Connect with us

pp mukundan

പി പി മുകുന്ദന്‍: കോ-ലീ-ബിയുടെ സൂത്രധാരന്‍; രാഷ്ട്രീയ പരീക്ഷണത്തില്‍ ജീവിതം ഹോമിച്ച നേതാവ്

1991 മുതല്‍ 2007-വരെ പി പി മുകുന്ദന്‍ ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് അദ്ദേഹം അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കു നായകത്വം വഹിച്ചത്.

Published

|

Last Updated

കോഴിക്കോട് | മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയെന്ന വിശേഷണമുള്ള കേരളത്തില്‍ ബി ജെ പിയെ മുന്‍നിര്‍ത്തി വലിയ രാഷ്ട്രീയ പരീക്ഷണത്തിനു ശ്രമിച്ച തന്ത്രശാലിയായ രാഷ്ട്രീയ നേതാവായിരുന്നു പി പി മുകുന്ദന്‍. ഇടതു മുന്നണിയുടെ നായകനായി ഇ കെ നായനാരും ഐക്യമുന്നണിയുടെ അമരക്കാരനായി കെ കരുണാകരനും കേരള രാഷ്ട്രീയത്തെ നയിച്ചുകൊണ്ടിരുന്ന കാലത്താണ്, കേരള രാഷ്ട്രീയത്തില്‍ അരികില്‍ മാത്രം നില്‍ക്കാന്‍ വിധിക്കപ്പെട്ട ബി ജെ പിയെ സഖ്യ രാഷ്ട്രീയത്തിലേക്കു നയിക്കാന്‍ പി പി മുകുന്ദന്‍ എന്ന നേതാവ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്.

1991 മുതല്‍ 2007-വരെ പി പി മുകുന്ദന്‍ ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് അദ്ദേഹം അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കു നായകത്വം വഹിച്ചത്. 1991 ല്‍ ലോകസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍, കാലാവധി കഴിയാതെ തന്നെ നിയമസഭ പിരിച്ചു വിട്ടു രണ്ടു തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്താന്‍ കേരളത്തില്‍ സി പി എം തീരുമാനിച്ചു. ഈ അപൂര്‍വ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ബി ജെ പി പുതിയ സഖ്യ സാധ്യതകള്‍ തേടിയ രാഷ്ട്രീയ നീക്കമാണു പിന്നീട് കോ-ലീ-ബി സഖ്യം എന്ന പേരില്‍ അറിയപ്പെട്ടത്. 1991-ല്‍ വടകര, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിനും ലീഗിനും ബി ജെ പിക്കും സംയുക്ത സ്ഥാനാര്‍ഥികള്‍ എന്നതായിരുന്നു ഈ രാഷ്ട്രീയ നീക്കത്തിന്റെ അടിസ്ഥാനം. ഈ സഖ്യത്തെ ഇടതു മുന്നണി കോ-ലീ- ബി സഖ്യം എന്ന നിലയില്‍ പ്രചണ്ഡമായ പ്രചാരണം നടത്തി. മുസ്ലിം ലീഗും കോണ്‍ഗ്രസും ബി ജെ പിയും സഖ്യ ആരോപണം നിഷേധിച്ചെങ്കിലും യു ഡി എഫിനും ബി ജെ പിക്കും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വടകര പാര്‍ലിമെന്റ് മണ്ഡലത്തിലും പൊതുസമ്മത സ്ഥാനാര്‍ഥിയായിരുന്നു. വിവാദമായ ഈ സഖ്യം സംബന്ധിച്ചു പില്‍ക്കാലത്ത് പലതരത്തിലുള്ള വെളിപ്പെടുത്തലുകളുണ്ടായി.

കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോഴായിരുന്നു നായനാര്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പും നടത്താന്‍ സി പി എം തീരുമാനിച്ചത്. തൊട്ടുമുമ്പു നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വമ്പിച്ച വിജയം നേടിയിരുന്നു. കേരളം ഇളക്കിമറിച്ച സാക്ഷരതാ പ്രസ്ഥാനത്തിലെ വമ്പിച്ച ജന പങ്കാളിത്തം ഈ വിജയത്തിനു വഴിയൊരുക്കി. ഈ ആത്മവിശ്വാസമായിരുന്നു ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനുള്ള തീരുമാനത്തിനു പിന്നില്‍. മുസ്ലിം ലീഗും കോണ്‍ഗ്രസ്സും തമ്മില്‍ നിലനിന്നിരുന്ന ഭിന്നത മുതലാക്കാമെന്നും സി പി എം കണക്കുകൂട്ടി.

 

എല്‍ ഡി എഫ് സര്‍ക്കാറിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പ്രതിപക്ഷം ആശങ്കയിലായി. ഈ ഘട്ടത്തിലാണ് സംഘടനാ സെക്രട്ടറിയായ പി പി മുകുന്ദന്റെ നേതൃത്വത്തില്‍ ബി ജെ പി തന്ത്രപരമായ നീക്കങ്ങള്‍ക്കു ശ്രമിച്ചത്. കേരള നിയമസഭയില്‍ എങ്ങിനെയെങ്കിലും അക്കൗണ്ട് തുറക്കുക എന്നതു മാത്രമായിരുന്നു ബി ജെ പി ലക്ഷ്യം. യു ഡി എഫ് പിന്തുണയോടെ ഇതു സാധ്യമാവുമോ എന്നു ബി ജെ പി ആലോചിക്കുകയും ഇതിനായി കരുക്കള്‍ നീക്കുകയും ചെയ്തു എന്നാണു സംസ്ഥാന ജന. സെക്രട്ടറിയായിരുന്ന മുതിര്‍ന്ന ബി ജെ പി നേതാവ് കെ ജി മാരാര്‍ പില്‍ക്കാലത്ത് ജീവചരിത്രത്തില്‍ വെളിപ്പെടുത്തിയത്.

ഇടതുപക്ഷത്തിന് അനുകുലമായ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കാന്‍ ഏതു നീക്കത്തിനും യു ഡി എഫ് തയ്യാറാകുമെന്ന അവസ്ഥ ബി ജെ പി തന്ത്രപരമായി ഉപയോഗിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വടകര ലോകസഭാ മണ്ഡങ്ങളിലും ബി ജെ പി അനുഭാവികളായ പൊതുസ്വതന്ത്രരെ മല്‍സരിപ്പിക്കുക, പകരം ബി ജെ പിവോട്ടുകള്‍ യു ഡി എഫിനു മറിക്കുക എന്ന തന്ത്രമായിരുന്നു ബി ജെ പി മുന്നോട്ടു വച്ചത്. കോണ്‍ഗ്രസിനും ലീഗിനും സമ്മതരായ പൊതുസമ്മത സ്ഥാനാര്‍ഥികളെ ബി ജെ പി കണ്ടെത്തി. അങ്ങനെ വടകര ലോകസഭാമണ്ഡലത്തില്‍ അഡ്വ. രത്‌ന സിംഗും വടകര നിയമസഭാ മണ്ഡലത്തില്‍ ഡോ. കെ മാധവന്‍ കുട്ടിയും സ്ഥാനാര്‍ഥികളായി. മഞ്ചേശ്വരം നിയമ സഭമണ്ഡലത്തില്‍ ബിജെപി നേതാവ് കെ ജി മാരാര്‍ക്കെതിരെ യു ഡി എഫ് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുക എന്ന നിര്‍ദ്ദേശവും ഈ രഹസ്യ ധാരണയുടെ ഭാഗമായി ഉണ്ടായിരുന്നു.

മുസ്ലിം ലീഗിലെ ചില നേതാക്കളാണ് ഈ രഹസ്യധാരണയെക്കുറിച്ച് ആദ്യം മുറുമുറുപ്പ് ഉയര്‍ത്തിയത്. അതിനു പിന്നാലെ സി പി എം, കോ ലീ ബി സഖ്യം എന്ന ആരോപണത്തിലൂടെ വ്യാപകമായ പ്രചാരണവും നടത്തി. ഫലം വന്നപ്പോള്‍ വടകരയിലും ബേപ്പൂരിലും പൊതുസമ്മത സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. മഞ്ചേശ്വരത്തും തന്ത്രം വിജയിച്ചില്ല. രാജീവ് ഗാന്ധി വധിക്കപ്പെട്ടതോടെ കോണ്‍ഗ്രസിന് അനുകൂലമായി സഹതാപ തരംഗം സൃഷ്ടിച്ചു. കേരള നിയമ സഭയില്‍ അക്കൗണ്ട് തുറക്കാനുള്ള ബി ജെ പിയുടെ തന്ത്രങ്ങള്‍ ആ സഹതാപ പ്രവാഹത്തില്‍ കടപുഴകിപ്പോയി.

കെ ജി മാരാരുടെ മരണ ശേഷം പുറത്തിറങ്ങിയ ‘കെ ജി മാരാര്‍ – രാഷ്ട്രീയത്തിലെ സ്നേഹ സാഗരം’ എന്ന പുസ്തകത്തില്‍ ‘പാഴായ പരീക്ഷണം’ എന്ന അധ്യായത്തില്‍ കോ ലീ ബി സഖ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുണ്ടായി. 1991 ബി ജെ പിക്ക് സംഘടനാതലത്തില്‍ പുതിയ പ്രവര്‍ത്തന രീതി ആവിഷ്‌കരിച്ച വര്‍ഷമായിരുന്നു. ആര്‍ എസ് എസ് മുതിര്‍ന്ന പ്രചാരകനായ പി പി മുകുന്ദനെ ബി ജെ പിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിച്ചത് ആ വര്‍ഷമാണ്. അന്ന് കെ രാമന്‍ പിള്ളയാണ് സംസ്ഥാന പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി കെ ജി മാരാര്‍. ഓ രാജഗോപാല്‍ അഖിലേന്ത്യ അധ്യക്ഷനും. കേരളത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.

 

1991-ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചേ തീരു എന്ന ചിന്ത ബി ജെ പിയില്‍ ശക്തിപ്പെട്ടു. ആരുമായും ചേര്‍ന്ന് ലക്ഷ്യം നേടണമെന്നായിരുന്നു തീരുമാനം. ഐക്യമുന്നണി കക്ഷികള്‍ വിജയപ്രതീക്ഷയില്ലാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ബി ജെ പിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്നവരും ചിന്തിച്ചു. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകള്‍ക്ക് വേദിയായി. തീരുമാന പ്രകാരം ബി ജെ പി വോട്ടു നല്‍കിയെങ്കിലും തിരികെ കിട്ടിയില്ലെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടി.

പിന്നീടു കേരളത്തിലെ ബി ജെ പിക്കെതിരെ വ്യാപകമായി ഉയര്‍ന്നു വന്ന വോട്ടു കച്ചവട ആരോപണങ്ങള്‍ സമുന്നതനായ പി പി മുകുന്ദനെ പാര്‍ട്ടിക്ക് അനഭിമതനാക്കി. 2005 മുതല്‍ 2007-വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ക്ഷേത്രീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി, ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലേക്കു വളര്‍ന്ന അദ്ദേഹത്തിനു പക്ഷെ, 2006-ല്‍ ബി ജെ പിയില്‍ നിന്നു പുറത്തു പോകേണ്ടിവന്നു. പത്തു വര്‍ഷത്തിന് ശേഷം 2016-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയെങ്കിലും പഴയ പ്രതാപങ്ങളിലേക്ക് അദ്ദേഹത്തിനു മടങ്ങാനായില്ല. രാഷ്ട്രീയ തന്ത്രങ്ങള്‍ കൊണ്ട് ഔന്നത്യങ്ങളില്‍ വിരാജിച്ച നേതാവിന് സാധാരണ പ്രവര്‍ത്തകന്റ പോലെ സ്വന്തം വീട്ടില്‍ ഒതുങ്ങേണ്ടി വന്നു.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest