Connect with us

National

ചന്ദ്രനിൽ 'അമ്മ' നോക്കി നിൽക്കെ ഉല്ലസിക്കുന്ന പ്രഗ്യാൻ റോവർ; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ നീങ്ങുന്നതും വഴിയിൽ ഗർത്തമോ മറ്റോ കണ്ടതിനെ തുടർന്ന് സുരക്ഷിത വഴി കണ്ടെത്താൻ കറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

Published

|

Last Updated

ന്യൂഡൽഹി | ചന്ദ്രയാൻ മൂന്നിന്റെ ഭാഗമായ പ്രഗ്യൻ റോവർ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി നീങ്ങുന്ന പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഒ. ചന്ദ്രയാന മൂന്ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി എട്ട് ദിവസം പിന്നിടുമ്പോഴാണ് പുതിയ ദൃശ്യം പുറത്തുവരുന്നത്.

പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ നീങ്ങുന്നതും വഴിയിൽ ഗർത്തമോ മറ്റോ കണ്ടതിനെ തുടർന്ന് സുരക്ഷിത വഴി കണ്ടെത്താൻ കറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അമ്മ നോക്കിനിൽക്കെ ‘ചന്ദമാമ’യുടെ മുറ്റത്ത് ഒരു കുഞ്ഞ് ഉല്ലസിച്ച് കളിക്കുന്നത് പോലേ തോന്നുന്നില്ലെ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ദൃശ്യം ഐഎസ്ആർഒ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചത്. വിക്രം ലാൻഡറിന്റെ ഇമേജർ ക്യാമറയാണ് റോവറിന്റെ മനോഹര ദൃശ്യം പകർത്തിയത്.

റോവറിലെ മറ്റൊരു ഉപകരണം മറ്റൊരു സാങ്കേതികതയിലൂടെ മേഖലയിൽ സൾഫറിന്റെ (എസ്) സാന്നിധ്യം സ്ഥിരീകരിച്ചതായും ഐഎസ്ആർഒ അറിയിച്ചു. ആൽഫ പാർട്ടിക്കിൾ എക്സ്-റേ സ്പെക്ട്രോസ്കോപ്പ് (APXS) ആണ് സൾഫറും മറ്റു ചില ചെറിയ മൂലകങ്ങളും കണ്ടെത്തിയത്.

18 സെന്റീമീറ്റർ ഉയരമുള്ള എപിഎക്സ്എസിനെ ഭ്രമണം ചെയ്യുന്ന ഒരു ഓട്ടോമേറ്റഡ് ഹിഞ്ച് മെക്കാനിസത്തിന്റെ വീഡിയോ ദൃശ്യവും ഐഎസ്ആർഒ പങ്കുവെച്ചിട്ടുണ്ട്.