Kerala
അഴിമതിക്കെതിരായ സന്ദേശമാണ് നല്‍കിയതെന്നും ആത്മഹത്യക്ക് പ്രേരകമാകുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും പി പി ദിവ്യ കോടതിയില്‍
എ ഡി എം തെറ്റുകാരനല്ലെങ്കില്‍ അദ്ദേഹത്തിന് പ്രതികരിക്കാമായിരുന്നു എന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി
കണ്ണൂര്‍ | അഴിമതിക്കെതിരായ സന്ദേശമാണ് താന്‍ നല്‍കിയതെന്നും ആത്മഹത്യക്ക് പ്രേരകമാകുന്ന ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ കോടതിയില്‍ ചൂണ്ടിക്കാട്ടി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴാണ് പി പി ദിവ്യയുടെ വാദങ്ങള്‍ അവതരിപ്പിച്ചത്.
അഴിമതിക്കെതിരെ എപ്പോഴും നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പോസിറ്റീവ് സമീപനത്തോടെയാണ് യാത്രയയപ്പ് യോഗത്തില്‍ സംബന്ധിച്ചത്. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് സംസാരിച്ചത്. അഴിമതിക്കെതിരായ സന്ദേശം ആകുമെന്ന് കരുതിയാണ് യാത്രയയപ്പ് യോഗത്തില്‍ താന്‍ സംസാരിച്ചതെന്നും എ ഡി എം തെറ്റുകാരനല്ലെങ്കില്‍ അദ്ദേഹത്തിന് പ്രതികരിക്കാമായിരുന്നു എന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഏറെ ഉത്തരവാദിത്തങ്ങളുള്ള പൊതുപ്രവര്‍ത്തകയാണ് പി പി ദിവ്യയെന്ന് അവരുടെ അഭിഭാഷകന്‍ കെ വിശ്വന്‍ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ് ദിവ്യ നിറവേറ്റിയത്. അഴിമതിക്കെതിരെ സന്ദേശകരമാകണമെന്ന് കരുതിയാണ് പൊതുപ്രതികരണം നടത്തിയത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് രഹസ്യമായല്ല. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും പൊരുതുകയും ചെയ്യുന്നയാളാണ് ദിവ്യയെന്നും അഭിഭാഷകന്‍ പറഞ്ഞു.
സാധാരണക്കാര്‍ക്ക് എപ്പോഴും പ്രാപ്യയായ, ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പി പി ദിവ്യ. യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമുണ്ടായിരുന്നില്ല. മറ്റൊരു പരിപാടിക്കിടെ ചടങ്ങിലേക്ക് വരില്ലേയെന്ന് കലക്ടര്‍ ചോദിച്ചു. പ്രസംഗിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടര്‍ ആണെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു. എ ഡി എമ്മിനെതിരെ രണ്ടു പരാതികള്‍ ലഭിച്ചു. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ?. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് യോഗത്തില്‍ സംസാരിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പ്രസിഡന്റ് സ്ഥാനം പി പി ദിവ്യ രാജിവെച്ചു.
മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വേറെ അജണ്ടയാണെന്നും ദിവ്യ കോടതിയില്‍ ചൂണ്ടിക്കാട്ടി.പ്രശാന്തന്റെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ചെങ്ങളായിയിലെ പമ്പിന്റെ കാര്യം എ ഡി എമ്മിനോട് സംസാരിച്ചിരുന്നു. വല്ലതും നടക്കുമോയെന്ന് എ ഡി എമ്മിനോട് ചോദിച്ചു. റോഡിലെ വളവും തിരിവും കാരണം പ്രയാസമാണെന്ന് മറുപടി നല്‍കി. എന്‍ ഒ സി വേഗത്തിലാക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. യാത്രയയപ്പിന്റെ അന്നാണ് പമ്പിന് എന്‍ ഒ സി കിട്ടിയ കാര്യം അറിഞ്ഞത്.
കണ്ണൂരിലെ പോലെ ഇനി വേറെയൊരിടത്തും ചെയ്യരുതെന്നാണ് പറഞ്ഞത്. നന്നാകാനായി പറഞ്ഞ ഉപദേശം എങ്ങനെ ഭീഷണിയാകുമെന്നും ദിവ്യയുടെ അഭിഭാഷകന്‍ ചോദിച്ചു. പ്രശാന്തന്‍ ഉന്നയിച്ചത് ഒരു ലക്ഷം രൂപയുടെ കൈക്കൂലിയുടെ പ്രശ്നമാണ്. അഴിമതി നടത്തിയാല്‍ ജയിലില്‍ പോകുമെന്നാണ് ഉദ്ദേശിച്ചത്. ഭൂമി പ്രശ്നത്തിലാണ് ഗംഗാധരന്‍ എന്നായാള്‍ എ ഡി എമ്മിനെതിരെ പരാതി നല്‍കിയതെന്നും ദിവ്യ കോടതിയെ അറിയിച്ചു.