Connect with us

Kerala

കൊച്ചിയില്‍ നടുറോഡില്‍ ബൈക്കുമായി അഭ്യാസപ്രകടനം; യുവാവിന്റെ ലൈസന്‍സും വാഹന രജിസ്‌ട്രേഷനും ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു

യുവാവിന്റെ പിതാവിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍. അതിനാല്‍ പിതാവിനോടും ഹാജരാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

Published

|

Last Updated

കൊച്ചി|കൊച്ചിയില്‍ നടുറോഡില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ ലൈസന്‍സും വാഹന രജിസ്‌ട്രേഷനും ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശി കിരണിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഇടപ്പള്ളി കളമശേരി റോഡില്‍ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയ ബൈക്കുമായി യുവാവ് കറങ്ങി നടന്നത്. അനധികൃതമായി ബൈക്ക് രൂപമാറ്റം വരുത്തുകയും സൈലന്‍സറുകള്‍ മാറ്റി പകരം അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കിരണ്‍ ജ്യോതിക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസ് എടുത്തിരുന്നു.

ബൈക്കിന് പിറകേ പോയ കാര്‍ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സംഭവ ദിവസം വാഹനം ഓടിച്ചിരുന്നത് താനാണെന്ന് കിരണ്‍ ജ്യോതി സമ്മതിച്ചിരുന്നു. ബൈക്ക് എറണാകുളത്തുള്ള സുഹൃത്തിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും കിരണ്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കിരണ്‍ ചെന്നൈയില്‍ വിദ്യാര്‍ത്ഥിയാണ്. യുവാവിന്റെ പിതാവിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍. അതിനാല്‍ പിതാവിനോടും ഹാജരാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.