Connect with us

aathmeeyam

സ്തുതിപാഠകരുടെ ഓമനകൾ

ബഹുമതി കിട്ടാൻ സാധ്യതയുള്ള എല്ലാ അവസരങ്ങളിലും അവർ മുൻപന്തിയിലുണ്ടാകും. കഠിനാധ്വാനം വേണ്ടയിടങ്ങളിൽ നിന്നെല്ലാം അവർ ആരുമറിയാതെ അപ്രത്യക്ഷരാവുകയും ചെയ്യും.

Published

|

Last Updated

കാര്യങ്ങളെ പെരുപ്പിച്ചും പൊലിപ്പിച്ചും പറയുകയെന്നത് ചിലരുടെ ഹോബിയാണ്. ചെറിയ ചെറിയ വിഷയങ്ങൾ പോലും പൊടിപ്പും തൊങ്ങലും വെച്ച് വലുതാക്കി കൊട്ടിഘോഷിക്കുന്നവരുണ്ട്. നിസ്സാര കാര്യങ്ങളെ പർവതീകരിച്ച് വിദ്വേഷവും വെറുപ്പുമുണ്ടാക്കുന്ന പ്രയോഗങ്ങൾ നടത്തി ആളുകളെ തമ്മിൽ അകറ്റുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുണ്ട്. ഭരണാധികാരികളുടെയും മേലുദ്യോഗസ്ഥന്മാരുടെയും മറ്റും പ്രീതിയും പ്രീണനവും പ്രശംസയും നേടിയെടുക്കാൻ മുഖസ്തുതി പറയുന്നവരും സ്തുതിഗീതം പാടുന്നവരുമുണ്ട്. ആത്മപ്രശംസ നടത്തുന്നവരും സ്വന്തത്തെക്കുറിച്ച് വാചാലരാകുന്നവരും “തന്‍പോരിമ’യില്‍ ഊറ്റം കൊള്ളുന്നവരുമുണ്ട്. സാഹചര്യങ്ങൾ അനുയോജ്യമാക്കുന്നതിനും മറ്റുള്ളവരുടെ പരിഗണനയും അംഗീകാരവും നേടുന്നതിനും നുണകൾ പറയുന്നവരും പൊങ്ങച്ചം കാണിക്കുന്നവരും എരിയും പുളിയും ചേർത്ത് പരദൂഷണം നടത്തുന്നവരും അന്യരുടെ കുറ്റവും കുറവുകളും നിത്യ ആഹാരമാക്കുന്നവരുമുണ്ട്. പുതിയ കാലത്തെ പലരെയും ഗ്രസിച്ച ഇത്തരം മാരക രോഗങ്ങളുടെ പരിണിത ഫലങ്ങൾ വളരെ വലുതാണ്.

ഇതെല്ലാം മനുഷ്യന്റെ വ്യക്തിത്വത്തെ തകർക്കുന്നതും സകലമാന നന്മകളുടെയും അടിവേരറുക്കുന്നതും പരലോകത്ത് വമ്പിച്ച പരാജയമുണ്ടാക്കുന്നതുമായ കാര്യങ്ങളാണ്. ഇത്തരം ദുഃസ്വഭാവങ്ങളെ തിരുനബി(സ്വ) അത്യന്തം വെറുക്കുകയും വിരോധിക്കുകയും ചെയ്തിട്ടുണ്ട്.

കണ്ടതും കേട്ടതുമെല്ലാം പെരുപ്പിച്ച് പറയുന്നത് മുഖേനയുണ്ടാവുന്ന ഭവിഷ്യത്തുകളും അവ സൃഷ്ടിക്കുന്ന അപകടകരമായ അനന്തരഫലങ്ങളും പലരും ശ്രദ്ധിക്കാറില്ല എന്നതാണ് യാഥാർഥ്യം. സ്വന്തത്തെ കുറിച്ച് മതിപ്പില്ലാത്തവർ മറ്റുള്ളവരെ ഇകഴ്ത്തുന്നതിൽ തത്പരരായിരിക്കും. അപരന്റെ ന്യൂനതകളെയും പോരായ്മകളെയും ഉയർത്തിക്കാട്ടി താൻ അവരേക്കാളും മെച്ചമാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ അത്തരക്കാർ നടത്തിക്കൊണ്ടിരിക്കും.

ബഹുമതി കിട്ടാൻ സാധ്യതയുള്ള എല്ലാ അവസരങ്ങളിലും അവർ മുൻപന്തിയിലുണ്ടാകും. കഠിനാധ്വാനം വേണ്ടയിടങ്ങളിൽ നിന്നെല്ലാം അവർ ആരുമറിയാതെ അപ്രത്യക്ഷരാവുകയും ചെയ്യും.

കാര്യങ്ങൾ നേടിയെടുക്കുന്നതിന് മുഖസ്തുതി പാടി സുഖിപ്പിക്കുകയെന്നതും സാര്‍വത്രികമാണ്. സ്വന്തത്തെക്കുറിച്ചുള്ള സ്തുതിഗീതം കേട്ട് ആനന്ദിക്കുകയും അതിനുവേണ്ടി വേദി ഒരുക്കുകയെന്നതും ചിലരുടെ വിനോദ വൃത്തിയാണ്. അത്തരക്കാരിൽ വിനയവും എളിമയും എടുക്കപ്പെടുകയും അഹങ്കാരവും സ്വാർഥതയും വർധിക്കുകയും ചെയ്യും. കുട്ടികൾക്ക് ആത്മവിശ്വാസം ലഭിക്കുന്നതിനും പഠന പാഠ്യേതര വിഷയങ്ങൾ മെച്ചപ്പെടുന്നതിനും പ്രശംസ സഹായകമാകും. എന്നാൽ അവർ അർഹിക്കാത്ത പ്രശംസ അമിതമായി നൽകുന്നതു മുഖേന കുട്ടികളിൽ അഹന്ത വളരുകയും അവരുടെ ഭാവി താറുമാറാകുകയും ചെയ്യും.

കളവ് പറയുന്നതു മുഖേനയുണ്ടാവുന്ന ദുര്‍ഗന്ധം കാരണം മാലാഖമാര്‍ മൈലുകൾ മാറി നില്‍ക്കുമെന്ന് തിരുവചനത്തിലുണ്ട്. (തുർമുദി) പരദൂഷണം പറയുകയും അന്യരുടെ കുറവ് അന്വേഷിച്ച് നടക്കുകയും ചെയ്യുന്നവരുടെ കുറവുകള്‍ അല്ലാഹു പിന്തുടര്‍ന്ന് പിടിക്കുകയും അവരെ തന്റെ ഭവനത്തില്‍ വെച്ച് വഷളാക്കുകയും ചെയ്യും (അബൂദാവൂദ്). സ്തുതിപാടകര്‍ തങ്ങള്‍ പുകഴ്ത്തുന്ന വ്യക്തികളെ നശിപ്പിച്ച് കളയുകയാണ് ചെയ്യുന്നതെന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട്. വലിപ്പത്തരം പറയല്‍ അല്ലാഹുവിന്റെ ഐഡന്റിറ്റിയാണെന്നും ആരെങ്കിലും അത് സ്വയം എടുത്തണിയാന്‍ ശ്രമിച്ചാല്‍ അല്ലാഹു അവനെ നരകത്തിലെറിയുമെന്നും ഹദീസിൽ കാണാം. മുഖപ്രശംസ നടത്തുന്നവരെ കണ്ടാല്‍ അവരുടെ മുഖത്ത് മണ്ണ് വാരി എറിയുവിന്‍ എന്നാണ് പ്രവാചക പാഠം. ഒരാള്‍ മൂന്നാം ഖലീഫ ഉസ്മാന്‍(റ)ന്റെ സന്നിധിയില്‍ വന്ന് അദ്ദേഹത്തെ അമിത പ്രശംസ നടത്താന്‍ തുടങ്ങി. അതു കേട്ട മിഖ്ദാദുബ്‌നുല്‍ അസ്‌വദ്(റ) അൽപ്പം മണ്ണ് വാരി അയാളുടെ മുഖത്തിട്ടു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതര്‍(സ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്; സ്തുതിപാഠകരെ കണ്ടാല്‍ അവരുടെ മുഖത്ത് നിങ്ങള്‍ മണ്ണ് വാരിയിടുക.’ (മുസ്‌ലിം)

മനുഷ്യരെ തീരെ വാഴ്ത്തിപ്പാടാനോ പുകഴ്‌ത്തിപ്പറയാനോ പാടില്ല എന്നൊന്നും ഇതിനർഥമില്ല. അനുമോദനം, അംഗീകാരം, അനുകൂല വിലയിരുത്തൽ എന്നിവയെല്ലാം ആവശ്യത്തിനാകാം. മറ്റുള്ളവര്‍ക്ക് ഒരാളെ മനസ്സിലാക്കി കൊടുക്കാനും നന്മയില്‍ അവരെ പിന്തുടരപ്പെടാനും വേണ്ടി അമിതമല്ലാത്ത വിധം പ്രശംസ അനുവദിക്കപ്പെട്ടിട്ടുണ്ട്. അത്തരം സന്ദർഭങ്ങളില്‍ അഹങ്കാരമോ ആത്മനിര്‍വൃതിയോ തോന്നാൻ പാടില്ല. പക്വതയും പാകതയുമുള്ള വിശ്വാസി മുഖസ്‌തുതിയെയും സ്തുതിപാഠനത്തെയും തിരിച്ചറിയത്തക്കവണ്ണം ജാഗ്രതയുള്ളവനായിരിക്കും.