Kerala
പി പി ഇ കിറ്റ് ഇടപാട്; സി ബി ഐ അന്വേഷിക്കണം: വി മുരളീധരന്‍
'പൊതുജനാരോഗ്യരംഗം തകര്‍ന്നു. സാമൂഹികക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ 1,600 രൂപ ഇല്ലെന്ന് പറഞ്ഞവരാണ് 500 രൂപയുടെ കിറ്റ് 1,500 രൂപയ്ക്ക് വാങ്ങി പത്തുകോടി നഷ്ടം വരുത്തിയത്.'
ന്യൂഡല്‍ഹി | കൊവിഡ് സമയത്ത് പി പി ഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന സി എ ജി കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. സാന്‍ ഫാര്‍മ കമ്പനിക്ക് പത്തുകോടി വെറുതെ കൊടുത്തതാണോ അതോ മറ്റ് ലാഭക്കച്ചവടം ഇതിന് പിന്നിലുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. സി എ ജി കണ്ടെത്തിയ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് കാലത്തെ ആരോഗ്യവകുപ്പിന്റെ ഇടപാടുകളില്‍ സി ബി ഐ അന്വേഷണത്തിന് പിണറായി വിജയന്‍ തയാറാവുമോയെന്ന് മുന്‍ കേന്ദ്രമന്ത്രി ചോദിച്ചു.
യു പി എ ഭരണകാലത്ത് സി എ ജി കണ്ടെത്തിയ അഴിമതികളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടവരാണ് സി പി എം. കിറ്റില്‍ മാത്രമല്ല, ഗ്ലൗസുകളടക്കം വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണമുണ്ട്. ഇതെല്ലാം അന്വേഷണ പരിധിയില്‍ വരണം.
സാമൂഹികക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ 1,600 രൂപ ഇല്ലെന്ന് പറഞ്ഞവരാണ് 500 രൂപയുടെ കിറ്റ് 1,500 രൂപയ്ക്ക് വാങ്ങി പത്തുകോടി നഷ്ടം വരുത്തിയത്. ബി ജെ പിയുടെ സി എ ജി എന്ന തോമസ് ഐസക്കിന്റെ വിമര്‍ശനത്തെ മുരളീധരന്‍ തള്ളി. സി എ ജി മാനദണ്ഡങ്ങള്‍ ബി ജെ പി അധികാരത്തില്‍ വന്നതിനു ശേഷം ഉണ്ടാക്കിയതല്ല. സാമ്പത്തിക ക്രയവിക്രയങ്ങളുടെ ചട്ടങ്ങള്‍ ദശാബ്ദമായി നിലവിലുണ്ട്. അതിനെ മറികടന്ന് തീരുമാനം എടുക്കാനുണ്ടായ കാരണം സി എ ജിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായിട്ടില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.
കൊവിഡ് കാലത്ത് മാധ്യമ ലേബലുള്ള ഇടതുസഹയാത്രികരെ ഉപയോഗിച്ച് വ്യാജ പ്രചാരവേല നടത്തുകയായിരുന്നു പിണറായി വിജയന്‍. അന്നത് ചോദ്യം ചെയ്തപ്പോള്‍ ആക്ഷേപമായിരുന്നു മറുപടി. മഹാമാരിയെ ഉപയോഗപ്പെടുത്തി പ്രചാരവേല നടത്തിയ സര്‍ക്കാരില്‍ ജനം ഇനിയും വഞ്ചിതരാകരുതെന്നും വി മുരളീധരന്‍ പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ നശിപ്പിക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.