National
ചന്ദ്രനിൽ നൂറു മീറ്റർ പിന്നിട്ട് പ്രഗ്യാൻ റോവർ; ഇനി 'ഉറങ്ങാൻ' ശ്രമം
ദക്ഷിണധ്രുവ ഗവേഷണത്തിന് പ്രഗ്യാന് മൂന്ന് ദിവസം കൂടി ബാക്കിയുണ്ട്.
ബംഗളൂരു | ചന്ദ്രയാൻ -3 യുടെ പ്രഗ്യാൻ റോവർ ലാൻഡിംഗ് പോയിന്റിൽ നിന്ന് 100 മീറ്റർ ദൂരം പിന്നിട്ടു. വിക്രം ലാൻഡറും റോവറും തമ്മിലുള്ള ദൂരത്തിന്റെ ഗ്രാഫ് ഐഎസ്ആർഒ ശനിയാഴ്ച എക്സിൽ പങ്കിട്ടു. ആദ്യം ലാൻഡറിൽ നിന്ന് പ്രഗ്യാൻ പടിഞ്ഞാറ് ദിശയിലാണ് നീങ്ങിയത്. പിന്നീട് ദിശ മാറി വടക്കോട്ട് നീങ്ങാൻ തുടങ്ങിയതായി ഗ്രാഫിൽ കാണാം.
50×50 സ്കെയിലിന്റെ അടിസ്ഥാനത്തിലാണ് ഐഎസ്ആർഒ ഗ്രാഫ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 101.4 മീറ്റർ ദൂരം റോവർ പിന്നിട്ടു. ഓഗസ്റ്റ് 23 നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയത്. തുടർന്ന് പത്ത് ദിവവസം കൊണ്ടാണ് റോവർ നൂറ് മീറ്റർ ദൂരം പിന്നിട്ടത്. സെക്കൻഡിൽ 1 സെന്റീമീറ്റർ വേഗതയിലാണ് റോവർ നീങ്ങുന്നത്.
14 ദിവസത്തേക്കായിരുന്നു ചന്ദ്രയാൻ മൂന്ന് ദൗത്യം. ഇത് അവസാനിക്കാൻ ആയതോടെ പ്രഗ്യാൻ റോവറിനെയും ലാൻഡറിനെയും സ്ലീപ് മോഡിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കുകയാണെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണധ്രുവ ഗവേഷണത്തിന് പ്രഗ്യാന് മൂന്ന് ദിവസം കൂടി ബാക്കിയുണ്ട്.
ചന്ദ്രനിൽ 14 ദിവസം രാത്രിയും 14 ദിവസം പകലുമാണ്. പകൽസമയത്താണ് ചന്ദ്രയാൻ ചന്ദ്രനിൽ ലാൻഡ് ചെയ്തത്. ലാൻഡറും റോവറും അവയുടെ സോളാർ പാനലുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ചന്ദ്രനിൽ രാത്രിയാകുന്നതോടെ വൈദ്യുതി ഉത്പാദനം നിലക്കും. ഇതോടെ റൊവറിന്റെയും ലാൻഡറിന്റെയും പ്രവർത്തനവും നിലക്കും.
രാത്രിയാകുമ്പോൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ താപനില -100 ഡിഗ്രി സെൽഷ്യസിനു താഴെയാകും. ഇത് ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ ഇടയാക്കും. അതിനാൽ വീണ്ടും 14 ദിവസങ്ങൾക്ക് ശേഷം ചന്ദ്രനിൽ സൂര്യപ്രകാശമെത്തുമ്പോൾ ഇവ പ്രവർത്തിച്ചുകൊള്ളണമെന്നില്ല. അത്ഭുതകരമായി പ്രവർത്തിച്ചാൽ വീണ്ടും 14 ദിവസം പരീക്ഷണങ്ങൾക്ക് ലഭിക്കുകയും ചെയ്യും.