Connect with us

Ongoing News

കരൗനെയെ അട്ടിമറിച്ച് പ്രഗ്‌നാനന്ദ; ലോക ചെസ് ഫൈനലില്‍

ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനുമായാണ് പ്രഗ്‌നാനന്ദ മാറ്റുരക്കുക. കാന്‍ഡിഡേറ്റ് മത്സരത്തിനും താരം യോഗ്യത നേടി.

Published

|

Last Updated

ബകു (അസര്‍ബെയ്ജാന്‍) | ചെസില്‍ സ്വപ്‌ന തുല്യമായ തേരോട്ടം തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ്ബാബു പ്രഗ്‌നാനന്ദ. ഫിഡെ ലോക കപ്പില്‍ വിസ്മയ താരം ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ലോക മൂന്നാം നമ്പര്‍ അമേരിക്കയുടെ ഫാബിയോ കരൗനെയെ അട്ടിമറിച്ചാണ് പ്രഗ്‌നാനന്ദ കലാശക്കളിക്ക് അര്‍ഹത നേടിയത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനുമായാണ് പ്രഗ്‌നാനന്ദ മാറ്റുരക്കുക. കാന്‍ഡിഡേറ്റ് മത്സരത്തിനും താരം യോഗ്യത നേടി.

നേട്ടങ്ങളുടെ കൊടുമുടിയിലാണ് ഈ യുവതാരം. തനിക്ക് 18 വയസ്സ് തികഞ്ഞ ദിവസം ലോകകപ്പിലെ രണ്ടാം സീഡ് ഹികാരു നകാമുറയെ പ്രഗ്‌നാനന്ദ പരാജയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബോബി ഫിഷറിനും മാഗ്നസ് കാള്‍സനും ശേഷം കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമാവുകയും ചെയ്തു. ലോകകപ്പ് ചെസില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് അവതരിപ്പിക്കപ്പെട്ട ശേഷം ആദ്യമായി ഫൈനലില്‍ പ്രവേശിക്കുന്ന താരമെന്ന നേട്ടവും പ്രഗ്‌നാനന്ദ സ്വന്തമാക്കി. 2000ത്തിലും 2002ലും ലീഗ് കം നോക്കൗട്ട് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വിശ്വനാഥ് ആനന്ദ് ഫൈനലിലെത്തിയിരുന്നു. 24 താരങ്ങളാണ് അന്നത്തെ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തത്.

ലോകകപ്പ് 2023 വനിതാ വിഭാഗത്തില്‍ റഷ്യയുടെ അലക്‌സാന്‍ഡ്ര യുര്‍യെവ്‌ന ഗോറ്യാഷ്‌കിന ചാമ്പ്യനായി. ഫൈനലില്‍ ബള്‍ഗേറിയന്‍ താരം നര്‍ഗ്യുല്‍ സലിമോവയുടെ വെല്ലുവിളിയെ 25 മിനുട്ട് നീണ്ട റാപിഡ് ഗെയിമില്‍ മറികടന്നാണ് ഗോര്യാഷ്‌കിന കിരീടം ചൂടിയത്.

Latest