Connect with us

cover story

ഗുണപാഠങ്ങളുടെ പരിശീലന കാലം

തസ്ബീഹ് നിസ്‌കാരത്തിനും തഹജ്ജുദിനും ഉപ്പ ഞങ്ങളെ പ്രേരിപ്പിക്കുമായിരുന്നു. ഇതുപോലെ തിളക്കമുള്ള റമസാനോര്‍മകള്‍ നമ്മുടെ മക്കള്‍ക്കും പറയാനുണ്ടാകണം. അവർ നമ്മുടെ പേരമക്കള്‍ക്ക് അഭിമാനപൂർവം നമ്മളെ പകര്‍ന്നു കൊടുക്കണം. അങ്ങനെയാണ് പാരമ്പര്യങ്ങള്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. കൂടാതെ വിശുദ്ധ റമസാൻ ഇത്തരത്തിൽ നല്ല സ്വഭാവങ്ങളുടെ രൂപവത്കരണ സമയം കൂടിയാണ്.

Published

|

Last Updated

നോഹരമായ ഓര്‍മകളാല്‍ നിറഞ്ഞതായിരുന്നു കുഞ്ഞുന്നാളിലെ റമസാനുകള്‍. സുബ്ഹ് നിസ്‌കാരവും വിര്‍ദുകളും കഴിഞ്ഞ് ഉദയമായാല്‍ കുറച്ചു സമയം ഉറങ്ങും. ഒമ്പത് മണിയാകുമ്പോള്‍ ഞങ്ങളുടെ വീട്ടിലെ കുട്ടികള്‍ എല്ലാവരും എഴുന്നേറ്റ് കുളിച്ച് ഫ്രഷാകും. പത്ത് മണിയാകുമ്പോഴേക്ക് പള്ളിയിലെത്തല്‍ ഉപ്പക്ക് നിര്‍ബന്ധമാണ്.

അകത്തെ പള്ളിയില്‍ പിന്നിലെ സ്വഫില്‍ ഇരിക്കണം. പിന്നെ ഖുര്‍ആന്‍ പാരായണമാണ്. അസര്‍ നിസ്‌കാരം വരെ നീണ്ടുനില്‍ക്കും. ദിനേനെ അഞ്ചും അതിലേറെയും ജുസ്ഉകളോതും. കുട്ടിക്കാലമാണ് നമ്മളെ രൂപപ്പെടുത്തുന്നത്. ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ ചൊല്ല്. ഈ ഓത്തു ശീലം ജീവിതത്തില്‍ പിന്നീട് പലപ്പോഴും ഉപകാരമായിട്ടുണ്ട്. അസര്‍ നിസ്‌കാര ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങും. നോമ്പു തുറ ലളിതമായിരിക്കും. അമിതമായി ഭക്ഷണം കഴിച്ചാല്‍ അത് തറാവീഹിനെ പ്രതികൂലമായി ബാധിക്കുമെന്ന ഭയമാണ് പ്രധാന കാരണം. തറാവീഹിനു ശേഷം വീട്ടിലെത്തി ഭക്ഷണം കഴിക്കും.

റേഡിയോ തുറന്ന് മക്കത്തെ തറാവീഹ് ശ്രവിക്കും. ഇമാം ഓതുന്നതിനോടൊപ്പം ഓതും. ശേഷം എല്ലാവരെയും ഒന്നിച്ചിരുത്തി ഉപ്പ റമസാനിന്റെ ശ്രേഷ്ഠതകള്‍ വിവരിക്കും: “അല്ലാഹു സത്യവിശ്വാസികള്‍ക്ക് രക്ഷയുടെ കവാടങ്ങള്‍ തുറന്നുവെച്ച മാസത്തെയാണ് നാം സ്വീകരിച്ചിരിക്കുന്നത്. പരലോകത്തിന് വേണ്ടി കൃഷി ചെയ്യാന്‍ ഈ മാസത്തെ ഉപയോഗപ്പെടുത്തണം. ഓരോ നിമിഷവും വിലപ്പെട്ടതാണ്’. തുടങ്ങി ഉപ്പ പറയുന്ന ഉപദേശങ്ങള്‍ ഇപ്പോഴും കാതുകളില്‍ കേള്‍ക്കാം.

തസ്ബീഹ് നിസ്‌കാരത്തിനും തഹജ്ജുദിനും ഉപ്പ ഞങ്ങളെ പ്രേരിപ്പിക്കുമായിരുന്നു. ഇതുപോലെ തിളക്കമുള്ള റമസാനോര്‍മകള്‍ നമ്മുടെ മക്കള്‍ക്കും പറയാനുണ്ടാകണം. അവർ നമ്മുടെ പേരമക്കള്‍ക്ക് അഭിമാനപൂർവം നമ്മളെ പകര്‍ന്നു കൊടുക്കണം. അങ്ങനെയാണ് പാരമ്പര്യങ്ങള്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. കൂടാതെ വിശുദ്ധ റമസാൻ ഇത്തരത്തിൽ നല്ല സ്വഭാവങ്ങളുടെ രൂപവത്കരണ സമയം കൂടെയാണ്. മറ്റൊരർഥത്തിൽ ഗുണപാഠങ്ങളുടെ പരിശീലന കാലമാണ്. പത്തും പതിനെട്ടും ദിവസങ്ങള്‍ കൊണ്ട് ഭാഷാ നിപുണത നേടിത്തരുന്ന സ്ഥാപന പരസ്യങ്ങളും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന വ്യത്യസ്ത കോഴ്‌സുകളുടെ ഡീറ്റെയ്ല്‍സുകളും നമ്മുടെ പരിസരങ്ങളിലും സ്‌ക്രീനുകളിലും നിരന്തരം തെളിയുന്നത് കാണാം.

വര്‍ഷങ്ങളോളം പഠിക്കുകയും ഇംഗ്ലീഷ് ഭാഷയടക്കമുള്ളവയില്‍ ബിരുദം കരസ്ഥമാക്കിയവര്‍ പോലും പലപ്പോഴും ഇത്തരം കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ സ്വീകരിക്കാറുണ്ടെന്നതാണ് മനസ്സിലാകുന്നത്. ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഒരു ഭാഷയും അതിന്റെ പൂർണതയില്‍ പഠിച്ചെടുക്കാന്‍ സാധിക്കില്ല എന്ന ഉറപ്പ് കോഴ്‌സിന് ചേരുന്നതിന് മുമ്പ് തന്നെ അഡ്മിഷനെടുക്കുന്നവര്‍ക്കെല്ലാം ഉണ്ടാകാറുണ്ട്. പിന്നെയും എന്തിനാണ് നാം ആ കോഴ്‌സിന് ചേരുന്നത്. ഈ കോഴ്‌സിലൂടെ ഭാഷാ പഠനം തന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്നും കോഴ്‌സിന് ശേഷവും താനത് തുടരുമെന്നുമുള്ള ഒരുള്‍ വിളിയാണ് നമ്മെ ഇത്തരം പരസ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ചോദന. കോഴ്‌സില്‍ ചേര്‍ന്ന് ഉദ്ദേശിച്ചത് പോലെ മുന്നോട്ടുപോകാന്‍ സാധിച്ചവരും അതേസമയം തീരുമാനം അമ്പേ പരാജയപ്പെട്ടവരുമുണ്ട്.

ഇതുപോലെ, വിശുദ്ധ റമസാന്‍ അതിന്റെ ആത്മീയ പരിപ്രേക്ഷ്യത്തിനപ്പുറം മനുഷ്യന്റെ സ്വഭാവ രൂപവത്കരണത്തിന്റെ ഒരു പരിശീലന കളരിയുടെ ഹ്രസ്വകാലം കൂടെയാണ്. ഈ പരിശീലന കാലം കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ ജീവിതത്തെ അതിന്റെ യഥാർഥ അർഥത്തില്‍ നിന്ന് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സാധിക്കും.