Connect with us

Kerala

പാർലമെന്റ് തിരഞ്ഞെടുപ്പിൽ മതനിരപേക്ഷ കക്ഷികൾക്ക് ശക്തിപകരണം: ഐ എൻ എൽ

ഐ എൻ എല്ലിലെ ഒരു വിഭാഗത്തെ ഏകപക്ഷീയമായി എൽ ഡി എഫ് യോഗത്തിൽ പങ്കെടുപ്പിച്ചതിനെ യോഗം അതി രൂക്ഷമായി വിമർശിച്ചു.

Published

|

Last Updated

കോഴിക്കോട് | ബി ജെ പി സംഘപരിവാർ ശക്തികൾ തുടർഭരണത്തിന് കോപ്പ് കൂട്ടുകയും വർഗീയ അതിക്രിയകളും വംശീയ ഉന്മൂലന രാഷ്ട്രീയവും ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനുള്ള തന്ത്രങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്യുന്ന സാഹചര്യത്തിൽ സംഘപരിവാർ വിരുദ്ധ മത നിരപേക്ഷ ഐക്യ നിരയെ ശക്തിപ്പെടുത്തണമെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. ഇത്തരം സാഹചര്യത്തിൽ പരസ്പരം അഭിപ്രായഭിന്നതകൾ മാറ്റിവെച്ച് കൂട്ടായ പ്രതിരോധം തീർക്കാൻ മതേതര പ്രസ്ഥാനങ്ങൾ തയാറാവണം. അല്ലാത്ത പക്ഷം ജനാധിപത്യ ഇന്ത്യയിലെ അവസാനത്തെ പൊതുതെരെഞ്ഞെടുപ്പായി 2024 ലെ തെരെഞ്ഞെടുപ്പ് മാറും എന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തി .

ഐ എൻ എല്ലിലെ ഒരു വിഭാഗത്തെ ഏകപക്ഷീയമായി എൽ ഡി എഫ് യോഗത്തിൽ പങ്കെടുപ്പിച്ചതിനെ യോഗം അതി രൂക്ഷമായി വിമർശിച്ചു. ഐ എൻ എൽ രണ്ടു വിഭാഗത്തോടും ഒരേ നിലപാടായിരിക്കുമെന്ന മുൻ തീരുമാനത്തിന് വിരുദ്ധമായ നിലപാട് എങ്ങിനെയുണ്ടായി എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. എൽ ഡി എഫ് , സി പി എം നേതാക്കളെ കണ്ട് സംസാരിച്ചപ്പോഴെല്ലാം ഇക്കാര്യങ്ങൾ ആവർത്തിക്കപ്പെടുകയാണുണ്ടായത്. ഇക്കാര്യത്തിൽ മുന്നണി പുനഃപരിശോധന നടത്തണമെന്നും പ്രൊഫസർ എ പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള ഐ എൻ എൽ നെ മുന്നണി യോഗത്തിൽ ക്ഷണിക്കുകയും ഔദ്യോഗിക അംഗീകാരം നൽകുകയും വേണമെന്നും എൽ ഡി എഫ് നേതൃത്വത്തെ കണ്ട് രേഖാമൂലം ആവശ്യ പ്പെടാനും തീരുമാനിച്ചു .

തുടർന്ന് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 27 ന് ചേരുന്ന ഐ എൻ എൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം പാർലമെന്റ് തെരഞ്ഞെടുപ്പു ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഉചിതമായ നിലപാട് സ്വീകരിക്കാനും തീരുമാനിച്ചു . കെ പി ഇസ്മായിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ കെ അബ്ദുൽ അസീസ് , ഓ പി ഐ കോയ, മനോജ്‌ സി നായർ , സി എച് മുസ്തഫ, എച് മുഹമ്മദലി, സാലിഹ് ശിഹാബ് തങ്ങൾ, എം എ കുഞ്ഞബ്ദുള്ള, ടി എം ഇസ്മായിൽ ,സയ്യിദ് ഷബീൽ ഐദ്രോസി, ബഷീർ ബടേരി, മുഹമ്മദ്‌ കുട്ടി ചാലക്കുടി, ഈ സി മുഹമ്മദ്‌ , കെപി യുസുഫ് , എം ശർമ്മദ്ഖാൻ , ബഷീർ അഹമ്മദ് , ഓ പി റഷീദ് , സാലിഹ് മേടപ്പിൽ, എന്നിവർ സംസാരിച്ചു.

Latest