Connect with us

Kerala

കോഴിക്കടകളുടെ ലൈസൻസിന് വൃത്തിയുള്ള പരിസരവും ശാസ്ത്രീയ മാംസ സംസ്‌കരണ രീതിയും നിർബന്ധം

മാംസം തയ്യാറാക്കുന്നവര്‍ സാംക്രമിക രോഗങ്ങള്‍ ഇല്ലാത്തവരും ആ ജോലി ചെയ്യുന്നതിന് യുക്തരാണെന്ന് ഡോക്ടര്‍ നല്‍കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ കോഴിക്കടകള്‍ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും മറ്റുമുള്ള മാര്‍ഗരേഖകള്‍ക്ക് സർക്കാർ അംഗീകാരം നല്‍കി. ഇനിമുതല്‍ കോഴിക്കടകള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ വൃത്തിയുള്ള പരിസരവും ശാസ്ത്രീയമായ മാംസ സംസ്‌കരണ രീതിയും സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. മാംസം തയ്യാറാക്കുന്നവര്‍ സാംക്രമിക രോഗങ്ങള്‍ ഇല്ലാത്തവരും ആ ജോലി ചെയ്യുന്നതിന് യുക്തരാണെന്ന് ഡോക്ടര്‍ നല്‍കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം.

കോഴിമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് കോഴിക്കടകള്‍ക്ക് സ്വന്തമായി മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ജില്ലയിലോ, സമീപ ജില്ലയിലോ ഉള്ള റെന്‍ഡറിംഗ് പ്ലാന്റുമായി സഹകരിച്ച് മാലിന്യ സംസ്‌കരണം നടത്തുന്നു എന്ന് ഉറപ്പുവരുത്തണം. റെന്‍ഡറിംഗ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലകളില്‍ ശേഖരിക്കുന്ന കോഴിമാലിന്യങ്ങള്‍ അതാത് ജില്ലകളില്‍ തന്നെ സംസ്‌കരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. റെന്‍ഡറിംഗ് പ്ലാന്റുകള്‍ നടത്തുന്നതിനുള്ള നടപടിക്രമങ്ങളും മാര്‍ഗരേഖയിലുണ്ട്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല കമ്മറ്റിയുടെ അംഗീകാരത്തിന് വിധേയമായേ ഇത് ആരംഭിക്കാന്‍ സാധിക്കുകയുള്ളു.

വഴിയരികിലും ഒഴിഞ്ഞുകിടക്കുന്ന പുരയിടങ്ങളിലും ഓവുചാലുകളിലും കുളങ്ങളിലും നദികളിലുമൊക്കെ കോഴി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന അപരിഷ്‌കൃത രീതിയ്ക്ക് ഇതോടെ പരിഹാരമാകും. പരിസ്ഥിതി സംരക്ഷണത്തിലൂന്നിക്കൊണ്ടല്ലാതെ കേരളത്തിന് മുന്നോട്ടുപോകാനാകില്ല.

Latest