Connect with us

Kerala

പിപിഇ കിറ്റിന് ക്ഷാമമുണ്ടായ സമയത്താണ് കൂടുതല്‍ വിലക്ക് വാങ്ങേണ്ടി വന്നത്; സാഹചര്യത്തിന്റെ ഗൗരവം കേരള ജനത മറന്നു പോകില്ല: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ

ലക്ഷക്കണക്കിന് കിറ്റുകളില്‍ 15,000 മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയതെന്നും കെകെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് വ്യാപന കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. പിപിഇ കിറ്റിന് ക്ഷാമമുണ്ടായ സമയത്താണ് കുറച്ച് കിറ്റുകള്‍ കൂടുതല്‍ വിലക്ക് വാങ്ങേണ്ടിവന്നത്. ആ സമയത്ത് ഒരു കമ്പനിയുടെ കൈവശം മാത്രമാണ് കിറ്റുകള്‍ ഉണ്ടായിരുന്നത്. ലക്ഷക്കണക്കിന് കിറ്റുകളില്‍ 15,000 മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയതെന്നും ആ സാഹചര്യത്തിന്റെ ഗൗരവം കേരളത്തിലെ ജനങ്ങള്‍ മറന്നുപോകില്ലെന്നും കെകെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. അതിന് മറുപടി പറയേണ്ടത് സര്‍ക്കാരാണ്. നേരത്തെ ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി പറഞ്ഞതാണ്. ഇത് സംബന്ധിച്ച് പ്രതിപക്ഷം ലോകായുക്തക്ക് പരാതി നല്‍കിയപ്പോഴും കാര്യങ്ങള്‍ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യക്തമായി മറുപടി പറഞ്ഞതാണെന്നും കെ കെ ശൈലജ പറഞ്ഞു.

നല്ല ക്ഷാമമുണ്ടായിരുന്നു ആ സമയത്ത് പിപിഇ കിറ്റിന്. ഒരു കമ്പനിയുടെ കൈയിലേ കിറ്റ് ഉണ്ടായിരുന്നുള്ളൂ. അന്ന്, 50000 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ല. ഗുണനിലവാരം കൂടെ കണക്കിലെടുത്തായിരുന്നു ഓര്‍ഡര്‍ നല്‍കിയതെന്നും കെകെ ശൈലജ പറഞ്ഞു.പിപിഇ കിറ്റ് ഇടപാടില്‍ 10.23 കോടി രൂപ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടായി എന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതുവിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും ഇതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest