Connect with us

National

പവർ പഞ്ചാബ്

പഞ്ചാബ് കിംഗ്സിന് എട്ട് വിക്കറ്റ് ജയം • പ്രഭ്‌സിമ്രൻ സിംഗ് 34 പന്തിൽ 69

Published

|

Last Updated

ലക്‌നോ | നികോളാസ് പുരാനും ആയുഷ് ബദോനിയും കഷ്ടപ്പെട്ട് നേടിയത് പ്രഭ്‌സിമ്രൻ സിംഗും ശ്രേയസ്സ് അയ്യരും നേഹൽ വധേരയും ചേർന്ന് അനായാസം അടിച്ചെടുത്തു. ഐ പി എല്ലിൽ ലക്‌നോ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് എട്ട് വിക്കറ്റിന്റെ അനായാസ ജയം. സ്‌കോർ: ലക്‌നോ 20 ഓവറിൽ ഏഴിന് 171. പഞ്ചാബ് 16.2 ഓവറിൽ രണ്ടിന് 177. പഞ്ചാബിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.

34 പന്തിൽ 69 റൺസെടുത്ത പ്രഭ്‌സിമ്രൻ സിംഗിന്റെ മിന്നൽ ബാറ്റിംഗാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. ഒമ്പത് സിക്‌സും മൂന്ന് ബൗണ്ടറിയുടങ്ങുന്നതായിരുന്നു സിംഗിന്റെ ഇന്നിംഗ്‌സ്. 23 പന്തിലാണ് 50 തികച്ചത്. ശ്രേയസ്സ് അയ്യർ 30 പന്തിൽ 52ഉം നേഹൽ വധേര 25 പന്തിൽ 43 റൺസും നേടി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ ശ്രേയസ്സും സിംഗും ചേർന്ന് 44 പന്തിൽ 84 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ശ്രേയസ്സും വധേരയും 37 പന്തിൽ വാരിക്കൂട്ടിയത് 67 റൺസ്. ആദ്യ മത്സരത്തിൽ ശ്രേയസ്സ് 97 റൺസെടുത്തിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്‌നോ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്. 30 പന്തിൽ 44 റൺസെടുത്ത പുരാനാണ് ലക്‌നോവിന്റെ ടോപ് സ്‌കോറർ. ബദോനി 33 പന്തിൽ 41 റൺസെടുത്തു. തുടക്കത്തിൽ തന്നെ മിച്ചൽ മാർഷിനെ പൂജ്യത്തിന് പുറത്താക്കി അർഷ്്ദീപ് സിംഗ് ലക്‌നോവിനെ ഞെട്ടിച്ചു. എയ്ഡൻ മാർക്രമിനെ (18 പന്തിൽ 28) ഫെർഗുസൺ പറഞ്ഞയച്ചു.

ക്യാപ്റ്റൻ ഋഷഭ് പന്ത് ഒരിക്കൽക്കൂടി പരാജയപ്പെട്ടു. മാക്‌സ്‌വെല്ലിന്റെ പന്തിൽ ചഹലിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ അഞ്ച് പന്തിൽ രണ്ട് റൺസായിരുന്നു പന്തിന്റെ സംഭാവന. 4.5 ഓവറിൽ മൂന്ന് വിക്കറ്റിന് 35 റൺസെന്ന നിലയിൽ പതറിയ ലക്‌നോവിനെ നാലാം വിക്കറ്റിൽ പുരാനും ബദോനിയും ചേർന്ന് 89 റൺസിലെത്തിച്ചു. സഖ്യം 40 പന്തിൽ 54 റൺസാണ് നേടിയത്. ഡേവിഡ് മില്ലർ 18 പന്തിൽ 19 റൺസെടുത്ത് മടങ്ങി.

അവസാന ഓവറുകളിൽ അബ്ദുസ്സമദ് നടത്തിയ വെടിക്കെട്ടാണ് സ്‌കോർ 150 കടത്തിയത്. 12 പന്തുകളിൽ നിന്ന് രണ്ട് വീതം സിക്‌സും ബൗണ്ടറിയും ഉൾപ്പെടെ അബ്ദുസ്സമദ് 27 റൺസ് നേടി. പഞ്ചാബിനായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു.

Latest