Connect with us

National

ചന്ദ്രയാൻ മൂന്നിലെ വിക്രം ലാൻഡറിന്റെ ചിത്രം പകർത്തി പ്രഗ്യാൻ റോവർ

ചന്ദ്രോപരിതലത്തിലെ നിരപ്പായ സ്ഥലത്ത് വിക്രം ലാൻഡർ നിൽക്കുന്നതും ഇതിലെ പേലോഡുകളായ ചാസ്തേ (ChaSTE), ഇൽസ (ILSA) എന്നിവ ചന്ദ്രോപരിതലത്തിൽ കുത്തിയറക്കി മണ്ണ് പരിശോധന ന ടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

Published

|

Last Updated

ബംഗളൂരു | ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്നിന്റെ പ്രഗ്യാൻ റോവർ വിക്രം ലാൻഡറിന്റെ ആദ്യ ചിത്രം പകർത്തി ഭൂമിയിലേക്ക് അയച്ചു. റോവറിലെ നാവിഗേഷൻ ക്യാമറയായ നാവ് ക്യാം ആണ് ചിത്രം പകർത്തിയത്. ഇലക്‌ട്രോ ഒപ്‌റ്റിക്‌സ് സിസ്റ്റംസ് ലബോറട്ടറിയാണ് റോവറിന്റെ ക്യാമറകൾ വികസിപ്പിച്ചിരിക്കുന്നത്.

ചന്ദ്രോപരിതലത്തിലെ നിരപ്പായ സ്ഥലത്ത് വിക്രം ലാൻഡർ നിൽക്കുന്നതും ഇതിലെ പേലോഡുകളായ ചാസ്തേ (ChaSTE), ഇൽസ (ILSA) എന്നിവ ചന്ദ്രോപരിതലത്തിൽ കുത്തിയറക്കി മണ്ണ് പരിശോധന ന ടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഉപരിതലത്തിലെയും ആഴത്തിലെയും താപനില അളക്കുവാനാണ് ഈ പേലോഡുകൾ ഉപയോഗിക്കുന്നത്.

ഇന്ന് രാവിലെ 7.35നാണ് ചിത്രങ്ങൾ പകർത്തിയത്. പ്രഗ്യാൻ റോവറിനും വിക്രം ലാൻഡറിനും ഇടയിൽ ഒരു ഗർത്തവും ചിത്രത്തിൽ കാണുന്നുണ്ട്. നേരത്തെ സഞ്ചാര വഴിയിൽ ഗർത്തം കണ്ടെത്തിയതിനെ തുടർന്ന് പ്രഗ്യാൻ റോവർ വഴിമാറി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ഐഎസ്ആർഒ പങ്കുവെച്ചിരുന്നു.

ഓഗസ്റ്റ് 23ന് വൈകിട്ട് 6.04നാണ് ചന്ദ്രയാൻ-3ന്റെ ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയത്. ഇത് കഴിഞ്ഞ് നാല് മണിക്കൂറുകൾക്ക് ശേഷം പ്രഗ്യാൻ റോവർ പുറത്തിറങ്ങി. തുടർന്ന് നിർണായകമായ പല വിവരങ്ങളും ചന്ദ്രയാൻ ശാസ്ത്രലോകത്തിന് നൽകി. ചന്ദ്രനിലെ താപനില സംബന്ധിച്ച നിർണായക വിവരങ്ങൾ നേരത്തെ ചന്ദ്രയാൻ കണ്ടെത്തിയിരുന്നു. വിക്രം ലാന്‍ഡറിന്റെ ഭാഗമായ ചന്ദ്രാസ് സര്‍ഫസ് തെര്‍മോഫിസിക്കല്‍ എക്‌സ്പിരിമന്റ് (ചാസ്‌തേ) ശേഖരിച്ച വിവരങ്ങളനുസരിച്ച് ചന്ദ്രോപരിതലത്തിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ എട്ട് സെന്റി മീറ്റര്‍ താഴേയ്ക്ക് പോകുമ്പോള്‍ ഇത് മൈനസ് പത്ത് ഡിഗ്രിയായി കുറഞ്ഞതായും കണ്ടെത്തിയിരുന്നു.

ചന്ദ്ര മണ്ണിൽ സൾഫറിന്റെ സാന്നിധ്യവും ചന്ദ്രയാൻ കണ്ടെത്തി. ചന്ദ്രയാൻ മൂന്നിലെ ലേസർ-ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പി (എൽഐബിഎസ്) ഉപകരണമാണ് ദക്ഷിണധ്രുവത്തിനടുത്തുള്ള ചന്ദ്ര ഉപരിതലത്തിൽ സൾഫറിന്റെ (എസ്) സാന്നിധ്യം സംശയാതീതമായി സ്ഥിരീകരിച്ചതെന്ന് ഐ എസ് ആർ ഒ ഇന്നലെ അറിയിച്ചു. അലൂമിനിയം (Al), ക്രോമിയം (Cr), കാൽസ്യം (Ca), ടൈറ്റാനിയം (Ti) , അയൺ (Fe), മഗ്നീഷ്യം (Mn), സിലിക്കോൺ (Si), ഓക്സിജൻ (O) എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജനായി  (H) തിരച്ചിൽ തുടരുകയാണ്.

ചന്ദ്ര മണ്ണിൽ കാണപ്പെടുന്ന ഓക്സിജൻ നേരിട്ട് ശ്വസിക്കാൻ കഴിയുന്ന തരത്തിലല്ല. ഇത് ഓക്സൈഡ് രൂപത്തിലാണ്. നേരത്തെ നാസയും ചന്ദ്രനിലെ മണ്ണിൽ ഓക്സിജൻ കണ്ടെത്തിയിരുന്നു. രാസ സംയുക്തങ്ങളുടെ ഒരു വിഭാഗമാണ് ഓക്സൈഡ്. അതിന്റെ ഘടനയിൽ മൂലകത്തോടൊപ്പം ഒന്നോ അതിലധികമോ ഓക്സിജൻ ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു. Li2O, CO2, H2O മുതലായവ.

H2O എന്നാൽ വെള്ളം. അതുകൊണ്ടാണ് ഓക്സിജൻ ലഭിച്ചതിന് ശേഷം ISRO ഇപ്പോൾ H അതായത് ഹൈഡ്രജൻ തിരയുന്നത്.