകത്തേക്ക് പ്രവേശിച്ചത്.