Connect with us

central budget

ദാരിദ്ര്യം കൂടും; അസമത്വവും

ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ ലിബിയയുടെ ആളോഹരി വരുമാനം ഇന്ത്യയുടെ മൂന്നിരട്ടിയോളം വരും. അതായത് ലിബിയക്ക് 6,980 ഡോളർ ആളോഹരി വരുമാനമുണ്ട്. ഐ എം എഫിന്റെ ആളോഹരി വരുമാനപട്ടികയിൽ ഇന്ത്യ 138ാം സ്ഥാനത്താണെന്ന കാര്യം മറച്ചുവെച്ചാണ് മോദിയും നിർമലാ സീതാരാമനും സാമ്പത്തിക വളർച്ചയെക്കുറിച്ച് വാചകമടിക്കുന്നത്.

Published

|

Last Updated

മ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്നതും ഇന്ത്യയെ അസമത്വങ്ങളുടെ വിളഭൂമിയാക്കുന്നതുമാണ് 2024- 25ലേക്കുള്ള കേന്ദ്ര ബജറ്റ്. കോർപറേറ്റുകളെ പനപോലെ വളർത്തുന്നതും പാവപ്പെട്ടവരെ ദാരിദ്ര്യത്തിന്റെ അഗാധ ഗർത്തങ്ങളിലേക്ക് തള്ളിവിടുന്നതുമായ നിർദേശങ്ങളാണ് ബജറ്റിലുള്ളത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ചങ്ങാത്തമുതലാളിത്തത്തിന്റെ നയരേഖയാണ്. കോർപറേറ്റ് ലാളനയും ചെലവ് ചുരുക്കലിന്റെ പേരിൽ സബ്സിഡികളും സാമൂഹിക സുരക്ഷാ പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറക്കലുമാണ് ബജറ്റിന്റെ ഉള്ളടക്കം. രാജ്യവും ജനങ്ങളും അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഒന്നുമില്ലാത്ത കപടമായ അവകാശവാദങ്ങളാണ് ബജറ്റിലുടനീളമുള്ളത്.

ഇന്ത്യയെ 2047ൽ വികസിത രാജ്യമാക്കുമെന്നതുപോലുള്ള ആവർത്തിക്കപ്പെടുന്ന വാചകമടികളാണ് ബജറ്റ് രേഖയിലും നിർമലാ സീതാരാമൻ എഴുതിവെച്ചിരിക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, വിലക്കയറ്റം, കൂടിവരുന്ന അസമത്വം, കർഷക ആത്മഹത്യ, ഉത്പാദന മേഖലകളുടെയാകെ മുരടിപ്പ് തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള നിർദേശങ്ങളും പദ്ധതികളും ഒന്നും തന്നെയില്ല. പ്രധാനമന്ത്രി മോദി പതിവായി അവകാശപ്പെടുന്നതുപോലെ, ബജറ്റ് പ്രസംഗത്തിൽ നിർമലാ സീതാരാമൻ ആവർത്തിച്ചുപറഞ്ഞത് ഇന്ത്യയുടെ ജി ഡി പി ഏഴ് ശതമാനത്തിൽ എത്തുമെന്നാണ്. സാമ്പത്തിക സർവേയിലും ഏഴ് ശതമാനം കടക്കുമെന്നാണ് അവകാശപ്പെട്ടത്. ഇത്തരം അവകാശവാദങ്ങളൊക്കെ അസംബന്ധമാണ്. ഇന്ത്യൻ സമ്പദ്ഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ മുരടിപ്പിലൂടെയും മാന്ദ്യത്തിലൂടെയുമാണ് കടന്നുപോകുന്നത് എന്നതാണ് യാഥാർഥ്യം.

കഴിഞ്ഞയാഴ്ച പുറത്തുവന്ന ഐ എം എഫ് റിപോർട്ട് തന്നെ ഇന്ത്യയുടെ സാമ്പത്തികമേഖല നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിശീർഷവരുമാനം അടിസ്ഥാനമാക്കിയുള്ള റിപോർട്ട് ലോകത്തിന്റെ മുമ്പിലിരിക്കുമ്പോഴാണ് വളർച്ചയെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും അവകാശവാദത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നാണ് ഐ എം എഫ് റിപോർട്ട് വ്യക്തമാക്കുന്നത്.

ഓരോ രാജ്യത്തെയും ജീവിതനിലവാരവും ദാരിദ്ര്യവും ക്ഷേമവുമെല്ലാം എത്രയെന്ന് വ്യക്തമാക്കുന്നതാണ് ഐ എം എഫിന്റെ ആളോഹരി വരുമാനപട്ടിക. ഇന്ത്യയുടെ ശരാശരി ആളോഹരി വരുമാനം 2,730 ഡോളറാണ്. ഏകദേശം 2.28 ലക്ഷം രൂപയോളം വരുമിത്. ഒന്നാം സ്ഥാനത്തുള്ള ലക്സംബർഗിലെ ശരാശരി ആളോഹരി വരുമാനം 1.31 ലക്ഷം ഡോളറാണ്! ഏകദേശം ഒരു കോടിയിലേറെ രൂപയോളം വരുമിത്. ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാൻ പോലും 4,010 ഡോളർ ആളോഹരി വരുമാനവുമായി പട്ടികയിൽ ഇന്ത്യക്ക് മുന്നിലാണെന്ന കാര്യമാണ് കാണേണ്ടത്. പല ആഫ്രിക്കൻ രാജ്യങ്ങളും ആളോഹരി വരുമാനത്തിൽ ഇന്ത്യക്ക് മുന്നിലാണ്.

അൾജീരിയ 5,720 ഡോളർ ആളോഹരി വരുമാനമുള്ള രാജ്യമാണ്. ടുണീഷ്യക്ക് 4,440 ഡോളറുണ്ട്. മൊറോക്കോക്ക് 4,080 ഡോളറുണ്ട്. ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ ലിബിയയുടെ ആളോഹരി വരുമാനം ഇന്ത്യയുടെ മൂന്നിരട്ടിയോളം വരും. അതായത് ലിബിയക്ക് 6,980 ഡോളർ ആളോഹരി വരുമാനമുണ്ട്. ഐ എം എഫിന്റെ ആളോഹരി വരുമാനപട്ടികയിൽ ഇന്ത്യ 138ാം സ്ഥാനത്താണെന്ന കാര്യം മറച്ചുവെച്ചാണ് മോദിയും നിർമലാ സീതാരാമനും സാമ്പത്തിക വളർച്ചയെക്കുറിച്ച് വാചകമടിക്കുന്നത്. ഇന്ത്യയിൽ ആളോഹരി വരുമാനം 2,730 ഡോളറാണെന്ന കാര്യം ലോകത്തിലെ ഏറ്റവും പരിതാപകരമായ സാമ്പത്തിക അവസ്ഥയിലുള്ള രാജ്യമാണ് ഇന്ത്യയെന്നാണ് കാണിക്കുന്നത്.

50 ശതമാനത്തിലേറെ വരുന്ന പാവപ്പെട്ടവരുടെ ജീവിതത്തിൽ ജി ഡി പി വളർച്ച ഒരുതരത്തിലുള്ള മാറ്റവും ഉണ്ടാക്കുന്നില്ല. ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും വിലക്കയറ്റം രൂക്ഷമാകുകയും ജനങ്ങളുടെ വാങ്ങൽശേഷി കുറയുകയുമാണ്. രൂക്ഷമായ തൊഴിലില്ലായ്മയുടെയും വരുമാനമില്ലായ്മയുടെയും സാഹചര്യമാണ് ആളോഹരി വരുമാനത്തിലെ കുറവിന് കാരണമെന്ന് ഐ എം എഫ് റിപോർട്ട് അവലോകനം ചെയ്തുകൊണ്ട് പല മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമ്പദ്ഘടനയെ തകർക്കുകയും പൊതുമേഖലയാകെ കോർപറേറ്റുകൾക്ക് തീറെഴുതുകയും ചെയ്യുന്ന കമ്പോളവത്കരണ സാമ്പത്തിക നയങ്ങളാണ് ഇന്ന് ഇന്ത്യയെ ഈ രീതിയിലുള്ള പതനഗതിയിലെത്തിച്ചത്. 1990കളിലാരംഭിച്ചതും ബി ജെ പി സർക്കാർ ഗതിവേഗം കൂട്ടിയതുമായ വിപണിയുന്മുഖ സാമ്പത്തികനയങ്ങളാണ് ജനങ്ങളുടെ വരുമാനക്കുറവിനും ദാരിദ്ര്യത്തിനും ഭക്ഷണമില്ലായ്മക്കും കാരണമായിരിക്കുന്നത്.

ദാരിദ്ര്യം കുറക്കാനായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും അടിസ്ഥാന മിനിമം വേതനം ഉറപ്പാക്കുന്ന തരത്തിൽ പണം കൈമാറ്റം ചെയ്യുന്ന ഒരു നിർദേശവും മുന്നോട്ടുവെച്ചില്ല. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വാർധക്യ സുരക്ഷ, ഭക്ഷണം ഇവയൊക്കെ സാർവത്രിക വ്യവസ്ഥയാക്കി മാറ്റുന്ന ക്ഷേമോന്മുഖ സമീപനം നിർമലാ സീതാരാമന്റെ ബജറ്റിനില്ല. തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനക്ഷേമത്തെക്കുറിച്ചും ദാരിദ്ര്യനിർമാർജനത്തെക്കുറിച്ചും വാചകമടിച്ചവർ ബജറ്റിൽ അത്തരമൊരു നിലപാട് ഉൾക്കൊണ്ട് പാവപ്പെട്ടവർക്ക് അനുകൂലമായ പദ്ധതികളൊന്നും മുന്നോട്ടുവെച്ചില്ല.

ക്ഷേമപെൻഷൻ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചതാണ്. 60നും 79നും ഇടയിൽ പ്രായമുള്ളവർക്ക് 200 രൂപയും 80ന് മുകളിലുള്ളവർക്ക് 500 രൂപയുമാണ് ക്ഷേമപെൻഷനുള്ള പ്രതിമാസ കേന്ദ്ര വിഹിതം. അർഹതപ്പെട്ട 10 ശതമാനത്തിന് പോലും ഇത് ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതവും വർധിപ്പിച്ചില്ല. പാവപ്പെട്ടവരുടെ കൈകളിൽ പണമെത്തിച്ച് ക്രയശേഷി മെച്ചപ്പെടുത്തി ഉത്പാദനവും തൊഴിലും വർധിപ്പിക്കാതെ സ്ഥിരതയാർന്ന സാമ്പത്തിക വളർച്ച നേടാനാകില്ല. കോർപറേറ്റുകളുടെയും സമ്പന്നരുടെയും മേൽ പുതിയ നികുതികളൊന്നും ചുമത്താൻ തങ്ങളുടെ ചങ്ങാത്ത മുതലാളിത്തനയം മൂലം ബി ജെ പി സർക്കാർ തയ്യാറായില്ല.

സാമൂഹിക സുരക്ഷാ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. സബ്സിഡികൾ പരിമിതപ്പെടുത്തി. ജനോപകാരപ്രദമായ എല്ലാ ക്ഷേമപ്രവർത്തനങ്ങളെയും സാമൂഹിക സുരക്ഷാപദ്ധതികളെയും കൈയൊഴിയുകയാണ് ബജറ്റ്. വിദേശ കോർപറേറ്റ് കമ്പനികൾക്കുള്ള നികുതി 40 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വെട്ടിക്കുറച്ചു. തൊഴിൽ സൃഷ്ടിക്കൽ പദ്ധതിയുടെ പേരിൽ കോർപറേറ്റുകൾക്ക് സബ്സിഡികൾ തട്ടിയെടുക്കാനുള്ള സംവിധാനവും ബജറ്റ് വഴി കൈവന്നിരിക്കുന്നു. കാർഷികമേഖലയെ സമ്പൂർണമായി കൈയൊഴിയുന്ന ബജറ്റാണിത്. കാർഷിക, അനുബന്ധ മേഖലക്കായി ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്നത് 1.52 ലക്ഷം കോടി രൂപയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് കുറവാണിത്.

2014ലെ ബി ജെ പി പ്രകടന പത്രികയിൽ സ്വാമിനാഥൻ കമ്മീഷൻ ശിപാർശകൾ നടപ്പാക്കുമെന്നും കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവില വർധിപ്പിക്കുമെന്നും ഉറപ്പുനൽകിയതാണ്. പത്ത് വർഷത്തിലേറെക്കാലം അധികാരം കൈയാളിയിട്ടും മോദി സർക്കാർ ഈ വാഗ്ദാനം നടപ്പാക്കാൻ തയ്യാറായില്ല. ഇതെല്ലാം ഇന്ത്യയുടെ നട്ടെല്ലായ കാർഷികമേഖലയോടുള്ള ബി ജെ പി സർക്കാറിന്റെ കുറ്റകരമായ അവഗണനയാണ് വ്യക്തമാക്കുന്നത്. 2016-17ൽ കാർഷികമേഖലയിലെ വളർച്ച 6.8 ശതമാനമായിരുന്നത് 2023-24ൽ 1.4 ശതമാനമായി കുറയുകയാണുണ്ടായത്.

ഇതൊന്നും പരിഹരിക്കാനുള്ള നിക്ഷേപ പദ്ധതികളൊന്നും ബജറ്റിലില്ല. നിലവിലുള്ള പല ഘടകങ്ങൾക്കും ബജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവ് വരുത്തിയിരിക്കുന്നു. രാസവള സബ്സിഡിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,48,94 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. കോർപറേറ്റ് ലാളനയിൽ അഭിരമിക്കുന്ന നിർമലാ സീതാരാമന്റെ ബജറ്റ് തൊഴിലുറപ്പ്, വനിതാ ശിശുക്ഷേമം, ഭക്ഷ്യ വളം പാചകവാതക സബ്സിഡി, ഗ്രാമവികസനം, ശുദ്ധജല പദ്ധതി തുടങ്ങിയവയുടെ ഫണ്ടുകൾ ഗണ്യമായ തോതിൽ വെട്ടിക്കുറച്ചു. അടിസ്ഥാന ജനവിഭാഗങ്ങളുടെ സബ്സിഡികളും പദ്ധിതിവിഹിതവും വെട്ടിക്കുറക്കുന്ന ബജറ്റ് നാടനും വിദേശിയുമായ കോർപറേറ്റുകൾക്കുള്ള സബ്സിഡികളും എല്ലാവിധ ആനുകൂല്യങ്ങളും ഗണ്യമായ തോതിൽ വർധിപ്പിച്ചു.

തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കോർപറേറ്റുകൾക്ക് നൽകുന്ന സഹായങ്ങൾ കൊണ്ട് കാര്യമായ നേട്ടമൊന്നുമുണ്ടായിട്ടില്ല എന്നത് രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് സബ്സിഡികളും പദ്ധതിഫണ്ടും തട്ടിയെടുക്കാനുള്ള നിർദേശങ്ങളുമായിട്ടാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. മൊത്തം പ്രത്യക്ഷനികുതി വരുമാനത്തിൽ കോർപറേറ്റ് നികുതിയുടെ വിഹിതം 27.2 ശതമാനം മാത്രമാണ്. വ്യക്തിഗത നികുതിവിഹിതം 29.2 ശതമാനം ആണെന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് കേന്ദ്ര സർക്കാറിന്റെ കോർപറേറ്റ് പ്രീണനം തുറന്നുകാട്ടപ്പെടുന്നത്. സാധാരണക്കാരെയും അവശ ജനവിഭാഗങ്ങളെയും അവഗണിച്ച ബജറ്റ് വിദേശ കോർപറേറ്റുകളുടെ നികുതി 40 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വെട്ടിക്കുറച്ചുവെന്നത് തന്നെ മോദി സർക്കാറിന്റെ കോർപറേറ്റ് ലാളന എത്ര ഭീകരമാണെന്ന യാഥാർഥ്യമാണ് ആവർത്തിച്ച് വ്യക്തമാക്കുന്നത്.

പാവപ്പെട്ടവരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും അഭിവൃദ്ധിയും ക്ഷേമവുമൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിലാണ് എല്ലാ സബ്സിഡികളിലും കടുംവെട്ട് നടത്തിയിരിക്കുന്നത്. ഭക്ഷ്യ ഇന്ധന സബ്സിഡികളടക്കം മോദി സർക്കാർ 2014ന് ശേഷം തുടർച്ചയായി വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. ഈ ബജറ്റ് നിർദേശങ്ങളിലും അങ്ങനെ തന്നെ.

ഈ ബജറ്റിൽ വിവിധ സബ്സിഡികൾക്കായി നീക്കിവെച്ചത് 3,81,175 കോടി രൂപ മാത്രമാണ്. കഴിഞ്ഞ ബജറ്റിൽ ഇത് 4,13,466 കോടിയായിരുന്നു. ഇത്തവണ 32,291 കോടി രൂപയുടെ കുറവാണുണ്ടായത്. അതായത് കഴിഞ്ഞതിനേക്കാൾ സബ്സിഡി വിഹിതത്തിൽ 7.8 ശതമാനം കുറവ് വരുത്തി. ഭക്ഷ്യ സബ്സിഡിക്കായി നീക്കിവെച്ചത് 2,05,250 കോടിയാണ്. ഇത് മുൻ സാമ്പത്തികവർഷത്തെ പുതുക്കിയ കണക്കുപ്രകാരം 2,12,332 കോടിയായിരുന്നു. 2022-23ൽ 2.87 ലക്ഷം കോടി രൂപയായിരുന്നു ഭക്ഷ്യസബ്സിഡിക്ക് നീക്കിവെച്ചത്.

കാർഷികമേഖലയെ ഗുരുതരമായി ബാധിക്കുന്നതാണ് രാസവള സബ്സിഡി വെട്ടിച്ചുരുക്കിയ നടപടി. സബ്സിഡി 1,88,894 കോടിയിൽ നിന്ന് 1,64,000 കോടിയായാണ് കുറച്ചിരിക്കുന്നത്. പാചകവാതകത്തിന് ഉൾപ്പെടെയുള്ള ഇന്ധന സബ്സിഡി 12,240 കോടിയിൽ നിന്ന് 11,925 കോടിയാക്കി കുറച്ചിരിക്കുന്നു. 2023-24 വർഷത്തെ ബജറ്റിൽ 1.59 ലക്ഷം കോടിയാണ് സബ്സിഡി വെട്ടിക്കുറച്ചത്. ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികൾക്കും വൻതോതിൽ വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വലിയ വെട്ടിക്കുറവാണ് ഉണ്ടായിരിക്കുന്നത്. പി എം തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ പദ്ധതിയിൽ 2022-23ൽ 2,733 കോടി രൂപ വകയിരുത്തിയെങ്കിൽ ഇപ്പോൾ അത് 2,300 കോടിയായി കുറച്ചു. പാവങ്ങളെ കാണാത്തതും ജനങ്ങളുടെ കൈയിൽ പണമെത്തിച്ച് അവരുടെ ക്രയശേഷി കൂട്ടാൻ സഹായിക്കാത്തതുമായ നിർമലയുടെ ബജറ്റ് ദാരിദ്ര്യവും സമ്പദ്ഘടനയുടെ മാന്ദ്യവും രൂക്ഷമാക്കാനാണ് പോകുന്നത്.

 

Latest