Connect with us

wild boar

കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ക്ക് അധികാരം

വിഷ പ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏല്‍പ്പിക്കല്‍, കുരുക്കിട്ട് പിടിക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെ കാട്ടുപന്നികളെ നശിപ്പിക്കാന്‍ പാടുള്ളതല്ല.

Published

|

Last Updated

തിരുവനന്തപുരം | മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമാര്‍ഗങ്ങളിലൂടെ ഇല്ലായ്മ ചെയ്യാന്‍ വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ക്ക് അധികാരം നല്‍കുന്നതിനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ നിരന്തര ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നിരസിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു അധികാരം പ്രയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്/ മുന്‍സിപ്പല്‍ ചെയര്‍മാന്‍/ കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ 1972ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ സെക്ഷന്‍ 4 (1) (ബിബി) പ്രകാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായി നിയമിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവരെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ സെക്ഷന്‍ 4 (1) (സി) പ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥരായി നിയമിക്കും.

ഇപ്രകാരം കാട്ടുപന്നികളെ കൊന്ന് ഇല്ലായ്മ ചെയ്യാന്‍, വന്യജീവി (സംരക്ഷണ) നിയമത്തിന്റെ സെക്ഷന്‍ 11 (1) (ബി) പ്രകാരമുളള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ക്കും, അധികാരപ്പെട്ട ഉദ്യോസ്ഥന്‍മാര്‍ക്കും വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷന്‍ 5 (2) പ്രകാരം ഡെലിഗേറ്റ് ചെയ്യുാനുള്ള അനുമതി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ് ലൈഫ്) & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കാവുന്നതാണ്.

വിഷ പ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏല്‍പ്പിക്കല്‍, കുരുക്കിട്ട് പിടിക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെ കാട്ടുപന്നികളെ നശിപ്പിക്കാന്‍ പാടുള്ളതല്ല. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി കത്തിക്കുകയോ മറവ് ചെയ്യുകയോ ചെയ്യേണ്ടതും ആയത് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തേണ്ടതുമാണ്. കൊല്ലപ്പെടുന്ന പന്നികളുടെയും സംസ്‌കരികപ്പെടുന്ന ജഡങ്ങളുടെയും വിവരങ്ങള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനം ആയതിനായി തയ്യാറാക്കിയ രജിസ്റ്ററില്‍ യഥാവിധി എഴുതി സൂക്ഷിക്കേണ്ടതാണ്. ജന ജാഗ്രതാ സമിതികളുടെ സേവനം കാട്ടുപന്നികളെ കൊന്ന് ഇല്ലായ്മ ചെയ്യുന്നതിലും ജഡം യഥാവിധി സംസ്‌കരിക്കുന്നതിലും പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്.

Latest